ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി. ഓസ്‌ട്രേലിയക്കെതിരെ നടന്ന ചാംപ്യൻസ് ട്രോഫി സെമി മത്സരത്തിനിടെ ഷമി വെള്ളം കുടിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. നോമ്പുകാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നും റസ്വി പറഞ്ഞു.
വ്രതമെടുക്കുക എന്നത് മുസ്ലിമിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണ്. ആരോഗ്യവാനായ ഒരു സ്ത്രീക്കും പുരുഷനും ദൈവം നിർബന്ധമാക്കിയതാണ് അത്. ഇന്നലെ ഒരു പ്രശസ്തനായ ഇന്ത്യൻ ക്രിക്കറ്റ് താരം ഷമി മത്സരത്തിനിടയിൽ വെള്ളം കുടിച്ചു. അദ്ദേഹം കളിക്കുന്നതിനര്‍ഥം ആരോഗ്യവാനാണെന്നാണ്. ആ സമയത്ത് നോമ്പ് എടുക്കാതിരുന്നത് ശരിയായില്ല. തെറ്റായ സന്ദേശമാണ് ഇത് സമൂഹത്തിനും സമുദായത്തിനും നൽകുന്നതെന്നും ഇതിന് താരം ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്നും എ എന്‍ ഐ പുറത്തുവിട്ട വീഡിയോയില്‍ റസ്വി പറയുന്നു
.അതേ സമയം മത്സര ദിവസം തന്നെ ചിലർ വിഷയത്തിൽ ഷമിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുസ്ലീമായിട്ടും ഈ സമയത്ത് ഷമി ഇങ്ങനെ ചെയ്തത് തെറ്റായെന്നും ചെയ്ത പ്രവൃത്തിക്ക് മാപ്പുപറയണമെന്നും പറഞ്ഞ് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. റമദാന്‍ വ്രതമെടുത്തുനില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല നടത്തിയ മികച്ച പ്രകടനവും ചിലര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
അതേസമയം ഷമിയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതിന് മുന്‍ഗണന നല്‍കിയതാണ് ഷമിയെ ആരാധകര്‍ പ്രശംസിക്കുന്നത്. റമദാന്‍ ആഘോഷിക്കുന്നതിനേക്കാള്‍ പ്രാധാന്യം രാജ്യസ്‌നേഹത്തിന് നല്‍കുകയാണ് ഷമി ചെയ്യുന്നതെന്നും ചില ആരാധകര്‍ പറയുന്നു. ഈ കടുത്ത ചൂടിൽ വെള്ളം കുടിക്കാതിരിക്കുക ബുദ്ധിമുട്ടാണെന്നും ഈ അവസ്ഥ മനസ്സിലാക്കാൻ കഴിയുന്ന ദൈവമാണ് മുകളിലുള്ളതെന്നും ചിലർ അഭിപ്രായപ്പെട്ടു. ഏതായാലും അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് തന്നെ നേരിട്ട് വിമർശനവുമായി രംഗത്തെതിയതോടെ വിഷയം കൂടുതൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.