വെർജീനിയ: വിജയത്തില്‍ വികാരഭരിതനായി വെര്‍ജീനിയയിലെ നിയുക്ത ഗവര്‍ണര്‍ ഗ്ലെന്‍ യങ്കിന്‍. ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ടെറി ക്കോലിഫിനെ പരാജയപ്പെടുത്തി അപ്രതീക്ഷിത വിജയമാണ് ഗ്ലെന്‍ യങ്കിന്‍ സ്വന്തമാക്കിയത്. വിജയപ്രഖ്യാപനത്തിന് ശേഷം ആഹ്‌ളാദ പ്രകടനവുമായി തടിച്ചുകൂടിയ റിപ്പബ്ലിക്കന്‍ അനുഭാവികളെ അഭിസംബോധന ചെയ്യവേ വികാര ഭരിതനായ യങ്കിന്‍ തന്റെ വിജയത്തെ നിര്‍ണ്ണായക നിമിഷം എന്നാണ് വിശേഷിപ്പിച്ചത്.

സ്‌കൂളുകളില്‍ കൂടുതല്‍ നവീകരണങ്ങള്‍ നടത്തുമെന്ന് ജനക്കൂട്ടത്തിനുമുമ്പില്‍ നടത്തിയ തന്റെ വിജയ പ്രസംഗത്തില്‍, യങ്കിന്‍ പറഞ്ഞു. പ്രായമായ നമ്മുടെ മാതാപിതാക്കളെ കൂടുതല്‍ ചേര്‍ത്തു പിടിക്കണമെന്നും അവരെ അവഗണിക്കരുതെന്നും യങ്കിന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ യൂറോപ്പിലുള്ള പ്രസിഡന്റ് ജോ ബൈഡന്‍ തിരികെ യുഎസിലേക്ക് എത്തുമ്പോള്‍ കാലെടുത്ത് വെക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിലേക്കായിരിക്കുമെന്നും യങ്കിന്‍ പറഞ്ഞു.

അതേസമയം വെര്‍ജീനിയയില്‍ മക്കോലിഫ് വിജയിക്കുമെന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്‍ അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കാള്‍ പത്ത് ശതമാനം വോട്ടുകള്‍ അധികം നേടിയാണ് ബൈഡന്‍ വെര്‍ജീനിയയില്‍ വിജയിച്ചത്. എന്നാലിത്തവണ വെര്‍ജീനിയ ഒരു തുടക്കം മാത്രമാണെന്ന് റിപ്പബ്ലിക്കന്‍സ് അവകാശപ്പെട്ടു. ബൈഡന്റെ ഭരണത്തകര്‍ച്ചയിലുള്ള ജനങ്ങളുടെ പ്രതികരണമാണ് വിര്‍ജീനിയയിലെ വിജയമെന്നും റിപ്പബ്ലിക്കന്‍സ് പ്രതികരിച്ചു. ട്രംപിന്റെ വിശ്വസ്തനാണ് ഗ്ലെന്‍ യങ്കിന്‍.