ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു.

1946 ജൂലൈ അഞ്ചിന് ജനനം. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 1969 ല്‍ ബീഹാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 1974 ല്‍ ലോക്ദളില്‍ ചേര്‍ന്നു, അതിന്റെ ജനറല്‍ സെക്രട്ടറിയായി. അടിയന്തരാവസ്ഥയെ എതിര്‍ത്ത അദ്ദേഹം ഈ കാലയളവില്‍ അറസ്റ്റിലായി. 1977 ല്‍ ഹാജിപൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1980, 1989, 1996, 1998, 1999, 2004, 2014 എന്നീ വര്‍ഷങ്ങളില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

2000 ല്‍ പാസ്വാന്‍ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) രൂപീകരിച്ചു. തുടര്‍ന്ന്, 2004 ല്‍ ഭരണകക്ഷിയായ യുപിഎ സര്‍ക്കാറില്‍ ചേര്‍ന്നു. രാസവള മന്ത്രാലയത്തിന്റെയും സ്റ്റീല്‍ മന്ത്രാലയത്തിന്റെയും ചുമതല വഹിച്ചു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാസ്വാന്‍ വിജയിച്ചെങ്കിലും 2009 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2010 മുതല്‍ 2014 വരെ രാജ്യസഭാംഗമായി അംഗമായ ശേഷം 2014 ലെ തിരഞ്ഞെടുപ്പില്‍ ഹാജിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് 16 ആം ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് യുപിഎ വിട്ട അദ്ദേഹം 2014ലും 2019ലും മോദിസര്‍ക്കാറിന്റെ ഭാഗമായി.