ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പ്പില്‍ നാല് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്. കാശ്മീരിലെ ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു ആക്രമണം. പാകിസ്ഥാന്റെ വെടിവയ്പ്പില്‍ പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിവയ്പ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നും ബിഎസ്എഫ് ഫലപ്രദമായി പ്രതികരിക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. പാക് ആക്രമണത്തിന് പിന്നാലെ ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നഷ്ടടം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. ഏഴോ എട്ടോ പാക് സൈനികര്‍ പ്രത്യാക്രമത്തില്‍ കൊല്ലപ്പെട്ടെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇവരില്‍ രണ്ട് സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.

ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ നിയന്ത്രണ രേഖയ്ക്ക് കുറുകെ പാക് അധിനിവേശ ഭാഗത്തെ കുന്നിന്‍ മുകളിലുള്ള ബങ്കറുകള്‍ സൈന്യം തകര്‍ത്തു. കൂടാതെ പീരങ്കിയും റോക്കറ്റുകളും ഉപയോഗിച്ച് പാക് സൈന്യത്തിന്റെ ഇന്ധന സംഭരണ ശാലകളും തകര്‍ത്തിട്ടുണ്ട്. ഇതിന്റെ വീഡിയോ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
പ്രത്യാക്രമണത്തില്‍ ഒരു ഡസനോളം പാക് സൈനികര്‍ക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. ബങ്കറുകള്‍ക്കൊപ്പം ഭീകര കേന്ദ്രങ്ങളും തകര്‍ത്തെന്നും സൈന്യം അവകാശപ്പെടുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ മിസൈല്‍ ഒരു ബങ്കറിനെ ലക്ഷ്യമാക്കി കുതിക്കുന്നതിനിടെ ഒരു പാക് സൈനികന്‍ രക്ഷക്കായി ഒടുന്നത് വീഡിയോയില്‍ കാണാം.
കേരന്‍ മേഖലയില്‍ നിന്ന് ചില ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുന്നതിനിടെയാണ് പാക് വെടിവയ്പ്പ് ഉണ്ടായത്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ മെച്ചല്‍ സെക്ടറില്‍ നടന്ന നുഴഞ്ഞുകയറ്റത്തിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.
നാല് സൈനിക ഓഫീസര്‍മാര്‍ക്കും ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുമാണ് വീരമൃത്യു വരിച്ചത്. ബാരമുള്ള മേഖലയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്എഫ് എസ്‌ഐ രാഗേഷ് ഡോവലിന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സുബോധ് ഘോഷ്, ഹര്‍ധന്‍ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു. രണ്ട് സൈനികരുടെ പേരും മറ്റ് വിവരങ്ങളും ലഭ്യമായിട്ടില്ല.