ന്യൂഡല്‍ഹി: കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി അനുവദിച്ച് അമേരിക്ക. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയുടെ തീരുമാനം.

കൊവാക്സിന് പലരാജ്യങ്ങളിലും അംഗീകാരം ലഭിച്ചിരുന്നില്ല. ഇത് പലരുടെയും വിദേശ യാത്രയ്ക്ക് തടസം സൃഷ്ടിക്കുകയും ജോലി നഷ്ടമാകുകയും ചെയ്തിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്.

കഴിഞ്ഞ ജൂലൈയിലാണ് കൊവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ലോകരാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായി അപേക്ഷ നല്‍കിയത്. എന്നാല്‍ കമ്പനിയില്‍ നിന്ന് വിദഗ്ധ സമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ അംഗീകാരം ലഭിച്ചത്.
കൊവാക്സിന്‍ 78% ഫലപ്രദമാണെന്ന് വ്യക്തമാക്കിയ ലോകാരോഗ്യ സംഘടന, ഗര്‍ഭിണികളിലെ സുരക്ഷിതത്വം പരിശോധിക്കാന്‍ പ്രത്യേക പഠനം നടത്തണമെന്നും നിര്‍ദേശിച്ചു. ഇന്ത്യയിലെ 12 കോടി പേരാണ് (ജനസംഖ്യയുടെ 11%) കൊവാക്സിന്‍ സ്വീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന എട്ടാമത്തെ കൊവിഡ് വാക്സിനാണ് ഇന്ത്യയുടെ കൊവാക്സിന്‍.