പി. പി. ചെറിയാൻ
ഡിട്രോയ്റ്റ് : വേട്ടക്കാരായ രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചയാളെ രണ്ടു പതിറ്റാണ്ടുകൾക്കുശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. കോൾഡ് വാട്ടറിലെ ജയിലിൽ നിന്നും ഇയാൾ ഫെബ്രുവരി 25 ന് പുറത്തിറങ്ങി.
ജെഫ് ടൈറ്റസിനെ 1990 ൽ നടന്ന ഇരട്ട കൊലപാതകത്തിന്റെ പേരിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജെഫ് വെറ്റ്സിന്റെ വസ്തുവിന് സമീപം ഡഗ് എസ്റ്റേറ്റ്സ്, ജിം ബെന്നറ്റ് എന്നീ രണ്ടു വേട്ടക്കാരാണ് വെടിയേറ്റു മരിച്ചത്. ഈ കേസ്സിൽ 12 വർഷങ്ങൾക്കുശേഷമാണ് ജെഫിനെതിരെ കേസെടുത്തത്.
എന്നാൽ ഈ സംഭവം നടക്കുമ്പോൾ ജെഫ് 27 മൈൽ അകലെ ഒരു സ്ഥലത്ത് മാനിനെ വേട്ടയാടുകയായിരുന്നു എന്നാണ് കോടതിയിൽ വാദിച്ചത്. കോടതി ഇത് അംഗീകരിച്ചില്ല. ജെഫിനെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുമായിരുന്നു. ഇതേ സമയം ഒഹായോയിൽ 5 പേരെ കൊലപ്പെടുത്തിയ കേസിൽ മറ്റൊരു പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. ഇയാൾക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ജയിലിൽ വച്ച് 1990 ൽ താനാണ് രണ്ടു വേട്ടക്കാരെയും കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. 2011 ൽ ഇയാൾ മരിച്ചു. 2012 ൽ കേസ് വീണ്ടും വിചാരണ നടത്തി. ഒടുവിൽ ജെഫിനെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി, ഇദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.