വാഷിങ്ടണ്‍: വിദേശ സാങ്കേതിക വിദഗ്ധര്‍ക്ക് എച്ച് 1 ബി വര്‍ക്ക് വിസ നല്‍കുന്നതിന് കമ്പ്യൂട്ടറൈസ്ഡ് ലോട്ടറി സംവിധാനമമാണ് നിലവിലുള്ളത്. എന്നാല്‍ ഇത് ഒഴിവാക്കാനും വേതന നിലവാരം അനുസരിച്ചുള്ള പുതിയ സെലക്ഷന്‍ നടപടിക്രമങ്ങള്‍ നടപ്പിലാക്കാനുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ഇത് യുഎസ് തൊഴിലാളികളുടെ ശമ്പള സമ്മര്‍ദ്ദത്തെ ചെറുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് വ്യാഴാഴ്ച ഫെഡറല്‍ രജിസ്റ്ററില്‍ നല്‍കും.

വിജ്ഞാപനത്തിന് മറുപടി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഒരു മാസത്തെ സമയമുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) ബുധനാഴ്ച പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പുള്ള ഈ നീക്കം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അമേരിക്കന്‍ തൊഴിലാളികളുടെ വേതനത്തില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം പരിഹരിക്കാന്‍ നിര്‍ദ്ദിഷ്ട ഭേദഗതി സഹായിക്കുമെന്ന് ഡിഎച്ച്എസ് പറഞ്ഞു. വേതന നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള മുന്‍ഗണനയും തിരഞ്ഞെടുപ്പും അപേക്ഷകര്‍, എച്ച് 1 ബി തൊഴിലാളികള്‍, യുഎസ് തൊഴിലാളികള്‍ എന്നിവര്‍ക്ക് നേട്ടമുണ്ടാക്കുമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു.

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണ് എച്ച് 1 ബി വിസ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ ഈ വിസ അനുവദിക്കുന്നു. പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ കീഴിലാണ് എച്ച് 1 ബി പ്രോഗ്രാം രൂപീകരിച്ചത്. സാങ്കേതിക മേഖലയുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ തുടങ്ങിയതോടെ യോഗ്യതയുള്ള തൊഴിലാളികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായി. പ്രധാന സ്ഥാനങ്ങളില്‍ ഇപ്പോഴും വിദഗ്ധരെ ആവശ്യമാണെന്ന് പല കമ്പനികളും കരുതുന്നു.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, അക്കൗണ്ടന്റുമാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തുടങ്ങിയ ജോലികള്‍ക്കായി യുഎസിന് പ്രതിവര്‍ഷം 85,000 എച്ച് 1 ബി വിസ നല്‍കാം. അവ സാധാരണയായി മൂന്ന് വര്‍ഷത്തെ പ്രാരംഭ കാലയളവിലാണ് നല്‍കുന്നത്. അവ പിന്നീട് പുതുക്കാനും കഴിയും. യുഎസിലെ 500,000 എച്ച് 1 ബി വിസ കൈവശമുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണ്.
എച്ച് 1 ബി പ്രോഗ്രാം പലപ്പോഴും യുഎസ് തൊഴിലുടമകളും അവരുടെ യുഎസ് ക്ലയന്റുകളും ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും പ്രാഥമികമായി വിദേശ തൊഴിലാളികളെ നിയമിക്കാനും കുറഞ്ഞ വേതനം നല്‍കാനുമാണ് ശ്രമിക്കുന്നതെന്നും ആക്ടിംഗ് ഡിഎച്ച്എസ് ഡെപ്യൂട്ടി സെക്രട്ടറി കെന്‍ കുക്കിനെല്ലി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. യുഎസിന്റെ കുടിയേറ്റ നയങ്ങള്‍ നിയന്ത്രിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജൂണ്‍ 22 ന് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചിരുന്നു. പുതിയ എച്ച് 1 ബി, എല്‍ 1 വിസകള്‍ ഡിസംബര്‍ 31 വരെ നല്‍കുന്നത് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
താരതമ്യേന കുറഞ്ഞ ശമ്പളമുള്ള ഒഴിവുകള്‍ നികത്താന്‍ എച്ച്1ബി വിസ ഉപയോഗിക്കുന്നതിനുപകരം ഉയര്‍ന്ന വൈദഗ്ധ്യവും ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലാളികളെ ആവശ്യമുള്ള തസ്തികകളില്‍ ഉയര്‍ന്ന വേതനം നല്‍കി നിയമിക്കാന്‍ ഈ പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയ തൊഴിലുടമകളെ പ്രേരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.