ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണുണ്ടായ ജലപ്രവാഹത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി. ഇന്നലെ ഏഴ് പേരുടേയും ഇന്ന് ഏഴ് പേരുടേയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇനി 154 പേരെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം. പരിശോധനകള്‍ പുരോഗമിക്കുകയാണ്. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെ 15 പേരെ തുരങ്കത്തില്‍ നിന്ന് രക്ഷിച്ചതായും ചമോലി പോലീസ് ട്വീറ്റ് ചെയ്തു. അതിനിടെ പരിശോധനക്കായി സഹായം വാഗ്ദാനം ചെയ്ത് യു എന്‍ രംഗത്തെത്തി. ദുരന്തത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അനുശോചിച്ചു.

13 ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രണ്ടുതുരങ്കങ്ങളിലായി നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ തപോവന്‍ തുരങ്കത്തിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുളള ദൗത്യം പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ ഏഴുമണി മുതല്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചതോടെയാണ് ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങളും പ്രത്യേകം പരിശീലനം ലഭിച്ചവരെയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. അളകനന്ദ നദിയിലെയും ധൗലിഗംഗയിലെയും ജലനിരപ്പ് ഉയര്‍ന്നതും ദുര്‍ഘടമായ കാലാവസ്ഥയും കഴിഞ്ഞിദിവസം രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
13.2 മെഗാവാട്ട് വൈദ്യുതി ദിവസേന ഉത്പ്പാദിപ്പിച്ചിരുന്ന ഋഷിംഗഗ വൈദ്യുത പദ്ധതി പൂര്‍ണമായും നശിച്ചു. മുപ്പത്തിയഞ്ചോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ അഞ്ച് പേര്‍ സുരക്ഷിതരാണ്. തപോവനില്‍ എന്‍ ടി പി സിയുടെ നിര്‍മാണം നടന്നുവരുന്ന ജലവൈദ്യുത പദ്ധതി പ്രദേശത്ത് നിരവധി തൊഴിലാളികളുണ്ട്. രണ്ട് ടണലുകളാണ് തപോവന്‍ പദ്ധതിക്കുള്ളത്. ഇതില്‍ ചെറിയ ടണലിലെ ആളുകളെ മുഴുവന്‍ രക്ഷിക്കാന്‍ സാധിച്ചു.
ഏകദേശം 2.5 കിലോമീറ്റര്‍ നീളമുള്ള രണ്ടാമത്തെ തുരങ്കത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. ടണലില്‍ ഏകദേശം 3540 അടി ഉയരത്തില്‍ അവശിഷ്ടങ്ങള്‍ അടഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ ടി ബി പി ജവാന്‍മാര്‍ പ്രളയാവശിഷ്ടങ്ങള്‍ നീക്കി 150200 മീറ്റര്‍ വരെ എത്തിയെങ്കിലും ചെളി നിറഞ്ഞ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.
2013ല്‍ ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടന പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും ആറായിരത്തോളം പേര്‍ മരണമടഞ്ഞിരുന്നു. ചമോലി ജില്ലയില്‍ തപോവന്‍ പ്രദേശത്തെ റെയ്‌നി ഗ്രാമത്തില്‍ ഇന്നലെ രാവിലെ 10.45 നായിരുന്നു ദുരന്തം.