ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായര ചുവടുവെപ്പുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി ലഭിച്ചു. മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിനായി ഒക്ടോബ്! രണ്ടിനാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് മൂന്നാം ഘട്ട പരീക്ഷണത്തിനായി അനുമതി തേടിയത്.

പൂനെയിലെ ഐസിഎംആര്‍ ലബോറട്ടറിയായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഹൈദരാബാദ് ആസ്ഥാനമായ മരുന്നു കമ്പനിയായ ഭാരത് ബയോടെക്‌നോളജിയും ചേര്‍ന്നാണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. 10 സംസ്ഥാനങ്ങളിലായി ദില്ലി, മുംബൈ, പട്‌ന, ലഖ്‌നൗ ഉള്‍പ്പെടെ 19 കേന്ദ്ര പരിശോധനകള്‍ നടത്തിയതിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് കമ്പനി അപേക്ഷ നല്‍കിയത്.

മൂന്നാം ഘട്ട പരീക്ഷണം 2500 സന്നദ്ധ പ്രവര്‍ത്തകരില്‍ നടത്താനാണ് കമ്പനിുടെ തിരുമാനം. 28 ദിവസത്തെ ഇടവേളകളില്‍ രണ്ട് ഡോസ് വീതമാണ് മരുന്ന് നല്‍കുക. ആദ്യ ഘട്ടങ്ങളില്‍ മികച്ച ഫലങ്ങളാണ് മരുന്ന് പ്രകടിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.
കൊവാക്‌സിന്‍ മൃഗങ്ങളില്‍ നടത്തിയ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വളര്‍ത്തിയെടുക്കാന്‍ സഹായിച്ചതായും കമ്പനി വ്യക്തമാക്കിയിരുന്നു. നേരത്തേ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തില്‍ കൊവാക്‌സിന്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്ന് ഐസിഎംആര്‍ പറഞ്ഞിരുന്നു.
എന്നാല്‍ തീയതി നിശ്ചയിച്ച് വാക്‌സിന്‍ പുറത്തിറക്കുകയെന്ന് അസാധ്യമാണെന്ന് ശാസ്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.ഇത്തരമൊരു സമയപരിധി നിശ്ചയിക്കുന്നതിലൂടെ വാക്‌സിന്റെ ഗുണനിലവാരത്തിലും ഫലപ്രാപ്തിയിലും വീഴ്ച സംഭവിക്കാന്‍ സാധ്യത ഉണ്ടെന്ന തരത്തിലും ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഇന്ത്യയുടെ ആദ്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണിതെന്നും പരക്കെ ആക്ഷേപം ഉയര്‍ന്നു. സംഭവം വിവാദമായതോടെ ആഗസ്റ്റ് 15 എന്ന അവസാന തീയ്യതി ഗവേഷകര്‍ക്ക് നല്‍കിയത് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ടി മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
അതേസമയം കൊവാക്‌സിന്‍ കൂടാതെ സൈഡസ് കാഡിലയുടെ തദ്ദേശീയ വാക്‌സിനും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.ആഗോള തലത്തില്‍ നൂറിലധികം വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്.