THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, June 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America കേരള റൈറ്റേഴ്സ് ഫോറം പ്രതിമാസ ഭാഷാസാഹിത്യ സമ്മേളനം നടത്തി

കേരള റൈറ്റേഴ്സ് ഫോറം പ്രതിമാസ ഭാഷാസാഹിത്യ സമ്മേളനം നടത്തി

ഹൂസ്റ്റൺ ∙ കേരള റൈറ്റേഴ്സ് ഫോറം പ്രതിമാസ ഭാഷാസാഹിത്യ സമ്മേളനം ഡിസംബർ ഇരുപതാം തിയതി വൈകിട്ട് നടത്തി. ഡോക്ടർ മാത്യു വൈരമൺ അധ്യക്ഷനായിരുന്നു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തിയ യോഗ നടപടികൾ സെക്രട്ടറി ജോസഫ് പൊന്നൊലി നിയന്ത്രിച്ചു. പീറ്റർ പൗലോസ് ആയിരുന്നു മോഡറേറ്റർ. അടുത്തിടെ അന്തരിച്ച മലയാളത്തിലെ സാഹിത്യകാരൻ യു.എ. ഖാദറിനെ അനുസ്മരിച്ചുകൊണ്ട് എ.സി. ജോർജ് സംസാരിച്ചു.

adpost

കൊയിലാണ്ടിയിൽ നിന്ന് ജോലി തേടി പഴയ ബർമയിൽ (മ്യാൻമർ) എത്തിയ മൊയ്തീൻകുട്ടി ബർമ്മ കാരിയെ വിവാഹം ചെയ്തു. ആ ബന്ധത്തിൽ നിന്ന് ഉണ്ടായ പുത്രനാണ് മലയാളത്തിലെ പ്രഗത്ഭനായ ഭാഷാ സാഹിത്യകാരനായി തീർന്ന യു എ ഖാദർ. ഖാദർ കുട്ടിയുടെ ജന്മനാൽ തന്നെ ബർമീസ് മാതാവ് മരണമടഞ്ഞിരുന്നു. ഖാദർ കുട്ടിക്ക് 5 വയസ്സ് ആയപ്പോഴേക്കും ഉപ്പ മൊയ്തീൻകുട്ടി സ്വദേശമായ കൊയിലാണ്ടിയിലേക്ക് മടങ്ങിയെത്തി. ഖാദർ കുട്ടിക്ക് ബർമീസ് മാതാവിന്റെ മുഖച്ഛായ ആയതിനാൽ ബർമീസ് ഭാഷ സംസാരിക്കുന്ന ഒരു ബർമ്മക്കാരനാണോ എന്ന് പലരും സംശയം പ്രകടിപ്പിക്കുകയുണ്ടായി. അങ്ങനെയുള്ളൊരു വ്യക്തിയാണ് മലയാള ഭാഷയിൽ എഴുപതിലധികം കൃതികൾ പിന്നീട് രചിച്ചത്. കോഴിക്കോട് ആകാശവാണിയിൽ യു.എ. ഖാദർ കുറച്ചുകാലം ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ രചനകൾക്ക് കേരളസാഹിത്യ അക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി അടക്കം അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

adpost

ജോൺ തൊമ്മൻ എഴുതിയ “അരി അച്ഛൻ” എന്ന ചെറുകഥ മാത്യു മത്തായി വായിച്ചു. മീനച്ചിലാറിന്റെ തീരത്തുള്ള ഒരു കത്തോലിക്കാ പള്ളിയിലെ വികാരി ഫാദർ മോസസ് വലിയമറ്റം നാട്ടിലെ സാമ്പത്തികമായി താഴെക്കിടയിലുള്ള എല്ലാ പാവങ്ങൾക്കും ജാതിമതഭേദമന്യേ പതിവായി രാവിലെ കഞ്ഞിവെച്ചു കൊടുക്കുമായിരുന്നു. സംഭാവനയായി കിട്ടുന്ന അരി വെച്ച് പാവങ്ങൾക്കു കൊടുക്കുന്ന മാതൃക വൈദികനെ നാട്ടുകാർ “അരി അച്ഛൻ”എന്ന് വിളിച്ചിരുന്നു. ആ അരി അച്ഛന്റെ ജീവിതകഥയാണ് ലളിതമായി ജോൺ തൊമ്മന്റെ തൂലികയിൽ ഇതൾ വിരിഞ്ഞത്.

തുടർന്ന് ജോൺ മാത്യു കിഴക്കും പടിഞ്ഞാറും എന്ന ശീർഷകത്തിൽ എഴുതിയ പ്രബന്ധം കിഴക്ക്-പടിഞ്ഞാറ് ഭൂമിശാസ്ത്രവും ഭൗതികശാസ്ത്രവും സംസ്കാരങ്ങളും സമുന്നയിച്ചുകൊണ്ടു അവതരിപ്പിച്ചു. കിഴക്ക് ആയാലും പടിഞ്ഞാറായാലും ഓരോരുത്തരും എവിടെ നിന്ന് എങ്ങോട്ട് നോക്കുന്നു എന്നും, വിശദമായി എപ്രകാരം അവലോകനം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത് എന്ന പൊതുതത്വവും വികാരവും അദ്ദേഹം പ്രകടമാക്കി.

സമീപകാലത്ത് പ്രത്യേകമായി ഇന്ത്യൻ ഭരണകൂടതലങ്ങളിൽ തലപൊക്കി കൊണ്ടിരിക്കുന്ന ഫാസിസത്തെ കേന്ദ്രബിന്ദു ആക്കി, അതിനെ തന്നെ അവലംബിച്ചുകൊണ്ട് ജോസഫ് തച്ചാറ പ്രബന്ധം വായിച്ചു. ജനാധിപത്യ ഭരണപ്രമാണങ്ങളെയും പ്രക്രിയകളെയും ഭരണഘടനയെ പോലും ദുർവ്യാഖ്യാനം നടത്തി, അതി കൗശലത്തോടെ നിയതമായ തത്വങ്ങളെ വളച്ചൊടിച്ച്, അപ്രസക്തമാക്കിക്കൊണ്ട് ഭൂരിപക്ഷത്തിന്റെ മത മൗലികത ആളിക്കത്തിച്ച്, ഭരണം പിടിച്ചടക്കി ഫാസിസം വിത്തുകൾ പാകുന്ന ഭരണ പ്രവർത്തകർക്കെതിരെ വിരൽ ചൂണ്ടുന്നതായിരുന്നു ആ ലേഖനം.

ഭാഷ സാഹിത്യ രചനകളെ വിലയിരുത്തിയും നിരൂപണം നടത്തിയും ആസ്വദിച്ചും മീറ്റിങ്ങിൽ സംബന്ധിച്ച അനുവാചകരും എഴുത്തുകാരുമായ ജോൺ കുന്തറ, മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, എ. സി. ജോർജ്, ജോസഫ് പൊന്നോലി, ജോർജ് ജോസഫ്, ഡോക്ടർ മാത്യു വൈരമൺ, തോമസ് വർഗീസ്, മാത്യു മത്തായി, റവ ഡോക്ടർ തോമസ് അമ്പലവേലിൽ, പീറ്റർ പൗലോസ്, ബോബി മാത്യു, ബാബു കുരവയ്ക്കൽ, ഡോക്ടർ ബോബി വർഗീസ്, ആനി വർഗീസ്, ഷാജി ഫാംസ്, കുരിയൻ മിയാലിൻ, ടി. ജെ. ഫിലിപ്പ്, ജോൺ തൊമ്മൻ, ജോസഫ് തച്ചാറ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com