ജോർജിയ: ജോർജിയയിൽ നിന്നും ഉപരിപഠനാർത്ഥം കരീബിയൻ ഐലൻഡിലെ കേമാനിൽ എത്തിയ വിദ്യാർത്ഥി വജെയ റംഗതെ (24) ഗേൾഫ്രണ്ട് സ്കൈലാർ മാക്ക് (18) എന്നിവരെ നിലവിലുള്ള കോവിഡ്-19 റെഗുലേഷൻസ് ലംഘിച്ചതിന് നാലു മാസത്തെ തടവിന് കരീബിയൻ കോടതി ശിക്ഷിച്ചു. ജഡ്ജ് റോജർ ചാപ്പൽ ആണ് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്. 40 ദിവസത്തെ കമ്മ്യൂണിറ്റി സർവീസും 2600 ഡോളർ പിഴയും വിധിച്ച കോടതി വിധി വളരെ ലഘുവാണെന്നും ഉയർന്ന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതിനെ അനുകൂലിച്ചു കൊണ്ടാണ് പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഡിസംബർ 15 ന് ചൊവ്വാഴ്ച വിധി വന്നതിനെത്തുടർന്ന് ഇരുവരെയും ജയിലിലടച്ചു.

നവംബർ 7 നാണ് സ്കൈലാർ മാക്ക് കേയ്മാനിൽ എത്തിയത്. കോവിഡ് മാർഗ നിർദ്ദേശങ്ങൾ അനുസരിച്ചു 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രണ്ടു ദിവസത്തിന് ശേഷം ബോയ്‌ഫ്രണ്ട് പങ്കെടുത്ത ജെറ്റ് സ്കയ് ഇവന്റിൽ പങ്കെടുക്കുന്നതിന്, മാക് അവളുടെ താമസിച്ചിരുന്ന വീട്ടിൽ നിന്നും ലൊക്കേഷൻ കണ്ടെത്തുന്നതിന് അധികൃതർ നൽകിയ ജിയോ ഫെൻസിംഗ് ബ്രേസ്ലെറ്റ് ഊരിവച്ചശേഷം പോയി.

ഇതിനെ തുടർന്ന് ബോയ്‌ഫ്രണ്ടും സ്കൈലാർക്കും 7 മണിക്കൂർ പൊതുജനങ്ങളുമായി ബന്ധപ്പെടുകയും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല എന്നുമാണ് ഇവർക്കെതിരെയുള്ള ചാർജ്. കോവിദഃ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിയമ ഭേദഗതി വന്ന ശേഷം ആദ്യമായാണ് ഇങ്ങനെ ശിക്ഷ വിധിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 12000 ഡോളറും 2 വർഷം വരെ തടവുമാണ് ശിക്ഷ ലഭിക്കുക.
കെയ്മാൻ ഐലൻഡിൽ ആകെ ജനസംഖ്യ 62000 മാത്രമാണെന്നും ഇതുവരെ ഇവിടെ 300 കോവിഡ് കേസുകളും 2 മരണവുമാണ് സംഭവിച്ചിട്ടുള്ളത്.