ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് സ്‌പെഷല്‍

തിരുവനന്തപുരം: എന്‍.സി.പി വിട്ട് യു.ഡി.എഫ് പാളയത്തിലേക്ക് എത്തിയ മാണി സി കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടേയുള്ളവര്‍ ഈ അഭിപ്രായക്കാരാണ്. എന്നാല്‍ മുതിയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫിന്റെ ഘടകക്ഷിയാവാനാണ് കാപ്പന്റെ തീരുമാനം. ഉറപ്പ് ലഭിച്ച പാലായ്ക്ക് പുറമെ രണ്ട് സീറ്റുകള്‍ കൂടി മുന്നണിയില്‍ നിന്നും ചോദിച്ച് വാങ്ങാനാണ് കാപ്പന്റെ നീക്കം. എന്നാല്‍ ഘടകക്ഷി ആയാലും ഇല്ലെങ്കിലും പാലാ സീറ്റിന്റെ കാര്യത്തില്‍ മാത്രമാണ് മറ്റ് കോണ്‍ഗ്രസ് നേതാക്കളും കാപ്പന് ഉറപ്പ് നല്‍കുന്നുള്ളു. കോണ്‍ഗ്രസില്‍ ചേരണമെന്ന് മുല്ലപ്പള്ളി പറഞ്ഞെങ്കിലും ഘടകക്ഷി ആയി വരാനുള്ള കാപ്പന്റെ തീരുമാനത്തിന് യു.ഡി.എഫ് പച്ചക്കൊടി കാട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

22-ാം തീയതി തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് മാണി സി കാപ്പന്‍ ക്യാമ്പ് വ്യക്തമാക്കുന്നത്. പുതിയ പാര്‍ട്ടിയുടെ പേര്, ചിഹ്നം, ഭരണഘടന എന്നിവ തീരുമാനിക്കുന്നത് പത്തംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാപ്പന് പുറമെ ബാബു കാര്‍ത്തികേയന്‍, സലീം പി. മാത്യു, എം. ആലിക്കോയ, പി. ഗോപിനാഥ്, സുള്‍ഫിക്കര്‍ മയൂരി തുടങ്ങിയ നേതാക്കളും പത്തംഗ സമിതിയില്‍ ഇടം നേടിയിട്ടുണ്ട്. മാണി സി കാപ്പന്‍ തന്നെയായിരിക്കും പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍. നിലവില്‍ കൂടെ പോന്ന നേതാക്കള്‍ക്ക് പുറമെ എന്‍.സി.പി, കേരള കോണ്‍ഗ്രസ് ബി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ പുതിയ പാര്‍ട്ടിയില്‍ അണിചേരുമെന്നാണ് കാപ്പന്റെ പ്രതീക്ഷ. പുതിയ പാര്‍ട്ടിയുടെ പേരിന്റെ കാര്യത്തില്‍ തീരുമാനം ആയില്ലെങ്കിലും എന്‍.സി.പി കേരള, കേരള എന്‍.സി.പി എന്നിവയില്‍ ഏതിലെങ്കിലും ഒന്നിനാണ് സാധ്യത.
കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശത്തെ കാപ്പനും കൂട്ടരും ഒന്നാകെ നിരാകരിക്കുകയാണ്. ഇത്തരം ഒരു ഉപാധി മുന്നോട്ട് വെയ്ക്കരുതെന്ന കാര്യം ആദ്യം തന്നെ അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്‍.സി.പിയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകരേയും നേതാക്കളേയും തന്നോടൊപ്പം ചേര്‍ക്കാന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതാണ് നല്ലതെന്നാണ് കാപ്പന്റെയും വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപ്പള്ളിയുടെ നിര്‍ദേശം അത്ര മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന യു.ഡി.എഫ് നേതാക്കള്‍ കാപ്പനെ ഓര്‍മ്മിപ്പിക്കുന്നു. പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വിജയസാധ്യത കൂടുമെന്ന് മാത്രമാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഓര്‍മ്മിപ്പിച്ചതെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ പാലായ്ക്ക് പുറത്തുള്ള മറ്റ് സീറ്റുകളുടെ കാര്യത്തില്‍ ഒരു നേതാക്കളും കാപ്പന് ഒരു ഉറപ്പും നല്‍കുന്നില്ല.
നിലവില്‍ കൂടുതല്‍ ദള്‍ വിഭാഗങ്ങളും യു.ഡി.എഫുമായി സഹകരിക്കുന്നുണ്ട്. ഇവര്‍ എല്ലാം ലയിച്ച് ഒറ്റപാര്‍ട്ടിയായി മാറണമെന്ന നിര്‍ദേശമാണ് മുന്നണിക്ക് ഉള്ളത്. ജെ.ഡി.എസില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം അടുത്തിടെ പാര്‍ട്ടി വിട്ട് യു.ഡി.എഫുമായി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ നേതാക്കള്‍ എത്തുമെന്നാണ് ഇവരുടേയും പ്രതീക്ഷ. ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം കോട്ടയത്തെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് യു.ഡി.എഫിന്റെ ഭാഗമായിരുന്നു. തമ്പാന്‍ തോമസിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ യു.ഡി.എഫിന്റെ ഭാഗമാണ്. ഈ രണ്ട് ദള്‍ വിഭാഗങ്ങളും തമ്മില്‍ ലയിക്കണമെന്ന നിര്‍ദേശമാണ് യു.ഡി.എഫ് മുന്നോട്ട് വെച്ചത്. അങ്ങനെയെങ്കില്‍ ഇവരെ ഘടകക്ഷിയാക്കി മുന്നണിയില്‍ എടുക്കും.
ലയനം സംബന്ധിച്ച് തമ്പാന്‍ തോമസും ജോര്‍ജ് തോമസും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ജോണ്‍ ജോണിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാദളും നിലവില്‍ യുഡിഎഫിന്റെ ഭാഗമാണ്. മൂന്ന് ദളുകളും ലയിക്കുകയാണെങ്കില്‍ സീറ്റുള്‍പ്പടേയുള്ള ആനുകൂല്യങ്ങള്‍ പാര്‍ട്ടി നല്‍കുന്നതിന് യു.ഡി.എഫില്‍ ആലോചനയുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ കൂടി സാന്നിധ്യത്തില്‍ മൂന്ന് പാര്‍ട്ടികളുടേയും നേതാക്കള്‍ യോഗം ചേരും. എന്‍.ഡി.എ ഘടകക്ഷിയായ ബി.ഡി.ജെഎസ് വിട്ടവര്‍ ബി.ജെ.എസ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫില്‍ ചേര്‍ന്നിരുന്നു. രമേശ് ചെന്നിത്തലയുടെ കേരള യാത്ര ചാവക്കാട് എത്തിയപ്പോഴായിരുന്നു ഇവര്‍ യു.ഡി.എഫിന്റെ ഭാഗമായത്. സമ്മേളന നഗരയിലേക്ക് പ്രകടനമായി എത്തിയായിരുന്നു ഇവര്‍ മുന്നണിയില്‍ ചേര്‍ന്നത്. എന്‍.കെ നീലകണ്ഠന്‍ മാസ്റ്റര്‍, വി. ഗോപകുമാര്‍, കെ.കെ. ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരണം.
ബി.ഡി.ജെഎസ്സിന്റെ 11 ജില്ലാ കമ്മറ്റികളും 12ലധികം സമുദായ സംഘടനകളും തങ്ങളുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതായാണ് ബി.ജെ.എസ് നേതാക്കളുടെ അവകാശവാദം. ഫെബ്രുവരി 4 ന് കൊച്ചിയിലായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ പാര്‍ട്ടി രൂപീകരണ വേളയില്‍ പങ്കെടുത്തിരുന്നു.
ആര്‍.എസ്.പി എല്ലിലെ പിളര്‍പ്പ് നിലവില്‍ ബി.ജെ.എസിനെ മുന്നണിയുമായി സഹകരിപ്പിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. പാര്‍ട്ടിയുടെ കരുത്തും സ്വാധീനവും കൂടി പരിഗണിച്ചായിരിക്കും ഘടകകക്ഷി സ്ഥാനം നല്‍കുക. കൂടാതെ ആര്‍.എസ്.പി എല്‍ പിളര്‍ന്ന് വരുന്ന ഒരു വിഭാഗത്തെ ഔദ്യോഗിക ആര്‍.എസ്.പിയില്‍ ചേരാനായിരിക്കും നിര്‍ദേശം. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ബിയില്‍ നിന്നും ഒരു വിഭാഗം നേതാക്കള്‍ യു.ഡി.എഫുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണറിയുന്നത്.