ന്യൂഡല്‍ഹി : ഇന്ത്യയിലൂടെ മറ്റ് രാജ്യങ്ങളിലേക്കുള്ള ബംഗ്ലാദേശിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് നടത്തിയ പ്രകോപനപരമായ പ്രസ്താവനയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. മാത്രമല്ല,
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ ബംഗാളിലെ സിലിഗുരി ഇടനാഴി പിടിക്കണമെന്ന തരത്തില്‍ ബംഗ്ലാദേശില്‍ പ്രചാരണം നടക്കുന്നുണ്ട്. മാത്രമല്ല, സിലിഗുരിക്ക് സമീപം ചൈനീസ് സഹായത്താല്‍ വ്യോമതാവളം നവീകരിക്കാനും ബംഗ്ലാദേശ് പദ്ധതിയിടുന്നുണ്ട്.
വിമാനത്താവളങ്ങള്‍, തുറമുഖം എന്നിവയിലൂടെ ബംഗ്ലാദേശില്‍ നിന്നുള്ള ചരക്കുകളുടെ ട്രാന്‍സ്ഷിപ്പ്മെന്റ് ഇനി അനുവദിക്കില്ലെന്ന് കേന്ദ്ര റവന്യു വകുപ്പാണ് ഉത്തരവിറക്കിയത്. നിലവില്‍ ഇന്ത്യയിലെത്തിയ ചരക്കുകള്‍ക്ക് മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്താം. ബംഗ്ലാദേശിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും ഇന്ത്യന്‍ നീക്കം. ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ബംഗ്ലാദേശിന് തിരിച്ചടി നേരിടേണ്ടി വരും.
അതേസമയം, ഇന്ത്യന്‍ ലാന്‍ഡ് കസ്റ്റംസ് സ്റ്റേഷനുകള്‍ വഴി കടന്നുപോകുന്ന ബംഗ്ലാദേശി കയറ്റുമതി ചരക്കുകളുടെ ട്രാന്‍സ്-ഷിപ്പ്‌മെന്റ് സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോക വ്യാപാര സംഘടനയുടെ (WTO) ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.