THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Articles അമരക്കാരനായി സുധാകരൻ

അമരക്കാരനായി സുധാകരൻ

തുടർച്ചയായി രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യത്തോടെ കെപിസിസിയുടെ പുതിയ അമരക്കാരനായി കെ. സുധാകരൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസിൻറെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു പരിഹാരം നേതൃമാറ്റമാണ് എന്നു വിശ്വസിക്കുന്നവരെല്ലാം സുധാകരൻറെ നിയമനത്തെ സ്വാഗതംചെയ്യുന്നു. കണ്ണൂരിൻറെ തനതുശൈലിയിൽ പയറ്റുന്ന സുധാകരൻറെ പോരാട്ടവീര്യം പാർട്ടിക്കു കരുത്തുപകരുമെന്ന് അവർ വിശ്വസിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ തളർന്നുപോയ കോൺഗ്രസിൻറെ അണികൾക്ക് ഉത്തേജനം പകരാൻ സുധാകരൻറെ പ്രവർത്തനശൈലി വലിയൊരളവോളം സഹായിക്കുമെന്നു തീർച്ചയാണ്. രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പ്രതിപക്ഷനേതാവാക്കിയ പരീക്ഷണത്തിൻറെ തുടർച്ചയായിട്ടാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയിരിക്കുന്നത്. ഈ പരീക്ഷണം വിജയിക്കുമോ എന്നതിനു മറുപടി നൽകേണ്ടതു കാലമാണ്.
ഹൈക്കമാൻഡ് നാമനിർദേശംചെയ്തുവെന്ന് സാങ്കേതികമായി പറയാമെങ്കിലും ഒരർഥത്തിൽ പൂർണ ജനാധിപത്യപരമായ തിരഞ്ഞെടുപ്പാണ് കെ.പി.സി.സി. പ്രസിഡന്റിന്റെ കാര്യത്തിൽ ഇപ്പോഴുണ്ടായത്. സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളുമായി ഒന്നിലേറെത്തവണ ആലോചിച്ചും പ്രവർത്തകരിൽനിന്ന് ലഭിച്ച സന്ദേശങ്ങളിലെ താത്പര്യം ഉൾക്കൊണ്ടുമാണ് കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റായി നിയോഗിച്ചതെന്നാണ് വിവരം. എല്ലാ ഘടകങ്ങളുടെയും സമ്മേളനങ്ങൾ കൃത്യമായി നടത്തി ഭാരവാഹികളെ യഥാസമയം ജനാധിപത്യപരമായി തിരഞ്ഞെടുക്കാൻ കഴിയുന്ന നിലയിലേക്ക് കോൺഗ്രസിനെ കേരളത്തിലെങ്കിലും എത്തിക്കാൻ കെ. സുധാകരന് കഴിഞ്ഞാൽ താഴെത്തട്ടിൽ സംഘടനയെ സചേതനമാക്കാനാകും.
എന്നാൽ, കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനു നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൻറെ കാരണങ്ങളനവധിയാണെന്നാണ് മനസിലാക്കേണ്ടത്. കക്ഷികൾ വിട്ടുപോയി മുന്നണി ദുർബലമായതും മധ്യകേരളത്തിൽ െ്രെകസ്തവരടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ അകന്നതും യുഡിഎഫിൻെറ തകർച്ചയുടെ പ്രധാനകാരണങ്ങളിൽ ചിലതാണ്. തലമുറമാറ്റംകൊണ്ടോ മാത്രം പരിഹരിക്കപ്പെടുന്നതാണോ കേരളത്തിലെ കോൺഗ്രസിൻറെ ദൗർബല്യം എന്ന കാതലായ ചോദ്യവും ബാക്കിയാണ്.
ഏതായാലും, വിദ്യാർഥിരാഷ്ട്രീയംമുതൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയ, അരനൂറ്റാണ്ടിലേറെ നേതൃപാരമ്പര്യമുള്ള നേതാവാണ് കെ. സുധാകരൻ. നിയമസഭാംഗവും മന്ത്രിയും പാർലമെന്റംഗവുമെന്ന നിലയിൽ പരിചയസമ്പന്നനാണ്. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ക്ഷീണമകറ്റി പക്വതയോടെ, ഊർജസ്വലമായി മുന്നോട്ടുനയിക്കുയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സുധാകരനിൽ നിക്ഷിപ്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments