ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് സ്‌പെഷല്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരപ്രദേശവും ആഴക്കടലും തീറെഴുതാന്‍ ഇടതു സര്‍ക്കാര്‍ എടുത്ത തീരുമാനം പൊളിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നതോടെ അമേരിക്കന്‍ കമ്പനി ഇ.എം.സി.സിയുമായുള്ള കരാര്‍ റദ്ദാക്കിയെങ്കിലും മറുപടി പറയേണ്ട ചോദയങ്ങള്‍ ഇനിയും ബാക്കി. 5000 കോടിയുടെ കരാര്‍ റദ്ദായെങ്കിലും മത്സ്യനയത്തിലെ പ്രഖ്യാപനങ്ങള്‍ക്കു വിരുദ്ധമായി ഇ.എം.സി.സിക്ക് ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി മുന്നോട്ടു പോകാനും സര്‍ക്കാരുമായി ധാരണാപത്രങ്ങള്‍ ഒപ്പിടാനും കഴിഞ്ഞത് എങ്ങനെയെന്ന് ഇനിയും വ്യക്തമാക്കപ്പെടേണ്ടതുണ്ട്.

ഇ.എം.സി.സി വ്യാജ സ്ഥാപനമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം 2019 ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതിയുമായി മുേന്നാട്ട് പോയതും 2020 ഫെബ്രുവരിയില്‍ ധാരണാപത്രം ഒപ്പിട്ടതും എങ്ങനെയെന്നും ദുരൂഹമാണ്. വ്യാജമെന്നു റിപ്പോര്‍ട്ടുള്ള സ്ഥാപനത്തിന് 2021 ഫെബ്രുവരി മൂന്നിന് ചേര്‍ത്തല പള്ളിപ്പുറം മെഗാ ഫുഡ് പാര്‍ക്കില്‍ നാലേക്കര്‍ ഭൂമി എങ്ങനെ അനുവദിക്കപ്പെട്ടുവെന്നതിന്റെ വസ്തുതകളും പുറത്തു വരേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ മത്സ്യനയത്തിന് വിരുദ്ധമായി കെ.എസ്.ഐ.എന്‍.സി (കേരള ഷിപ്പിംഗ് & ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍) ഫെബ്രുവരി രണ്ടിന് ഇ.എം.സി.സിയുമായി ധാരണാപത്രം ഒപ്പുവച്ചത് സര്‍ക്കാരിന്റെ പത്രക്കുറിപ്പായി പുറത്തുവന്ന ശേഷമെങ്കിലും ഫിഷറീസ് വകുപ്പ് കണ്ണടച്ചിരുട്ടാക്കിയെന്നതും കാണേണ്ടതുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇ.എം.സി.സി അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മറച്ചുവച്ചത് എന്തിനാണെന്നും ഇനിയും മനസിലാകാത്ത വസ്തുതയാണ്.
വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സിയുമായി ധാരണാപത്രവും ചേര്‍ത്തലയിലെ പള്ളിപ്പുറത്ത് ഫുഡ് പാര്‍ക്കിനുള്ള സ്ഥലവും നല്‍കാനുള്ള ഉത്തരവുമുണ്ടായിട്ടും ഈ കരാറിന് സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ എന്തിന് ആവര്‍ത്തിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് തദ്ദേശ കോര്‍പറേറ്റുകളുടെ യാനങ്ങള്‍ക്കോ വിദേശ ട്രോളറുകള്‍ക്കോ അനുമതി നല്‍കില്ലെന്നു പറയുന്ന 2019 ലെ മത്സ്യനയത്തില്‍, പുറംകടലില്‍ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുമെന്ന ഭാഗം ഉള്‍പ്പെടുത്തിയത് തീരദേശം സ്വകാര്യ കമ്പനിക്ക് തീറെഴുതാനായിരുന്നോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.എന്‍.സി ധാരണാപത്രം ഒപ്പിട്ടതിനെക്കുറിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ സര്‍ക്കാര്‍ അന്വേഷണം ഏല്‍പ്പിച്ചു. എന്നാല്‍ ഭൂമി അനുവദിച്ച കെ.എസ്.ഐ.ഡി.സിയുടെ ധാരണാപത്രത്തെക്കുറിച്ചും ഫിഷറീസ് വകുപ്പ് അപേക്ഷയിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികളെക്കുറിച്ചും തുടരന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്നതിലും വ്യക്തത വന്നിട്ടില്ല. ഇത്തരം കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ അവിഹിത ഇടപെടലിന്റെയും അഴിമതിയുടെയും ആരോപണങ്ങള്‍ വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെയും സി.പി.എമ്മിനെയും തിരിഞ്ഞുകൊത്തും.