വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കാനുള്ള നീക്കം പ്രതിരോധിച്ച് വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ്. ജോ ബൈഡൻ പ്രസിഡൻ്റായി ചുമതലയേൽക്കാൻ ഒരാഴ്ച സമയം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ ഭരണഘടനയുടെ 25-ാം വകുപ്പ് പ്രയോഗിച്ച് ട്രംപിനെ പുറത്താക്കുന്നത് രാജ്യത്തിൻ്റെ താത്പര്യത്തിനും ഭരണഘടനാ പരമായ മൂല്യങ്ങൾക്കും എതിരാണെന്നും ഹൗസ് സ്പീക്കർ നാൻസി പെലോസിക്ക് എഴുത്തിയ കത്തിൽ മൈക്ക് പെൻസ് വ്യക്തമാക്കി.

ആരോഗ്യപരമായ കാരണങ്ങളാലോ മറ്റു സാഹചര്യങ്ങളിലോ ഒരു പ്രസിഡൻ്റിന് തൻ്റെ ചുമതലകൾ നിർവഹിക്കാനോ പൂർത്തിയാക്കാനോ സാധിക്കാതെ വന്നാൽ മാത്രമാണ് അയാളെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ഭരണഘടനയുടെ 25-ാം വകുപ്പ് ശുപാർശ ചെയ്യുന്നതെന്നും അല്ലാതെ ഒരു ശിക്ഷാ നടപടിയായോ പ്രതികാരമെന്ന രീതിയിലോ 25-ാം വകുപ്പ് എടുത്തു പ്രയോഗിക്കാനാവില്ലെന്നും സ്പീക്കർക്ക് അയച്ച കത്തിൽ മൈക്ക് പെൻസ് വ്യക്തമാക്കുന്നുണ്ട്.

റിപ്പബ്ളിക്കൻ പാർട്ടിയിൽ നിന്നും കനത്ത സമ്മർദ്ദമുണ്ടായിട്ടും എല്ലാ ചട്ടങ്ങളും പാലിച്ചു കൊണ്ട് താൻ ഇലക്ടർമാരുടെ വോട്ടെടുപ്പ് നടത്തിയെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റിയെന്നും മൈക്ക് പെൻസ് ചൂണ്ടിക്കാട്ടുന്നു. 25-ാം വകുപ്പ് പ്രകാരം വൈസ് പ്രസിഡൻ്റും ക്യാബിനറ്റിലെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണയ്ക്കുന്ന പ്രമേയത്തിലൂടെ നിലവിലെ പ്രസിഡൻ്റിനെ നീക്കം ചെയ്യാനും വൈസ് പ്രസിഡൻ്റിനെ ആക്ടിംഗ് പ്രസിഡൻ്റായി പ്രഖ്യാപിക്കാനും സാധിക്കും.
അതേസമയം മൈക്ക് പെൻസ് പിന്തുണച്ചില്ലെങ്കിലും ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി. ട്രംപിനെ ഇംപീച്ച് ചെയ്തു പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.