THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Articles 'പോരാളി ഷാജി'മാരുടെ മറവിൽ തിരിവ് സൂക്ഷിക്കുക

‘പോരാളി ഷാജി’മാരുടെ മറവിൽ തിരിവ് സൂക്ഷിക്കുക

ജെയിംസ് കൂടൽ

 ‘രാജാവിനേക്കാൾ വലിയ രാജ്യഭക്തി’ കാണിക്കുന്ന ചിലരുണ്ട് . ‘അധികമായാൽ അമൃതും വിഷം ആണെ’ന്നാണല്ലോ അപ്പോൾ വിഷംതന്നെ വീണ്ടും വീണ്ടും അധികമായാലോ ? അങ്ങനെ ഒന്നാണ് ഇപ്പോൾ ‘പോരാളി ഷാജി’ക്ക് വന്നു ഭവിച്ചിരിക്കുന്നത്. സൈബർ ഇടങ്ങളിൽ സിപിഎമ്മിന് വേണ്ടി പോരടിച്ചിരുന്ന ‘പോരാളി ഷാജി’യെകൊണ്ട് പാർട്ടിക്കാർതന്നെ സഹികെട്ടു.  സിപിഎമ്മിനു വേണ്ടി വാദിക്കുമ്പോഴും സുഡാപ്പി, തീവ്രവാദ അനുകൂല നിലപാട് എടുക്കാൻ ബദ്ധശ്രദ്ധനായിരുന്നു ‘പോരാളി ഷാജി’. അതോടൊപ്പം ഫ്‌ളേവറിനായി കുറച്ച് ജാതി.. കുറച്ച് സവർണ വിരോധം.. കൂടിച്ചേർക്കും.. അതുകൊണ്ടെന്താ സമൂഹമാധ്യമങ്ങളിൽ പിന്തുണ ‘ശറ പറാ’ന്ന് ഒഴുകിയെത്തി. എന്നുവച്ചാൽ ഏഴര ലക്ഷത്തിലധികം ഫോളോവേഴ്‌സ് .. അങ്ങനെ പൂണ്ട് വിളയാടി കഴിഞ്ഞിരുന്നപ്പോഴാണ് സിപിഎം നേതൃത്വം തന്നെ ഇടപെട്ട് ഷാജിക്ക് മൂക്കുകയർ ഇട്ടത്.  പോരാളി ഷാജി ഫേസ്ബുക്ക് പേജുമായി സിപിഎം നേതൃത്വം അടിച്ചുപിരിഞ്ഞു. ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീമിനെ രൂക്ഷഭാഷയിൽ വിമർശിക്കുകയും കെ.കെ.ഷൈലജയെ മന്ത്രിസഭയിൽനിന്നു തഴഞ്ഞതിനെതിരെ പോസ്റ്റുകളിടുകയും ചെയ്തതോടെയാണ് പോരാളി ഷാജിയെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിർദേശവുമായി പാർട്ടി നേതൃത്വം രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായിക്കുന്‌പോൾ കനത്ത പിന്തുണയായിരുന്നു പോരാളി ഷാജിയുടേത്. എന്നാൽ, മന്ത്രിമാരെ തീരുമാനിക്കുന്ന വേളയിൽ കെ.കെ. ഷൈലജയെ തഴഞ്ഞതോടെ പാർട്ടി നേതൃത്വത്തിനെ ശക്തമായി തിരിഞ്ഞു. ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീം ഒരു ചാനലിൽ ‘പോരാളി ഷാജി’ക്കു പാർട്ടിയുമായും ഡിവൈഎഫ്‌ഐയുമായും ബന്ധമില്ലെന്നു പറഞ്ഞതോടെ ‘പോരാളി ഷാജി’ തികച്ചും ‘പിതൃശൂന്യ’നായി. കെ.കെ.ശൈലജയെ നീക്കിയതു സംബന്ധിച്ചു ചാനലുകളിൽ ചർച്ച നടന്നപ്പോൾ ‘പോരാളി ഷാജി’ക്കുപോലും എതിരഭിപ്രായമുണ്ടല്ലോ എന്ന ചോദ്യം വന്നതോടെയാണ് റഹീമിനു പോരാളി ഷാജിയെ തള്ളിപ്പറയേണ്ടി വന്നത്. പാർട്ടിക്കോ ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടനയ്‌ക്കോ ‘പോരാളി ഷാജി’യെന്ന ഗൂഢസംഘവുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു റഹീമിന്റെ വാദം. ‘പോരാളി ഷാജി’യുടെ പേര് ചർച്ചയിൽ പരാമർശിച്ചതുതന്നെ തെറ്റായിപ്പോയെന്ന രീതിയിൽ റഹീം നിലപാടെടുക്കുകകൂടി ചെയ്തതോടെ നിയന്ത്രണം വിട്ട് ‘പോരാളി ഷാജി’ റഹീമീനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

പോരാളി ഷാജിയുടെ പോസ്റ്റ്: ”വല്ലാതെ അഹങ്കരിക്കരുത് റഹീമേ…പാർട്ടിക്കു വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല.. ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല. ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ മുഖമില്ലാത്ത, അറിയപ്പെടാൻ താൽപര്യമില്ലാത്ത, പാർട്ടി ആജ്ഞയ്ക്കായി കാത്തുനിൽക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാർത്തകളും പ്രചരിപ്പിക്കുന്ന, പാർട്ടി പറയുന്നതിന് മുൻപേ ശത്രുക്കൾക്ക് മുൻപിൽ പ്രതിരോധം തീർക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്. അവരാണ് ഈ വിജയത്തിന് പിന്നിൽ.. അല്ലാതെ മാസ ശമ്പളം വാങ്ങി കംപ്യൂട്ടറിൽ മാസത്തിൽ പത്ത് കളർ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടർമാരല്ല. ഞാൻ വെല്ലുവിളിക്കുകയാണ് റഹീമേ. പാർട്ടി പണം ചെലവാക്കി നിലനിർത്തുന്ന ഒഫിഷ്യൽ പേജുകളെക്കാളും കോടികൾ ചെലവിട്ട് വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ പ്രചാരങ്ങളേക്കാളും നൂറിരട്ടി ഗുണം ഈ പേജിൽനിന്നു കിട്ടിയിട്ടുണ്ട്. വികസനവും നന്മയും പറഞ്ഞ് ആയിരം ഇരട്ടി പോസ്റ്റുകൾ ഈ പേജിലൂടെ മലയാളികൾ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്. കോടാനുകോടി ചെലവിട്ട് നിങ്ങൾ നടത്തിയ ഓൺലൈൻ ഗുസ്തികളെക്കാൾ ആയിരം ഇരട്ടി പേരിലേക്ക് ഇടതുപക്ഷം ചെയ്ത കാര്യങ്ങൾ എയർ ചെയ്യാൻ ഈ പേജിന് കഴിഞ്ഞിട്ടുണ്ട്. അതും നിങ്ങളിൽ നിന്ന് ഒരു പത്തു പൈസ പോലും ഓശാരം വാങ്ങാതെ റഹീമിന് അത് ഏത് അളവുകോൽ വച്ചു വേണമെങ്കിലും പരിശോധിക്കാം… പിന്നെ വിമർശനം. തെറ്റ് കണ്ടാൽ വിമർശനം വരും റഹിമേ..എന്റേത് ഉൾപ്പെടെ ഇവിടെയുള്ള ലക്ഷകണക്കിന് പ്രൊഫൈലുകൾ അനുഭാവികളുടേതാണ്. അവരും ഞാനും നിങ്ങളിൽനിന്ന് പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല. ഉണ്ടോ..?? അതുകൊണ്ട് വിയോജിപ്പുകൾ തീർച്ചയായും പറയും. വിയോജിപ്പുകൾ ഇല്ലാതെ എല്ലാ ഏമാന്മാരും ‘സ.. സ.. സ’ മൂളി രണ്ട് സ്‌റ്റേറ്റിലെ ഇടതു പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ. അത്രയും കിട്ടിയത് പോരെ? നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്ന് വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ? പാർട്ടി ദ്രോഹികൾ ആവുമോ? എനിക്ക് റഹീമിന്റെ ഒരു ഗുഡ് സർട്ടിഫിക്കറ്റും വേണ്ട. പാർട്ടിയുടെ ശമ്പളവും വേണ്ട. പറയാനുള്ളത് പറയും. നന്മകൾ പ്രചരിപ്പിക്കുകയും ചെയ്യും. അപ്പോ ശരി…’ അപ്പൊ ശരി’ എന്നു കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ സിപിഎമ്മിൻറെ അനൗദ്യോഗിക സൈബർ പോരാളിയായിരുന്നു പോരാളി ഷാജി. എന്നാലിപ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ പോസ്റ്റുകളെ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് അണികൾക്കു പാർട്ടി നേതൃത്വം നൽകിയ നിർദേശം. അതോടെ സിപിഎമ്മിന്റെ സൈബർ മുഖമായിരുന്ന ‘പോരാളി ഷാജി’യെ കൂട്ടത്തോടെ സൈബർ സഖാക്കൾ അൺഫോളോ ചെയ്തു.

റഹീമിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റും’ പാർട്ടിയുടെ ശമ്പളവും തനിക്കു വേണ്ടെന്നു പറഞ്ഞ് ഷാജി വെല്ലുവിളി ഉയർത്തിയതിനു പിന്നാലെ ‘വി ലവ് സിപിഎം’ ഉൾപ്പെടെയുള്ള പേജുകളും സൈബർ സഖാക്കളും ‘പോരാളി ഷാജി’ പേജ് ഡിസ്‌ലൈക്ക് ചെയ്യാൻ ആവശ്യപ്പെട്ട് പോസ്റ്റുകളിട്ടു. ‘പോരാളി ഷാജി’യെ തെറിവിളിച്ചുകൊണ്ടും സഖാക്കൾ പോസ്റ്റുകളിട്ടു.  ഏഴരലക്ഷത്തോളം ഫോളോവേഴ്‌സുണ്ടായിരുന്ന ‘പോരാളി ഷാജി’ പേജിലെ ഫോളോവർമാരിൽ  ഏറിയപങ്കും  നേതൃത്വ ആഹ്വാനം വന്ന് ആദ്യ മൂന്നു മണിക്കൂറിനിടെത്തന്നെ ഡിസ്‌ലൈക്കടിച്ചു.

ഇതിനിടെ,  പോസ്റ്റുകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയതോടെ പോരാളി ഷാജിയെ നേരിട്ടുകണ്ടെത്താൻ പാർട്ടി ശ്രമം തുടങ്ങിയിരുന്നുവത്രെ. വേണമെങ്കിൽ രണ്ടു പൊട്ടിക്കാനും. എന്നാൽ, പോരാളി ഷാജി കണ്ണൂർ ജില്ലയിൽ ഉൾപ്പെടെയുള്ള ചില നേതാക്കളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാർട്ടി അണികളുടെ രഹസ്യകൂട്ടായ്മയാണെന്നതു പരസ്യമായ രഹസ്യമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഷൈലജയെ മന്ത്രിസ്ഥാനത്തുനിന്നു തഴഞ്ഞപ്പോൾ കണ്ണൂരിലെ പി.ജെ. ആർമി ഗ്രൂപ്പിലും പോരാളി ഷാജി പോസ്റ്റിട്ടിരുന്നു. ചെങ്കൊടിയുടെ പശ്ചാത്തലത്തിൽ കെ.കെ. ഷൈലജയുടെ ഫോട്ടോ സഹിതമായിരുന്നു പോസ്റ്റിട്ടത്. ‘ടീച്ചർക്ക് ഒരു അവസരം കൂടി കൊടുത്തുകൂടെ’ എന്ന വാചകത്തോടൊപ്പം ഹാഷ് ടാഗ് ഇട്ടു കൊണ്ട് പാർട്ടി വിമതരല്ല, പാർട്ടിക്ക് ഒപ്പം തന്നെ എന്നും രേഖപ്പെടുത്തിയായിരുന്നു പോസ്റ്റ്. ഇതിൽ പാർട്ടിയുടെ തിരുത്തൽ ശക്തിയാകുമെന്ന സൂചനയും നൽകിയിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് കുറ്റിയാടിയിലെ സ്ഥാനാർഥിത്വം സംബന്ധിച്ചുള്ള പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് സ്ഥാനാർഥിയെ മാറ്റിയത് ഓർമപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പോസ്റ്റ് ”കുറ്റിയാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയെയും തിരികെ വിളിക്കണം. അമ്മ മനസുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണെന്നു” പറഞ്ഞുകൊണ്ടായിരുന്നു  പോസ്റ്റ് അവസാനിപ്പിച്ചത്.

കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജനുമായി ബന്ധമുള്ളവരാണ് പി.ജെ ആർമി എന്ന ഗ്രൂപ്പിലുള്ളതെന്ന് പറയുന്നുണ്ടെങ്കിലും ഈ ഗ്രൂപ്പുമായി പാർട്ടിക്കോ തനിക്കോ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് പി. ജയരാജൻ പി.ജെ. ആർമിയെ തള്ളിയിരുന്നു. എന്നാൽ കെ.കെ. ഷൈലജയുമായി ബന്ധപ്പെടുള്ള പോസ്റ്റിലെ ഒരു കമൻറിൽ ഇത്തരം പോസ്റ്റുകൾ കൊണ്ട് നമുക്കോ നമ്മുടെ ആദരണീയനായ സഖാവ് പി.ജെയ്‌ക്കോ ഒരു ഗുണവും ഉണ്ടാവില്ലെന്നും ദോഷമായേ വരികയുള്ളൂ എന്നുമുള്ള രീതിയിലെ കമൻറുകളും ഉണ്ടായിരുന്നു.

ഏതായാലും പോരാളി ഷാജി ഇരുളിൽ തന്നെ..

വാൽക്കഷണം

പിണറായി വിജയൻ കഴിഞ്ഞ തവണ സ്ഥാനമേറ്റപ്പോൾ തനിക്ക്ചുറ്റും ‘അവതാര’ങ്ങളെ ഒന്നും വളർത്തില്ല എന്ന് പറഞ്ഞിരുന്നു. പക്ഷേ, പിന്നീട് കണ്ടത് ‘അവതാര’ങ്ങളുടെ ഘോഷയാത്രയാണ്.

അങ്ങനെയെങ്കിൽ ഒരു ലോഡ് ‘പോരാളി ഷാജി’ മാരെ എങ്കിലും ഇനിയും സൈബറിടങ്ങളിൽ കണ്ടറിയാൻ ഇരിക്കുന്നു. പാർട്ടിതന്നെ..

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments