വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരായ 100 മില്യൺ (10 കോടി) ഡോളറിന്റെ കേസ് യുഎസ് കോടതി തള്ളി. ഇരുവർക്കുമെതിരെ ഹരജി നൽകിയ കശ്‌മീർ ഖലിസ്‌ഥാൻ റഫറണ്ടം ഫ്രണ്ടും മറ്റ് രണ്ട് കക്ഷികളും തുടർച്ചയായി രണ്ട് വാദത്തിനും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി നടപടി. ടെക്‌സസിലെ സതേൺ ഡിസ്‌ട്രിക്‌ട് കോടതി ജഡ്‌ജി ഫ്രാൻസസ് എച് സ്‌റ്റാസിയുടേതാണ് വിധി.

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് എതിരേയായിരുന്നു ഹരജി. ടെക്‌സസിലെ ഹൂസ്‌റ്റണിൽ പ്രധാനമന്ത്രിയുടെ ‘ഹൗഡി മോദി’ പരിപാടി നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഹരജി ഫയൽ ചെയ്‌തത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ പാർലമെന്റ് നടപടി പിൻവലിക്കണമെന്നും നഷ്‌ടപരിഹാരമായി 10 കോടി നൽകണമെന്നും ആയിരുന്നു ഹരജിക്കാരുടെ ആവശ്യം.
