ന്യൂയോർക്ക്: പഞ്ചാബ് നാഷണൽ ബാങ്ക്(പിഎൻബി) തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരൻ നെഹൽ ദീപക് മോദിക്കെതിരെ അമേരിക്കയിൽ കേസ്. എൽഎൽഡി ഡയമണ്ട് യുഎസ്എ എന്ന് കമ്പനിയിൽ നിന്ന് 1 മില്യൺ ഡോളർ (7.36 കോടി) വിലമതിക്കുന്ന വജ്രങ്ങൾ നേടാൻ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.

എൽഎൽഡി ഡയമണ്ട് യുഎസ്എയിൽ നിന്ന് ക്രഡിറ്റ് നിബന്ധനകൾക്കും മറ്റുമായി 2.6 മില്യൺ ഡോളറിലധികം വിലവരുന്ന രത്‌നങ്ങൾ നെഹൽ മോദി സ്വന്തമാക്കി. വ്യാജ തെളിവുകൾ കാണിച്ച് ഡയമണ്ട് വാങ്ങിയ ശേഷം സ്വന്തം പേരിലാക്കിയെന്നാണ് ആരോപണം.

2015 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുളള സമയത്താണ് തട്ടിപ്പ് നടന്നത്. ന്യൂയോർക്ക് സുപ്രീംകോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡയമണ്ട് വ്യവസായവുമായി ഏറെ ബന്ധമുളള കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് ഉൾപ്പെടെ കമ്പനിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു നെഹലിന്റെ തട്ടിപ്പ്. ഡയമണ്ട് രംഗത്തെ വ്യവസായികൾ വഴിയാണ് എൽഎൽഡി ഡയമണ്ട്‌സ് പ്രസിഡന്റിനെ നെഹൽ പരിചയപ്പെട്ടതും.
പിഎൻബിയിൽ നിന്ന് 13000 കോടി രൂപയോളം വായ്പ്പാ തട്ടിപ്പ് നടത്തി നീരവ് മോദി പ്രതിയായ കേസിലും നെഹൽ മോദി ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ 27-ാം പ്രതിയാണ്. ദുബായിൽ വച്ച് നീരവിനെതിരായ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതാണ് നെഹലിനെതിരായ കുറ്റം.
2018ൽ രാജ്യം വിട്ട നീരവ് മോദി ഒരു വർഷം പിന്നിട്ടതിന് ശേഷമാണ് ലണ്ടനിൽ പിടിയിലാകുന്നത്. നീരവിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇന്ത്യയ്ക്ക് കൈമാറിയാൽ ജീവനൊടുക്കുമെന്നാണ് നീരവിന്റെ ഭീഷണി.