ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ കൊട്ടാരത്തില്‍ വീട്ടുജോലിക്ക് ആളെ എടുക്കുന്നു. ശമ്പളം കേട്ടാല്‍ ഞെട്ടും. 18,38,198 രൂപ സ്റ്റാര്‍ട്ടിങ് സാലറി പാക്കേജായി ലഭിക്കും. അതായത് പ്രതിമാസം ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ശമ്പളമായി ലഭിക്കും. കൊട്ടാരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് രാജകുടുംബം ഇതുസംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷെ ഒരേ ഒരു നിബന്ധന മാത്രം. ഇംഗ്ലീഷും കണക്കും നന്നായി അറിയണം.

ദ റോയല്‍ ഹൗസ് ഹോള്‍ഡ് എന്ന വെബ്‌സൈറ്റില്‍ ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണ്. വിന്‍സര്‍ കാസിലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെങ്കിലും ആവശ്യമെങ്കില്‍ ബക്കിങ്ങാം പാലസിലും ലണ്ടനിലെ മറ്റ് റോയല്‍ സ്യൂട്ടുകളിലും ഇവര്‍ക്ക് ജോലി ചെയ്യേണ്ടിവരും.

കൊട്ടാരത്തില്‍ താമസിച്ചാകും ജോലി ചെയ്യേണ്ടത്. കൊട്ടാരത്തിന്റെ ഇന്റീരിയറുകളും മറ്റ് സാമഗ്രികളും വൃത്തിയായും ശുദ്ധിയോടെയും പരിപാലിക്കുക എന്നതാണ് ജോലിയെക്കുറിച്ച് പരസ്യത്തില്‍ നല്‍കിയിരിക്കുന്ന വിവരണം. ഇംഗ്ലീഷും കണക്കും നന്നായി അറിയുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന നിബന്ധനയുണ്ട്. 33 ദിവസത്തെ വാര്‍ഷിക അവധിയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും.
രാജ്ഞിക്ക് വേണ്ടിയുള്ള ഈ റിക്രൂട്ട്‌മെന്റിന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യമാണ് നല്‍കുന്നത്. ജോലി കേവലം ഹൗസ് കീപ്പിങ് ആണെങ്കിലും ഈ റിക്രൂട്ട്‌മെന്റ് ഏറെ വിഷമം പിടിച്ചതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.