ന്യൂഡൽഹി: കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്ത തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടന ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. അധ്യക്ഷമാറ്റം മാധ്യമ വാർത്ത മാത്രമാണ്. മാധ്യമങ്ങൾക്ക് എവിടെ നിന്നാണ് ഇത്തരം വാർത്തകൾ ലഭിക്കുന്നതെന്നും തോന്നിയ പോലെ വാർത്ത കൊടുത്തിട്ട് തന്നോട് ചോദിക്കുന്നോ എന്നും കെ സുധാകരൻ പറഞ്ഞു.
അതിനിടെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി ആന്റോ ആന്റണി എംപിയും രംഗത്തെത്തി. പ്രചരിക്കുന്നത് ഊഹാപോഹമാണെന്നും നിലവിൽ കെപിസിസിക്ക് അദ്ധ്യക്ഷനും ഭാരവാഹികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷൻമാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാൻഡ് എന്നാണ് പുറത്തുവന്ന വിവരം. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാവ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമൻ കത്തോലിക് വിഭാഗത്തിൽ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെയും ഹൈക്കമാൻഡ് ശരിവെക്കുന്നുവെന്നും വിവരമുണ്ട്.