കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നാല് ദിവസം കസ്റ്റഡിയില്‍ വേണമെന്നുമുള്ള വിജിന്‍സിന്റെ ഹര്‍ജിയും ചൊവ്വാഴ്ചത്തേക്ക് ഷെഡ്യൂള്‍ ചെയ്തു. ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിരി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

ഇബ്രാഹിം കുഞ്ഞ് സാമ്പത്തിക ലാഭമുണ്ടാകുകയും സര്‍ക്കാരിന് നഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നുമാണ് വിജിലന്‍സ് സംഘം കോടതിയെ അറിയിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് വിജിലന്‍സ് ഇക്കാര്യം ബോധിപ്പിച്ചത്. മുന്‍മന്ത്രിക്ക് കോഴ ലഭിച്ചോ എന്ന് സംശയമുണ്ട്. നികുതി വെട്ടിച്ച രേഖകള്‍ വീട്ടില്‍ നിന്ന് ലഭിച്ചു.

കരാര്‍ ലഭിക്കാന്‍ ചില ഗൂഢാലോചന നടന്നിട്ടുണ്ട്. പത്രത്തിലെ അക്കൗണ്ടിലെത്തിയ പണം എവിടെ നിന്ന് കിട്ടി എന്നത് സംബന്ധിച്ച് അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല. ഇബ്രാഹിം കുഞ്ഞിന് കമ്മീഷന്‍ ലഭിച്ചോ എന്നും സംശയമുണ്ടെന്നും അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചു.
14 ദിവസം റിമാന്റ് ചെയ്തിരിക്കുന്ന ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ ലേക് ഷോര്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികില്‍സയിലാണ്. പാലം നിര്‍മാണത്തിന് അനുമതി നല്‍കുക മാത്രമാണ് ചെയ്തത്. കോഴ വാങ്ങിയിട്ടില്ലെന്നും ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. അതേസമയം, കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷും പ്രതിയായേക്കും. വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നു എന്നാണ് ഇദ്ദേഹത്തിനെതിരെ ഉയരുന്ന ആക്ഷേപം.
ബുധനാഴ്ച രാവിലെയാണ് വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ കാണാതായപ്പോള്‍ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു.വിജിലന്‍സ് ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാന്റ് നടപടി പൂര്‍ത്തിയാക്കിയത്. റിമാന്റ് ചെയ്‌തെങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണ് അദ്ദേഹം.
ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ചത് കേസിലെ മറ്റൊരു പ്രതിയായ ടിഒ സൂരജിന്റെ മൊഴിയാണ്. കേസിലെ അഞ്ചാം പ്രതിയാണ് കുഞ്ഞ്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജ്, കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്‌സ്ട് എംഡി സുമതി ഗോയല്‍, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്‌സ് ആന്റ് ബ്രഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പേറഷന്‍ കേരള അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.