കോഴിക്കോട്: ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയ മൂന്നാമത്തെ തുരങ്ക പാതയാണ് ഇത്. നാടിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന, പതിറ്റാണ്ടുകളായി ജനമാഗ്രഹിക്കുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു. ബെംഗളൂരു മൈസൂരു തുടങ്ങിയ വാണിജ്യ വ്യവസായ ടൂറിസ്റ്റ് മേഖലകളെ കേരളവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. താമരശ്ശേരി ചുരത്തിലൂടെയായിരുന്നു നാം എല്ലാവരും യാത്ര ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ ആ യാത്ര പലവിധ കാരണങ്ങളാല്‍ സമയ നഷ്ടം ഉണ്ടാക്കാന്‍ ഇടയായി എന്നായി നമുക്ക് ഏവര്‍ക്കും അറിയാം. കാലവര്‍ഷം കൊണ്ട് ഉണ്ടാകുന്നു പ്രശ്‌നങ്ങള്‍, റോഡില്‍ ഉണ്ടാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ ഇതെല്ലാം കാരണം ഗതാഗതതടസ്സം ആഴ്ചകളോളം നീണ്ടു പോയി. വനമേഖലയിലൂടെ പോവുന്ന റോഡായതിനാല്‍ താമരശ്ശേരി ചുരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ പരിമിതിയുണ്ട്. ബദലായ സംവിധാനം ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ ഭാഗമായാണ് തുരങ്കപാത എന്ന ആശയം ഉടലെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാവസായിക വിനോദ സഞാര മേഖലയില്‍ വന്‍ ഉത്തേജനം ഈ തുരങ്കത്തിലൂടെ സാധ്യതമാകും. കര്‍ണാടകത്തില്‍ നിന്നുള്ള ചരക്ക് ഗാഗതവും സുഗമമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പദ്ധതിയുടെ നിര്‍മ്മാണം കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ ഏല്പിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
സാങ്കേതിക പഠനം മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വെ കോര്‍പ്പറേഷന്‍ നിര്‍വഹിക്കും. 658 കോടി രൂപയ്ക്ക് കിഫ്ബി ഫണ്ട് അനുവദിച്ചു. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്നും ആരംഭിച്ചു വയനാട്ടിലെ മേപ്പാടിയിലാണ് പാത അവസാനിക്കുക. പദ്ധതിയുടെ വിശദമായ രൂപരേഖ നല്‍കുന്ന പ്രവര്‍ത്തികളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. അതിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.