ഗള്‍ഫ് ലേഖകന്‍

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് അന്തരിച്ചു. ഗള്‍ഫ് മേഖലയിലെ സമാധാന ദൂതനായാണ് അദ്ദേഹം അറിയപ്പെടുന്നത്. എപ്പോഴെല്ലാം ഗള്‍ഫ് മേഖല അശാന്തിയില്‍ മുങ്ങിയോ, ഭിന്നതയില്‍ ഉലഞ്ഞുവോ ആ സമയത്തെല്ലാം മധ്യസ്ഥനായും കാരണവരായും എത്തിയ രാഷ്ട്രനേതാവാണ് ശൈഖ് സബാഹ്. ഗള്‍ഫ് മേഖലയ്ക്ക് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് എന്നാണ് മുഴുവന്‍ പേര്. 91 വയസുകാരനായ അദ്ദേഹത്തിന് വാര്‍ധക്യ സഹജമായ ഒട്ടേറെ അസുകങ്ങളുണ്ടായിരുന്നു. ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയവെയാണ് മരണം. കുവൈത്തിന്റെ വികസന കുതിപ്പിലേക്ക് നയിച്ച നേതാവ് കൂടിയാണ് ശൈഖ് സബാഹ്.

വൈദ്യ പരിശോധനയ്ക്കായി ജൂലൈ 18 ന് അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഒരു ദിവസത്തിന് ശേഷം വിജയകരമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. വൈദ്യചികിത്സ പൂര്‍ത്തിയാക്കുന്നതിനായി ജൂലൈ 23 ന് അമീറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ശസ്ത്രക്രിയയ്ക്കുള്ള കാരണമോ യുഎസില്‍ അമീറിന് എന്ത് ചികിത്സയാണ് ലഭിക്കാന്‍ പോകുന്നതെന്നോ അമിറിന്റെ ഓഫീസ് വെളിപ്പെടുത്തിയിട്ടില്ല.
സാമൂഹികരാഷ്ട്രീയ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമാണു ഷെയ്ഖ് സബാഹിന്റേത്. മുബാറകിയ സ്‌കൂളില്‍നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം സര്‍ക്കാര്‍ നടപടികള്‍ നിയന്ത്രിക്കുന്നതിനായുള്ള സമിതിയില്‍ അംഗമെന്നനിലയില്‍ 1954ല്‍ പൊതുപ്രവര്‍ത്തനത്തിനു തുടക്കമിട്ടു. ഒരു വര്‍ഷത്തിനുശേഷം സാമൂഹികതൊഴില്‍ വകുപ്പ് ഡയറക്ടറായി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലത്ത് അദ്ദേഹം തുടക്കമിടുകയും ചെയ്തു.
സ്‌പോര്‍ട്‌സ് ക്ലബുകളുടെ രൂപീകരണത്തിനു പിന്നിലും അദ്ദേഹത്തിന്റെ കരങ്ങളുണ്ട്. 1957ല്‍ പബ്ലിക്കേഷന്‍സ് വകുപ്പ് ഡയറക്ടറായി നിയമിതനായ അദ്ദേഹം അപൂര്‍വ പുസ്തകങ്ങളും രേഖകളും സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചു. ശക്തമായ പ്രസാധക നിയമത്തിനു രൂപംനല്‍കിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഫലമാണു രാജ്യത്തു നിലവിലുള്ള മാധ്യമസ്വാതന്ത്ര്യം.
ബ്രിട്ടനില്‍നിന്നു കുവൈത്തിനു സ്വാതന്ത്ര്യം ലഭിച്ച 1961ല്‍ കുവൈത്ത് ഭരണഘടനാ നിര്‍മാണ സമിതിയില്‍ ഷെയ്ഖ് സബാഹ് അംഗമായി. 1962ല്‍ നിലവില്‍വന്ന മന്ത്രിസഭയില്‍ അദ്ദേഹം ഗൈഡന്‍സ് വകുപ്പു മന്ത്രിയുമായി. 1963ല്‍ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 40 വര്‍ഷമാണ് ആ സ്ഥാനത്തു തുടര്‍ന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യമന്ത്രി പദവി വഹിച്ച വ്യക്തി എന്ന സ്ഥാനവും ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനാണ്. വിദേശകാര്യമന്ത്രി സ്ഥാനം ലോക രാജ്യങ്ങളിലെ നേതാക്കളുമായി ഷെയ്ഖ് സബാഹിനെ അടുപ്പിച്ചു. കുവൈത്തുമായി ബന്ധപ്പെട്ടു രാജ്യാന്തരതലത്തില്‍ അനവധി വേദികളില്‍ അദ്ദേഹം സജീ!വ സാന്നിധ്യവുമായി.
സമതുലിത വിദേശനയത്തിലൂടെ കുവൈത്തിനു രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തതില്‍ ഷെയ്ഖ് സബാഹിനുള്ള പങ്ക് ചെറുതല്ല. യുഎന്‍ രക്ഷാസമിതി അംഗങ്ങളായ അഞ്ചു രാജ്യങ്ങളുമായും കുവൈത്തിനു ശക്തമായ ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായിച്ചു. അധിനിവേശക്കാലത്തു കുവൈത്തിനു മോചനം സാധ്യമാക്കുംവിധം നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൈവരുത്താനായതു
ലോകനേതാക്കളുമായി ഷെയ്ഖ് സബാഹിനുള്ള അടുത്ത ബന്ധമായിരുന്നു. 2003ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെയ്ഖ് സബാഹ് 2006ലാണ് അമീര്‍ പദവിയില്‍ എത്തിയത്. രാജ്യത്തെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ വിജയകരമായ നേതൃത്വം കൊടുത്തു എന്നതാണു ഷെയ്ഖ് സബാഹ് ഭരണകൂടത്തിന്റെ പ്രധാന നേട്ടം.
പ്രതിസന്ധികളെ തത്സമയം തന്റേടത്തോടെ നേരിടുകയെന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. 2015ല്‍ 26പേരുടെ മരണത്തിനിടയാക്കിയ ഷിയാപള്ളി ആക്രമണത്തെ തുടര്‍ന്നു ഷെയ്ഖ് സബാഹ് നടത്തിയ നീക്കം ആരെയും അദ്ഭുതപ്പെടുത്തി. ആക്രമണം നടന്ന സ്ഥലത്ത് ഉടന്‍ കുതിച്ചെത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു നേരിട്ടു നേതൃത്വം നല്‍കിയ ഷെയ്ഖ് സബാഹിന്റെ നീക്കമാണു രാജ്യത്തെ ശാന്തമാക്കിയത്.
ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരവുമായി ആദ്യം രംഗത്തിറങ്ങുന്ന നേതാവെന്ന സ്ഥാനം ഷെയ്ഖ് സബാഹിനു തന്നെ. ഖത്തറിനെതിരെ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും നിലപാടെടുത്തപ്പോള്‍ മധ്യസ്ഥതയുമായി രംഗത്തുവന്നതു ഷെയ്ഖ് സബാഹ് ആണ്. പ്രശ്‌ന രഹിത രാജ്യം, പ്രശ്‌നങ്ങളില്ലാത്ത ഗള്‍ഫ്, സമാധാനപൂര്‍ണമായ ലോകം എന്നതാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന സന്ദേശം. അതുകൊണ്ടുതന്നെ തീവ്രവാദ പ്രചാരണങ്ങളുടെ ശക്തനായ എതിരാളി കൂടിയാണു കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്.