ന്യൂഡല്‍ഹി: ഡല്‍ഹിയെ പ്രതിരോധത്തിലാക്കാന്‍ കര്‍കരുടെ തീരുമാനം. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ ഡല്‍ഹിരാജസ്ഥാന്‍ ഹൈവേ തടയാനും കര്‍ഷകര്‍ തീരുമാനിച്ചു. തീവ്ര ഇടതുസംഘങ്ങളാണ് സമരത്തിന് പിന്നിലെന്ന ആരോപണം കര്‍ഷകര്‍ തള്ളി. 16 ദിവസമായി കര്‍ഷകര്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സമരം തുടരുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അര ലക്ഷത്തോളം കര്‍ഷകര്‍ കൂടി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.

സമരം എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചുവരികയാണ്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പറ്റില്ലെന്ന് സര്‍ക്കാരും പറയുന്നു. ഭേദഗതി ആവാമെന്ന സര്‍ക്കാര്‍ നിലപാട് കര്‍ഷകര്‍ തള്ളി. സമരക്കാര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ ആയിരക്കണക്കിന് പോലീസുകാരെയാണ് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ളത്. ഗുഡ്ഗാവില്‍ രണ്ടായിരം പോലീസുകാരെയും ഫരീദാബാദില്‍ 3500 പോലീസുകാരെയുമാണ് വിന്യസിച്ചിരിക്കുന്നത്.

ഹരിയാന-ഡല്‍ഹി അതിര്‍ത്തി മേഖലയിലെ പ്രധാന നഗരങ്ങളാണിത്. അതേസമയം, നിമയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ ഹര്‍ജി നല്‍കി. നിയമം ചോദ്യം ചെയ്ത് നേരത്തെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. രാജ്യവ്യാപകമായ പ്രചാരണമാണ് പദ്ധതിയിടുന്നത്. 100 വാര്‍ത്താ സമ്മേളനങ്ങളും 700 കര്‍ഷക യോഗങ്ങളും ബിജെപി നടത്തും.
700 ജില്ലകളിലാണ് ബിജെപി പ്രചാരണം നടത്തുക. അതേസമയം, കര്‍ഷക സമരം തീവ്ര ഇടതുസംഘങ്ങള്‍ ഹൈജാക്ക് ചെയ്തു എന്നാണ് സര്‍ക്കാര്‍ വാദം. ഇത് കര്‍ഷകര്‍ തള്ളി. തങ്ങളെ അപമാനിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംയുക്ത കിസാന്‍ യൂണിയന്‍ ആണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്ന് കീര്‍ത്തി കിസാന്‍ സംഘതന്റെ പ്രസിഡന്റ് രമീന്ദര്‍ സിങ് പട്ടിയാല്‍ പറഞ്ഞു.