തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കി. ഐക്യകണ്‌ഠേനെയാണ് നിയമസഭ പ്രമേയം പാസ്സാക്കിയത്. കര്‍ഷക വിരുദ്ധവും കോര്‍പറേറ്റുകള്‍ക്ക് അനുകൂലവുമായി കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രമേയത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ബിജെപി അംഗമായ ഒ രാജഗോപാല്‍ കാര്‍ഷിക നിയമത്തെ അനുകൂലിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് വിമര്‍ശിക്കണം എന്നുളള പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതി തളളിയാണ് പ്രമേയം നിയമസഭ പാസ്സാക്കിയിരിക്കുന്നത്.

ബിജെപിയുടെ ഏക നിയമസഭാംഗമായ ഒ രാജഗോപാല്‍ എംഎല്‍എ പ്രമേയത്തെ എതിര്‍ത്തില്ല. പൊതുഅഭിപ്രായത്തെ മാനിക്കുന്നുവെന്ന് ഒ രാജഗോപാല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വിമര്‍ശനം പ്രമേയത്തില്‍ ഉള്‍പ്പെടുത്തണം എന്നുളള ഭേദഗതി കോണ്‍ഗ്രസില്‍ നിന്നും കെസി ജോസഫ് ആണ് മുന്നോട്ട് വെച്ചത്. ഈ ഭേദഗതി സഭ വോട്ടിനിട്ട് തളളി. തുടര്‍ന്ന് ശബ്ദവോട്ടൊടെ പ്രമേയം പാസ്സാക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കൊണ്ടുളള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ അവതരിപ്പിച്ചത്. കര്‍ഷക പ്രക്ഷോഭം ഈ സ്ഥിതിയില്‍ തുടര്‍ന്നാല്‍ കേരളം പട്ടിണിയിലേക്ക് വീഴുമെന്ന് പ്രമേയത്തില്‍ പറയുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും സംസാരിച്ച കെസി ജോസഫ് പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കും എതിരെ വിമര്‍ശനം ഉന്നയിച്ചു. പ്രമേയത്തില്‍ പ്രധാനമന്ത്രിയെ നേരിട്ട് വിമര്‍ശിക്കുന്നില്ലെന്ന വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. കേന്ദ്ര സര്‍ക്കാരിനെ പ്രമേയത്തില്‍ വിമര്‍ശിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയെ പ്രത്യേകമായി വിമര്‍ശിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിച്ച് നിയമമാക്കി, നമുക്കായി തന്നെ സമര്‍പ്പിച്ച ഒന്നാണ് ഭരണഘടന. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന ലിസ്റ്റില്‍ പെട്ട ഒന്നാണ് കൃഷിയെന്നിരിക്കെ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ കൃഷി സംബന്ധമായ നിയമ നിര്‍മ്മാണം അംഗീകരിക്കാനാകില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. പ്രതിഷേധം വക വയ്ക്കാതെ, പ്രതിഷേധിച്ച പാര്‍ലമെന്റംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തും ബില്ല് പാസാക്കിയത് ജനാധിപത്യപരമല്ല. അതിനെല്ലാമുപരി കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് തങ്ങളെ അടിയറവ് വയ്ക്കാന്‍ തയ്യാറല്ലാത്ത അനേകായിരം കര്‍ഷകരുടെ പ്രതിഷേധത്തെ മാനിക്കേണ്ടതുണ്ട്.
നിയമം നമ്മള്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണെന്ന് പറയുമ്പോള്‍ അത് തീര്‍ത്തും ജനാധിപത്യപരമായിരിക്കണം. അതുറപ്പിക്കേണ്ടത്, ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് വ്യവസ്ഥയെ സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്. സംസ്ഥാനത്തിന്റെ വിവേചനാധികാരങ്ങളുപയോഗിച്ച് കേരളം സ്വന്തം നിലപാടറിയിക്കുന്നു. കര്‍ഷക ബില്ലിനെതിരെ പ്രമേയം ഐക്യകണ്‌ഠേന പാസ്സാക്കി കൊണ്ട് കേരളം കര്‍ഷകര്‍ക്കൊപ്പമാണ് എന്ന് പ്രഖ്യാപിക്കുന്നു എന്ന് സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.