ആലപ്പുഴ:കളഞ്ഞുകിട്ടയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി നേതാവിനെതിരെ നടപടിയെടുത്ത് ബിജെപി നേതൃത്വം. സുജന്യ ഗോപിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻണ്ടൂർ ഡിവിഷൻ അംഗത്വവും സുജന്യ ഗോപി രാജിവെച്ചു. നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സുജന്യ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെച്ചത്. പണം തട്ടിയ സംഭവത്തിൽ സുജന്യയും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടി നടപടി.
സിസിടിവി ദൃശ്യങ്ങളാണ് ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെയും സുഹൃത്തിനെയും കുടുക്കിയത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗം സുജന്യ ഗോപിയും സുഹൃത്തും ഓട്ടോഡ്രൈവറുമായ സലീഷുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെങ്ങന്നൂർ സ്വദേശിയായ യുവാവിന്റെ പേഴ്‌സ് റോഡിൽ നഷ്ടമായത്. ഇത് ഓട്ടോ ഡ്രൈവറായ സലീഷിന് ലഭിച്ചു.