യു എസിൽ ഫൈസർ വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർ കാര്യമായ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടില്ലെന്ന് അഭിമുഖങ്ങളിൽ വ്യക്തമാക്കി.

അറുപതുകാരനായ ഫെർണാണ്ടോ പൈറസ് അത്യാഹിത വിഭാഗത്തിൽ മുറികൾ വൃത്തിയാക്കുന്ന തൊഴിലാളിയാണ്. വാക്സിൻ സ്വീകരിക്കുമ്പോൾ അസഹ്യമായ കൈ വേദന അനുഭവപ്പെട്ടിരുന്നെങ്കിലും പ്രമേഹവും ആസ്തമയും അലട്ടുന്ന താൻ അതൊരു പ്രശ്നമായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ജീവൻ പണയം വച്ച് മാസങ്ങളോളം ആശുപത്രികളിൽ സേവനം നടത്തിയവരുടെ പ്രതിനിധിയാണ് പൈറസ്. ആദ്യ ഘട്ടത്തിൽ വാക്സിൻ എടുക്കാൻ താല്പര്യമുണ്ടോ എന്ന് മുതലാളി ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഹയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ വെക്‌സ്‌നെർ മെഡിക്കൽ സെന്ററിലെ 35 കാരിയായ ഡോ. മേഴ്‌സി ഡിക്സണും വാക്സിൻ എടുത്തതിൽ സന്തോഷവതിയാണ്. വാക്സിൻ എടുക്കുന്നതിന് മുൻപും ശേഷവും നൈറ്റ് ഷിഫ്റ്റുകളിൽ ജോലിചെയ്യാൻ പ്രയാസം തോന്നിയിട്ടില്ലെന്ന് അത്യാഹിത വിഭാഗത്തിലെ മെഡിസിൻ റെസിഡന്റായ മേഴ്‌സി വിശദീകരിച്ചു.
‘വലത്തെ കയ്യിൽ വാക്സിൻ എടുത്ത ഭാഗത്ത് നീരുപോലെ വന്നെങ്കിലും മറ്റു കുഴപ്പങ്ങളൊന്നുമില്ല. ഇത് രോഗശമനത്തിന്റെ ആദ്യപടിയാണ്. ബ്ലാക്കായ എനിക്ക് വാക്സിൻ ലഭിക്കുമ്പോൾ എന്നെപ്പോലെയുള്ള അനേകം പേർക്കത് പ്രചോദനമാകും. വാക്സിൻ വിതരണത്തിൽ വേർവ്യത്യാസങ്ങൾ ഇല്ലെന്നത് അനേകം കുടുംബങ്ങൾക്ക് ആശ്വാസമാകും’ അവർ കൂട്ടിച്ചേർത്തു.
ഫാർമസിസ്റ്റായ തോണ്ടൻ പറഞ്ഞത് ‘ ചിലരിൽ വാക്സിൻ എടുക്കുമ്പോൾ പനി , വിറയൽ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമെന്ന് ഞാൻ വായിച്ചിരുന്നു. എനിക്ക് അങ്ങനെ ഒന്നും അനുഭവപ്പെട്ടില്ല. ചിലർ തലവേദന തോന്നിയെന്ന് പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ എന്തുകൊണ്ടും നല്ല അനുഭവമായിരുന്നു’ എന്നാണ്.