ഗ്ലോബല്‍ ഇന്ത്യന്‍ വാര്‍ത്താ വിശകലനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്. നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 101 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ആണ് മുന്നില്‍. അതായത് കഴിഞ്ഞ തവണ ഭരണത്തിലേറിയതിനേക്കാള്‍ പത്ത് മണ്ഡലങ്ങള്‍ അധികം. എന്നാല്‍ തദ്ദേശ കണക്കുകളില്‍ വിശ്വസിക്കേണ്ടെന്ന് യു.ഡി.എഫ് ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.അതേസമയം സംസ്ഥാനത്ത് ഭരണത്തിന്റെ ഗതി നിര്‍ണയിക്കുന്ന മണ്ഡലങ്ങളുണ്ട്.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഇടതുവലത് മുന്നണികളെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കിട്ടിയ വിജയം നിയമസഭയിലും ആവര്‍ത്തിക്കാനാകുമെന്ന് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് ഓരോ മുന്നണിക്കൊപ്പം നിന്ന 37 മണ്ഡലങ്ങളിലെ ഫലമാകും കേരളം ആര് ഭരിക്കണം എന്ന് തിരുമാനിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയും രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇരു മണ്ഡലങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഇടതുമുന്നണിയാണ് നേട്ടം കൊയ്തത്. മണ്ഡലത്തില്‍ ആകെ നാലായിരത്തിലധികം വോട്ടുകള്‍ ആണ് ഇത്തവണ ഇടതുമുന്നണി അധികമായി നേടിയത്. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് ഇവിടെ സി.പി.എം. സി.പി.ഐയുടെ സീറ്റാണ് ഹരിപ്പാട്. മണ്ഡലം പിടിക്കാന്‍ യുവാക്കളെ തന്നെയാകും ഇത്തവണ സി.പി.എം രംഗത്തിറക്കിയേക്കുക. അതേസമയം ഹരിപ്പാടെ കണക്കുകളില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്.
രമേശ് ചെന്നിത്തല നേരിട്ട് തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ട് കൂടി മുന്നണിക്ക് ഉണ്ടായ തിരിച്ചടി നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് നേതാക്കള്‍. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നിത്തല ഇക്കുറി ഹരിപ്പാടിന് പകരം മറ്റ് സുരക്ഷിത മണ്ഡലം തേടണമെന്ന തരത്തില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നുവെങ്കിലും താന്‍ ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയും ഇത്തവണ ഇടത്തോട്ട് ചാഞ്ഞാണ് നില്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടി ഇഫക്ടില്‍ വിജയിച്ച് കയറാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ അസ്ഥാനത്താക്കി വന്‍ വിജയമായിരുന്നു എല്‍.ഡി.എഫ് ഇവിടെ നേടിയത്. എട്ടില്‍ ആറ് പഞ്ചായത്തുകളും യു.ഡി.എഫിന് നഷ്ടമായിരുന്നു. യു.ഡി.എഫ് കോട്ടകള്‍ എന്ന് അറിയപ്പെടുന്ന പഞ്ചായത്തുകളായിരുന്നു നഷ്ടമായവയില്‍ ഏറെയും.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ നിയമസഭയെ സ്വാധീനിക്കാറില്ലെന്ന ആശ്വാസത്തിലാണ് യു.ഡി.എഫ്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മണ്ഡലമായ കണ്ണൂര്‍ തദ്ദേശത്തില്‍ യു.ഡി.എഫ് പക്ഷത്തേക്കാണ് മറിഞ്ഞത്. നിയമസഭയിലും ഇത് ആവര്‍ത്തിക്കാന്‍ പാളിച്ചകള്‍ ഇല്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലും ഇക്കുറി അട്ടിമറിക്കുള്ള സാധ്യത ഉയരുന്നുണ്ട്. കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനൊപ്പം നിന്ന ഈ മണ്ഡലങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ചവയാണ്. പേരാമ്പ്രയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് പതിനായിരത്തിലേറെ വോട്ടുകളാണ് ലഭിച്ചത്.
കൊയിലാണ്ടിയില്‍ പക്ഷേ ഇക്കുറി മൂവായിരത്തില്‍ താഴെ ഭൂരിപക്ഷമേ എല്‍.ഡി.എഫിന് ലഭിച്ചുള്ളൂ. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ മണ്ഡലങ്ങളിലെ കണക്കുകള്‍ യു.ഡി.എഫിന് ആശ്വസിക്കാവുന്നതാണ്. കെ മുരളീധരന് ഇവിടെ അട്ടിമറി വിജയമാണ് നേടിയത്. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയില്‍ മത്സരിച്ചാല്‍ ഇത്തവണ മണ്ഡലം പിടിക്കാനാകുമന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. അതേസമയം പേരാമ്പ്രയിലും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മുല്ലപ്പള്ളിയല്ലേങ്കില്‍ കെ.എസ്.യു നേതാവ് അഭിജിത്തിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലേക്ക് ചാഞ്ഞ മലപ്പുറത്തെ കൊടുവള്ളിയും നിലമ്പൂരിലും സ്വതന്ത്രരെ ഇറക്കി ഭരണം പിടിക്കാനാണ് എല്‍.ഡി.എഫ് തന്ത്രം. അതേസമയം പെരിന്തല്‍മണ്ണയിലേയും മണ്ണാര്‍ക്കാട്ടേയും കണക്കുകളില്‍ എല്‍.ഡി.എഫിന് ആശ്വസിക്കാനുള്ള വകയുണ്ട്. ഇടതുമുന്നണി ഇവിടങ്ങളില്‍ മുന്നേറ്റം കാഴ്ചവെച്ചതോടെ യുവരക്തങ്ങളെ ഇറക്കി പോരാടാനാണ് ലീഗ് ഒരുങ്ങുന്നത്. ഇത്തവണ തിരുവനന്തപുരത്തെ കണക്കുകളില്‍ ഏറെ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും എല്‍.ഡി.എഫിന് ഒപ്പം നിന്നിരുന്നു. നിലവില്‍ യു.ഡി.എഫിന്റെ പക്കലുള്ള അരുവിക്കര, കോവളം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനാണ് ലീഡ്. അതേസമയം എല്‍.ഡി.എഫിന്റെ പക്കല്‍ നിന്ന് നെയ്യാറ്റിന്‍കര മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തിരുന്നു.
വീണാ ജോര്‍ജ്ജിന്റെ മണ്ഡലമായ ആറന്‍മുളയില്‍ ഇത്തവണ യു.ഡി.എഫ് ആണ് മേല്‍ക്കൈ നേടിയത്. എന്നാല്‍ വീണ ജോര്‍ജിനെ ഇറക്കിയാല്‍ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇടതുമുന്നണി. കോട്ടയം ജില്ലയിലും ഇത്തവണ മത്സരം പ്രവചനാതീതമാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയിലൂടെ ഇടതുപക്ഷം വന്‍ മുന്നേറ്റം കാഴ്ചവെച്ചിരുന്നുവെങ്കിലും നിയമസഭയില്‍ അത് ആവര്‍ത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫ് മെനയുന്നത്. എല്‍ഡിഎഫിനെ വെട്ടാന്‍ പി.സി ജോര്‍ജ്ജിന്റെ ജനപക്ഷം സെക്കുലറിനേയും പി.സി തോമസിനേയും യു.ഡി.എഫ് ഒപ്പം കൂട്ടിയേക്കുമെന്നാണ് വാര്‍ത്തകള്‍.