തൊഴില്‍ തട്ടിപ്പിനിരയായി ദുബായില്‍ ദുരിതമനുഭവിക്കുകയായിരുന്ന മലയാളികള്‍ക്ക് സഹായവുമായി അമേരിക്കന്‍ വ്യവസായി. ആറന്മുള സ്വദേശിയായി തോമസ് മൊട്ടയ്ക്കല്‍ ആണ് ഭക്ഷണത്തിനടക്കം ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്ന മലയാളി പ്രവാസികള്‍ക്ക് ജോലി നല്കാന് മുന്നോട്ടുവന്നത്.

ഓസ്ട്രേലിയയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ വാങ്ങി മലയാളി ഏജന്റാണ് കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് തൊഴിലാളികളെ ദുബായില്‍ എത്തിച്ചത്. ദുബായിലെത്തി ഓസ്ട്രേലിയയിലേക്ക് പോകാനായി ഏജന്റ് നല്കിയ ടിക്കറ്റും വിസയുമായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് തങ്ങള്‍ ചതിക്കപ്പെട്ട വിവരം ഇവര്‍ക്ക് മനസിലായത്. എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചതിനെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭക്ഷണത്തിനും താമസത്തിനുമായി ദുരിതമനുഭവിക്കുകയായിരുന്നു.

ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്കന്‍ മലയാളിയും പ്രമുഖ വ്യവസായിയുമായ തോമസ് മൊട്ടയ്ക്കല്‍ ഇവരെ സഹായിക്കാനായി മുന്നോട്ടുവന്നത്. ചതിയില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് ജോലി ഉള്‍പ്പെടെ തങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് ചെയ്യാവുന്ന സഹായങ്ങളെല്ലാം ചെയ്ത് കൊടുക്കുമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തോമസ് മൊട്ടയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. ജോലി ലഭിച്ചെങ്കിലും ഏജന്റിന് കൈമാറിയ തുക തിരികെ കിട്ടാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര സഹായം വേണമെന്നാണ് തട്ടിപ്പിന് ഇരയായവരുടെ ആവശ്യം.