കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര കൊലക്കേസിന്റെ വിചാരണയ്ക്ക് തുടക്കമായിരിക്കുകയാണ്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ഉത്ര എന്ന യുവതിയെ പാമ്പിനെ ഉപയോഗിച്ച് ഭര്‍ത്താവ് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. കേസിന്റെ വിചാരണ ആരംഭിക്കവേ സൂരജിനെതിരെ മാപ്പുസാക്ഷിയായ പാമ്പ് പിടുത്തക്കാരന്‍ സുരേഷ് കോടതിയില്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

പാമ്പുപിടുത്തക്കാരന്‍ ആയ സുരേഷില്‍ നിന്നാണ് ഉത്രയെ കൊലപ്പെടുത്തിയ മൂര്‍ഖനെ അടക്കം സൂരജ് വാങ്ങിയത് എന്നാണ് പോലീസ് കണ്ടെത്തിയത്. സുരേഷിനെ ആദ്യം പോലീസ് കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു. സുരേഷിന്റെ മൊഴി രേഖപ്പെടുത്തിക്കൊണ്ടാണ് കേസിന്റെ വിചാരണ നടപടികള്‍ക്ക് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടക്കമായത്

കേസില്‍ സൂരജിന് കുരുക്ക് മുറുക്കുന്ന വെളിപ്പെടുത്തലാണ് സുരേഷ് നടത്തിയിരിക്കുന്നത്. മന്ദബുദ്ധിയായത് കൊണ്ടാണ് ഉത്രയെ കൊന്നത് എന്ന് കൊലപാതകത്തിന് ശേഷം സൂരജ് തന്നോട് പറഞ്ഞിരുന്നതായി സുരേഷ് കോടതിയില്‍ വെളിപ്പെടുത്തി. വികാരഭരിതനായാണ് സുരേഷ് കോടതിക്ക് മുന്നില്‍ മൊഴി നല്‍കിയത്.
സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നത് കൊണ്ടാണ് താന്‍ സൂരജിന് പാമ്പിനെ വിറ്റത്. അപ്പോള്‍ ഉത്രയെ കൊല്ലുക എന്നതായിരുന്നു സൂരജിന്റെ ലക്ഷ്യം എന്ന് തനിക്ക് അറിയില്ലായിരുന്നു. ഉത്ര പാമ്പ് കടിയേറ്റ് മരണപ്പെട്ടു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ മാത്രമാണ് സൂരജിനെ സംശയിച്ചത് എന്നും മരണവിവരം അറിഞ്ഞ് സൂരജിനെ വിളിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു.
6 മാസങ്ങള്‍ക്ക് മുന്‍പാണ് സ്വന്തം വീട്ടില്‍ വെച്ച് ഉത്ര പാമ്പ് കടിയേറ്റ് മരിക്കുന്നത്. കൊലപാതക കേസില്‍ സൂരജ് മാത്രമാണ് പ്രതി. അതേസമയം ഗാര്‍ഹിക പീഡനം അടക്കമുളള കുറ്റങ്ങളില്‍ സൂരജ് അടക്കം നാല് പ്രതികളാണ് ഉളളത്. സൂരജിന്റെ അച്ഛന്‍, അമ്മ, സഹോദരി എന്നിങ്ങനെയാണ് യഥാക്രമം മറ്റ് പ്രതികള്‍. വിചാരണയ്ക്ക് കോടതിയില്‍ ഇവരും എത്തിയിരുന്നു. സൂരജും വാദം കേള്‍ക്കാന്‍ കോടതിയില്‍ ഉണ്ടായിരുന്നു.
കൃത്യമായ ആസൂത്രണം നടത്തിയാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍. പാമ്പിനെ ഉപയോഗിച്ച് കൊല നടത്തുന്നതിനെ കുറിച്ച് സൂരജ് പഠിച്ചിരുന്നു. ഒരുതവണ അടൂരിലെ വീട്ടില്‍ വെച്ച് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ സൂരജ് ശ്രമിച്ചിരുന്നു. അന്നത് വിജയിച്ചില്ല. രണ്ടാമത്തെ ശ്രമത്തിലാണ് ഉത്ര കൊല്ലപ്പെട്ടത്.