ടെഹ്‌റാന്‍: ഇറാനു നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 78 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 329 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.
അതേസമയം, ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള ആണവചര്‍ച്ചയില്‍നിന്ന് ഇറാന്‍ പിന്മാറി. ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. 2015-ലെ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ചര്‍ച്ചയാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. യുഎസ് ഉപരോധം നീക്കുന്നതിന് പകരമായി ഇറാന്റെ ആണവശേഷി പരിമിതപ്പെടുത്തുന്നതായിരുന്നു കരാര്‍. 2018-ല്‍ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ കാലത്ത് കരാറില്‍നിന്ന് യുഎസ് പിന്‍വാങ്ങിയിരുന്നു.
ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ഇറാന്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ മിഷനാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. അതേസമയം, വിവിധരാജ്യങ്ങളിലെ തങ്ങളുടെ എംബസികള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചിട്ടുണ്ട്. യുഎസിലെയും യുകെയിലെയും ഉള്‍പ്പെടെയുള്ള ഓഫീസുകളാണ് തല്‍ക്കാലത്തേക്ക് അടയ്ക്കുക.
ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.