ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധവും കര്‍ഷക വിരുദ്ധവുമായ നയങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. അര്‍ധരാത്രി 12 മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. പത്ത് തൊഴിലാളി സംഘടനകള്‍ ആണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

കേരളത്തില്‍ ഹര്‍ത്താല്‍ സമാനമായ സാഹചര്യമാണുളളത്. കെഎസ്‌ഐര്‍ടിസി യൂണിയനുകളും പൊതുപണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ പൊതുഗതാഗതം സ്തംഭിച്ചു. റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണുളളത്. കടകളും മറ്റും അടഞ്ഞ് കിടക്കുന്നു. പശ്ചിമ ബംഗാളിലും സമാനമായ സാഹചര്യമാണുളളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം രാജ്യത്തെ 25 കോടിയില്‍ അധികം ജീവനക്കാരും തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകുന്നുവെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപവീതം നല്‍കുക; ആവശ്യക്കാരായ എല്ലാവര്‍ക്കും പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക; തൊഴിലുറപ്പ് തൊഴില്‍ദിനങ്ങള്‍ 200 ആക്കുക, വേതനം വര്‍ധിപ്പിക്കുക; പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക; കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിന്‍വലിക്കുക; കേന്ദ്ര സര്‍വീസ് പൊതുമേഖലാ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുന്നത് നിര്‍ത്തുക; എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, പുതിയ പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പിഎഫ് പെന്‍ഷന്‍ പദ്ധതി മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പത്ത് ദേശീയ ട്രേഡ് യൂണിയനും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ സംഘടനകളും ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
ബാങ്കിങ്, ഇന്‍ഷുറന്‍സ്, എണ്ണപ്രകൃതിവാതകം, ഊര്‍ജം, തുറമുഖം, കല്‍ക്കരി അടക്കമുള്ള ഖനിമേഖലകള്‍, സിമന്റ്, സ്റ്റീല്‍, തപാല്‍, ടെലികോം, പൊതുസ്വകാര്യ വാഹനഗതാഗതം, പ്രതിരോധം, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ആശഅങ്കണവാടി തുടങ്ങി പദ്ധതിത്തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങി എല്ലാവിഭാഗവും പണിമുടക്കില്‍ അണിനിരക്കുന്നു. അതിനിടെ കാര്‍ഷിക നിയമത്തിന് എതിരെ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചും ഇന്ന് തുടങ്ങുകയാണ്.