ന്യൂയോർക്ക് : അമേരിക്കയിൽ ട്രംപ്- ബൈഡൻ അധികാര വടംവലി മുറുകിയിരിക്കെ മൗനം വെടിഞ്ഞ് പ്രഥമ വനിത മെലാനിയ ട്രംപ്. ക്യാപ്പിറ്റോളിലെ ട്രംപ് അനുകൂലികളുടെ പ്രതിഷേധ പ്രകടനങ്ങൾ നിരാശാജനകവും ആത്മവിശ്വാസം തകർക്കുന്നതുമാണെന്ന് മെലാനിയ പ്രതികരിച്ചു. ഇത്തരം പ്രകടനങ്ങൾ തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണത്തിന് ഇടയാക്കുമെന്നും മെലാനിയ പറഞ്ഞു.

ജനുവരി 20 നാണ് അമേരിക്കയിൽ ബൈഡൻ സർക്കാർ അധികാരത്തിലേറുന്നത്.
ഈ സാഹചര്യത്തിൽ ക്യാപ്പിറ്റോളിൽ കഴിഞ്ഞ ദിവസം വ്യാപക ആക്രമണങ്ങളാണ് ട്രംപ് അനുകൂലികൾ അഴിച്ചുവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. വിഷയത്തിൽ ആദ്യമായാണ് മെലാനിയ ട്രംപ് പരസ്യപ്രതികരണം നടത്തുന്നത്.

വെറ്റ് ഹൗസിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയായിരുന്നു മെലാനിയ ട്രംപിന്റെ പ്രതികരണം. ക്യാപിറ്റോളിൽ നടക്കുന്ന കാര്യങ്ങൾ നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരം ചെയ്തികൾ തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണത്തിന് ഇടയാക്കുമെന്നും മെലാനിയ ബ്ലോഗിൽ കുറിച്ചു. അതേസമയം ട്രംപ് അനുകൂലികൾ എന്ന് പ്രത്യേകം പരാമർശിക്കാതെയായിരുന്നു പോസ്റ്റ്.
രാജ്യത്തെയും ജനങ്ങളെയും സുഖപ്പെടുത്താനുള്ള സമയമാണിത്. ഇത് വ്യക്തിപരമായ നേട്ടങ്ങൾക്കായി പ്രയോജനപ്പെടുത്തരുത്. ക്യാപിറ്റോളിലെ കലാപത്തെ അപലപിക്കുന്നു. അക്രമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മെലാനിയ കൂട്ടിച്ചേർത്തു.