വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ വൈറ്റ് ഹൗസ് അപലപിച്ചു. റിപ്പോർട്ടർമാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകിയാണ് വിഷയത്തിൽ പ്രതികരിച്ചത്. ഡെയിലി ന്യൂസ് കോൺഫറൻസിനിടെയാണ് ജെൻ സാകിയുടെ പ്രതികരണം.

എന്തിനെയും തകർക്കുന്നതിനെ ഞങ്ങൾ അനുകൂലിക്കുന്നില്ല. വീക്ഷണങ്ങളിലും മൂല്യങ്ങളിലുമുള്ള വ്യത്യസ്തത ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷേ എല്ലാവരും മറ്റുള്ളവരെ ബഹുമാനിക്കണം. നമ്മുടെ തത്വങ്ങൾക്കനുസരിച്ച് ഈ പട്ടണത്തെ എല്ലാവർക്കും ജീവിക്കാൻ ഉതകുന്നതാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാ താമസക്കാരുടെയും സുരക്ഷിതത്വം ഞങ്ങൾ പരിഗണിക്കുന്നു. തകർക്കൽ അക്രമവും ഈ സുരക്ഷിതത്വത്തെ തകർക്കുന്നതുമാണ്.”- പ്രസ്താവനയിൽ ജെൻ സാകി പറഞ്ഞു.

രണ്ട് ദിവസം മുൻപാണ് ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തിയത്. വടക്കൻ കാലിഫോർണിയയിലെ ഡേവിസ് സിറ്റിയിലുള്ള 300 കിലോയോളം തൂക്കവും ആറടി ഉയരവുമുള്ള വെങ്കല പ്രതിമ ആരോ തകർക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.