THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, June 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കിഫ്ബി തട്ടിപ്പ്: കേരളം 5,2636 കോടി രൂപയുടെ കടക്കെണിയിലെന്നു മുന്‍ എ.ജി ജെയിംസ് കെ ജോസഫ്‌

കിഫ്ബി തട്ടിപ്പ്: കേരളം 5,2636 കോടി രൂപയുടെ കടക്കെണിയിലെന്നു മുന്‍ എ.ജി ജെയിംസ് കെ ജോസഫ്‌

തിരുവനന്തപുരം: സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത കരാറുകാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണു നീങ്ങുന്നതെന്നു മുന്‍ സംസ്ഥാന എ.ജി (അക്കൗണ്ടന്റ് ജനറല്‍) ജെയിംസ് കെ ജോസഫ്. കിഫ്ബി പദ്ധതികളുടെ പേരില്‍ ഇതിനകം കരാറുകാര്‍ക്ക് 52636 കോടി രൂപ കുടിശിക ആയിക്കഴിഞ്ഞു.

adpost

ഈ പണം സമാഹരിക്കാന്‍ ഒരു വഴിയുമില്ലാതെ വിഷമിക്കുമ്പോളാണ് സി.എ.ജിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പ്രതിപക്ഷത്തിനുമെതിരേ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ചന്ദ്രഹാസമിളക്കുന്നതെന്ന് ജെയിംസ് ജോസഫ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് ഇങ്ങനെ…

adpost

നിങ്ങള്‍ക്ക് നാളെയും ഇവിടെ ജീവിക്കണമെങ്കില്‍ തീര്‍ച്ചയായും ഇത് വായിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണയം വെച്ച നിങ്ങളുടെ തലച്ചോറിലെ പൊടിതട്ടി, കണ്ണിലെ രാഷ്ട്രീയ തിമിരം തുടച്ച് നീക്കി ഒരു നിമിഷം ദി പീപ്പിള്‍ പറയുന്നത് ശ്രദ്ധിക്കൂ. ഇത് ഞങ്ങള്‍ക്ക് വേണ്ടിയല്ല. നിങ്ങളും നിങ്ങളുടെ കുടുംബവും കൂട്ട ആത്മഹത്യയിലേക്ക് പോകാതിരിക്കാന്‍ വേണ്ടിയാണ്. നമ്മള്‍ എല്ലാവരും ഒരു എലിപ്പെട്ടിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇതില്‍ നിന്നുള്ള മോചനം സാധ്യമാണോ എന്ന് നിങ്ങള്‍ ചിന്തിക്കുക.

കഴിഞ്ഞ ദിവസം 4 കോടി രൂപ മുടക്കി കേരളത്തിലെ പ്രമുഖ പത്രങ്ങളിലെ 4 പേജില്‍ വന്ന പരസ്യം നിങ്ങള്‍ കണ്ടിരിക്കും. കിഫ്ബി വഴിയുള്ള വികസനം. ഇതിന്റെ സത്യാവസ്ഥ ജനം അറിയണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 57000 കോടിയുടെ 730 പദ്ധതികള്‍ക്ക് കിഫ്ബി വഴി അംഗീകാരം നല്‍കിയെന്നും സ്‌ക്കൂളുകള്‍ ഹൈടെക് ആക്കിയെന്നും റോഡുകളും പാലങ്ങളുമെല്ലാം പണിനടക്കുന്നുവെന്നതും ശരിയാണ്. എന്നാല്‍ ഈ പണികള്‍ സൗജന്യമായാണോ നടത്തുന്നത് ? അല്ല. പിന്നെ എവിടെ നിന്ന് പണം..? അതിന് മാത്രം ഉത്തരമില്ല.

അതാണ് നിങ്ങള്‍ എലിപ്പെട്ടിയില്‍ അകപ്പെട്ട എലിയുടെ അവസ്ഥയിലാണെന്ന് പറഞ്ഞത്. 57000 കോടിയുടെ പണികള്‍ക്ക് കരാര്‍ നല്‍കിയപ്പോള്‍ ആകെ നല്‍കിയ പണം 4364 കോടി രൂപ മാത്രമാണ്. അതായത് 52636 കോടി രൂപ കരാറുകാര്‍ക്ക് കുടിശ്ശികയായി കഴിഞ്ഞു.

കിഫ്ബിക്ക് ഇതുവരെ കിട്ടിയത്.
പെട്രോളിയം സെസ്സ്: 1921 കോടി
മോട്ടോര്‍ വെഹിക്കിള്‍ സെസ്സ്: 3651 കോടി
സര്‍ക്കാര്‍ ഗ്രാന്റ്: 1624 കോടി
വായ്പകള്‍: 2003 കോടി
മസാല ബോണ്ട്: 2231 കോടി
ആകെ കിട്ടിയത്: 11433 കോടി.
വിവിധ ബാങ്കുകളില്‍ നിന്ന് വാങ്ങിച്ച 2003 കോടി രൂപയുടെ തിരിച്ചടവ് 2019 ല്‍ ആരംഭിച്ചു.

ഇനി മസാല ബോണ്ട്. 2231 കോടി, 2024 ല്‍ തിരിച്ചടവ് തുടങ്ങണം. അതായത് അടുത്ത വര്‍ഷം മുതല്‍ സെസ്സ് ഇനത്തില്‍ കിട്ടുന്ന തുക മുഴുവനും വായ്പ തിരിച്ചടവിലേക്ക് പോകും. പിന്നെ എവിടെ നിന്ന് പണം വരും..? 52636 കോടി എവിടെ നിന്ന് കണ്ടെത്തും..? ആര് കണ്ടെത്തും..? ഇതിന്റെ ഉത്തരം കണ്ടെത്താന്‍ ഡോക്റ്ററേറ്റ് എടുക്കേണ്ടതില്ല. സാമ്പത്തിക ശാസ്ത്രജ്ഞനാവുകയും വേണ്ട. അരി ഭക്ഷണം കഴിക്കുന്ന ആര്‍ക്കും ബോധ്യമാവും.

ഒരു സംസ്ഥാന സര്‍ക്കാറിന് വരുമാനത്തിന് ആനുപാതികമായി മാത്രമേ കടം എടുക്കാന്‍ കഴിയൂ. കേരളത്തില്‍ വരുമാനം കൂടുന്നില്ല എന്ന് മാത്രമല്ല ലഭിക്കുന്ന വരുമാനം തികയാതെ കടം വാങ്ങിയാണ് ദൈനംദിന ചിലവ് കണ്ടെത്തുന്നത്. അതോടെ ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ക്ക് പണം ഇല്ല. ഇതിന് തോമസ് ഐസക്കിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് കിഫ്ബി. വികസന പ്രവര്‍ത്തനത്തിന് സര്‍ക്കാറിന് പുറത്ത് ഒരു കമ്പിനി. ഈ കമ്പിനിയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ പുറത്ത് നിന്ന് കടം എടുക്കാമെന്നതായിരുന്നു സ്വപ്നം.

പക്ഷേ സംസ്ഥാന സര്‍ക്കാര്‍ തന്നെ പാപ്പരായി കഴിഞ്ഞുവെന്ന് ബോധ്യമായ ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ജാമ്യത്തില്‍ വായ്പ നല്‍കാന്‍ തയ്യാറാവുന്നില്ല. കിഫ്ബിക്ക് സ്വന്തമായി ആസ്തിയും ഇല്ല. അതോടെ വായ്പയെന്ന സ്വപ്നം പൊലിഞ്ഞു. പണികള്‍ ഒച്ചിന്റെ വേഗതയിലേക്ക് മാറി. ആരാന്റെ കയ്യിലെ പണം കണ്ട് ഉണ്ടാക്കിയ സ്വപ്നം ഒരു മായ മാത്രമായി കഴിഞ്ഞു. ഫലം 52636 കോടി കടം കുടിശ്ശികയായി.

നിലവില്‍ 264385 കോടി കടമുള്ള സര്‍ക്കാര്‍ വരുത്തിവെച്ച ഈ ബാധ്യത കൊറോണ പ്രതിസന്ധിയ്ക്കിടയില്‍ തീര്‍ക്കണമെങ്കില്‍ ജനങ്ങളുടെ കിഡ്‌നി വില്‍ക്കേണ്ടി വരും. ഒരു ഭാഗത്ത് ജനം സാമ്പത്തിക പ്രതിസന്ധിയില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികള്‍ വഴി ഉണ്ടാക്കുന്ന ഇത്തരം ബാധ്യതകള്‍. ഇനി ഏത് സര്‍ക്കാര്‍ വന്നാലും ട്രഷറികള്‍ തുറക്കാന്‍ കഴിയില്ല. എല്ലാം കാലിയാക്കി. ഇനി സര്‍ക്കാറിന് 6 മാസം കൂടി മാത്രമേ ഉള്ളൂ.

തുടര്‍ ഭരണമെന്ന് ജനത്തോട് പറയുമ്പോള്‍ തന്നെ അടുത്ത 5 വര്‍ഷം ഭരിക്കാന്‍ കഴിയില്ലായെന്ന് വ്യക്തമായ നിങ്ങള്‍ ഈ ബാധ്യതയും ശമ്പള വര്‍ദ്ധനവിന്റെ ബാധ്യതയും അടക്കം എല്ലാം അടുത്ത സര്‍ക്കാറിന്റെ തലയില്‍ മറച്ച് പ്രതിപക്ഷത്തിരുന്ന് സമരങ്ങളുടെ പരമ്പര തീര്‍ത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നത് പരസ്യമായ രഹസ്യമാണ്. വരുമാനമുണ്ടാക്കാതെ കടം വാങ്ങി ചിലവ് നടത്തുന്ന നിങ്ങളുടെ സാമ്പത്തിക ശാസ്ത്രം കൊടും ചതിയാണ്. വഞ്ചനയാണ്. ഒരു തലമുറയോട് ചെയ്യുന്ന മഹാപാതകമാണ്. നാല് വര്‍ഷം കൊണ്ടാണ് താങ്കള്‍ സംസ്ഥാനത്തിന്റെ പൊതുകടം ഇരട്ടിയാക്കിയത്.

ഇത് താങ്കളുടെ പൂര്‍വ്വികരോ ഇന്ത്യയിലെ മറ്റേതെങ്കിലും ധനകാര്യ മന്ത്രിയോ ചെയ്യാത്ത കടുംകൈ പ്രയോഗമാണ്. കടുംവെട്ടാണ്. അടുത്ത സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തെ ശവപ്പറമ്പാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള അങ്ങയുടെ ബുദ്ധി മനുഷ്യസഹജമല്ല. ക്രൂരതയാണ്. അറിവില്ലാത്ത ജനത്തിന് ഇത് അറിയില്ല. പക്ഷേ ഒരു പ്രകൃതി നിയമം ഉണ്ട്. അത് മാത്രം താങ്കള്‍ ഓര്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com