തിരുവനന്തപുരം: അമേരിക്കൻ കമ്പനി ഇ.എം.സി.സി സംഘവുമായി തിരുവനന്തപുരത്ത് കണ്ടിരുന്നു. അന്ന് എന്താണ് സംസാരിച്ചതെന്ന് ഓർക്കുന്നില്ല. ചർച്ചയിലല്ല നയത്തിൽ നിന്നും വ്യതിചലിക്കുന്നില്ലെന്നതിലാണ് കാര്യമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മേഴ്സിക്കുട്ടിയമ്മയും ഇ.എം.സി.സി പ്രതിനിധികളും തമ്മിൽ ചർച്ച നടത്തുന്ന ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫിഷറീസ് മന്ത്രിയുടെ വിശദീകരണം. സ്വപ്നയുടെ ഒപ്പമുള്ള ചിത്രമുള്ളതിനാൽ ചെന്നിത്തല സ്വർണം കടത്തിയെന്ന് പറയാനാവുമോയെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. അതേസമയം, വിവാദം ശക്തമാകുന്നതിനിടെ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.

ഇ.എം.സി.സി പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ അമുല്യമായ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴുതാനുള്ള നീക്കമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.