ഗ്ലോബല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഡസ്‌ക്ക്

ഇത് വാര്‍ത്തയല്ല, ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്. കെ.പി.സി.സി.യുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രത്തില്‍ കെ.സി വേണുഗോപാലും ഇടം പിടിച്ചത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ആയിരുന്നു വേണുഗോപാലും ഇടം നേടിയത്. കേരള രാഷ്ട്രീയത്തില്‍ ഇനി വേണുഗോപാലിനും പ്രസക്തിയുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രം. കോണ്‍ഗ്രസ് ഗ്രൂപ്പില്ലാതെ പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത സാഹചര്യമാണിപ്പോഴത്തേത്. എന്നാല്‍ ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രം ഗ്രൂപ്പ് തിരിഞ്ഞുള്ള വിമര്‍ശനങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. കവര്‍ ചിത്രത്തില്‍ ചിലരെ ഉള്‍പ്പെടുത്തിയതും ചിലരെ ഒഴിവാക്കിയും ആണ് സൈബര്‍ അണികളെ രോഷം കൊള്ളിക്കുന്നത്. കമന്റുകളില്‍ തന്നെ ഇത് പ്രകടമാണ്.

എന്തിനാണ് എ.കെ ആന്റണിയേയും മുല്ലപ്പള്ളി രാമചന്ദ്രനേയും കെ.സി വേണുഗോപാലിനേയും ഒക്കെ ഈ കവര്‍ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ചിലരുടെ ചോദ്യം. ഇത് തെറ്റായ സന്ദേശമാണ് അണികള്‍ക്ക് നല്‍കുന്നത് എന്ന വിമര്‍ശനവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എ.കെ ആന്റണിയുടെ കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് പലര്‍ക്കും. ചിലരെ ഉള്‍പ്പെടുത്തിയത് മാത്രമല്ല അണികളുടെ പ്രശ്‌നം. മറ്റ് ചിലരെ ഒഴിവാക്കിയതും കൂടിയാണ്. കെ മുരളീധരനേയും കെ സുധാകരനേയും ഉള്‍പ്പെടുത്താത്തതിന്റെ രോഷം കമന്റുകളില്‍ ഒരുപാട് കാണാനാകും. ആന്റണിയേയും കെ.സി വേണുഗോപാലിനേയും ഒഴിവാക്കിക്കൊണ്ട് മുരളിയേയും സുധാകരനേയും ചേര്‍ക്കേണ്ടതായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
യുവനേതാക്കളെ ആരേയും ഉള്‍പ്പെടുത്താത്തതിലുള്ള രോഷവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഷാഫി പറമ്പില്‍, വി.ടി ബല്‍റാം എന്നിവര്‍ക്ക് വേണ്ടിയാണ് ഇവരുടെ വാദം. പുതുതലമുറ നേതാക്കളെ മുന്നില്‍ നിര്‍ത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് രക്ഷയുള്ളൂ എന്നും ചിലര്‍ പറയുന്നുണ്ട്. യു.ഡി.എഫ് കണ്‍വീനര്‍ ആയ എം.എം ഹസ്സനെ എന്ത് അടിസ്ഥാനത്തില്‍ ആണ് ഒഴിവാക്കിയത് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ജാതി സമവാക്യമാണ് കെ.പി.സി.സിയുടെ കവര്‍ ചിത്രത്തില്‍ പ്രകടമാകുന്നത് എന്നാണ് മറ്റൊരു ആക്ഷേപം. ഹസ്സനേയും കൊടിക്കുന്നില്‍ സുരേഷിനേയും ഒക്കെ ഒഴിവാക്കിയത് അത്തരം സമവാക്യങ്ങളുടേയും താത്പര്യങ്ങളുടേയും ഭാഗമായിട്ടാണോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം പോലും ചിലരില്‍ രോഷമുണ്ടാക്കുന്നുണ്ട്. വലതു ഭാഗത്ത് ഏറ്റവും പിറകിലായിട്ടാണ് ഉമ്മന്‍ ചാണ്ടിയുള്ളത്. തിരഞ്ഞെടുപ്പ് നയിക്കാന്‍ ശേഷിയുള്ള ഉമ്മന്‍ ചാണ്ടിയെ പിറകിലാക്കിയത് മോശമായിപ്പോയി എന്നാണ് പരാതി. പിന്നില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തിയാല്‍ തിരഞ്ഞെടുപ്പ് ജയിക്കുമെന്നും ചിലര്‍ പറയുന്നുണ്ട്. ചിത്രത്തില്‍ രമേശ് ചെന്നിത്തലയുടെ മുഖ ഭാവം പോലും ചിലര്‍ പ്രശ്‌നവത്കരിക്കുന്നുണ്ട്. ബാക്കി എല്ലാവരുുടേയും ചിരിച്ചുനില്‍ക്കുന്ന ചിത്രങ്ങളാണെങ്കില്‍, ചെന്നിത്തലയുടേത് അത്തരത്തിലുള്ള ഒന്നല്ല എന്നതാണ് പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ പരിഹസിച്ചും ചിലര്‍ രംഗത്ത് വരുന്നുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രനും എ.കെ ആന്റണിയും എം.എം ഹസ്സനും നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കട്ടേ എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. അവര്‍ക്ക് പകരം കെ മുരളീധരന്റേയും കെ സുധാകരന്റേയും ഷാഫി പറമ്പിലിന്റേയും പേരുകളാണ് ഉയര്‍ത്തുന്നത്. വിഡി സതീശനെ പിന്തുണച്ചുകൊണ്ടും ചിലര്‍ രംഗത്ത് വരുന്നുണ്ട്. ചിത്രത്തിലുള്ള അഞ്ചില്‍ നാല് പേരേയും ഇപ്പോള്‍ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും അവര്‍ ബാധ്യതയാണെന്നും പറയുന്നവരുണ്ട്. അവര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ മാത്രമാണ് പഥ്യം. അതിനൊപ്പം സുധാകരനേയും മുരളിയേയും കൂടി കൊണ്ടുവന്നാല്‍ പോലും ഇവര്‍ക്ക് തര്‍ക്കമൊന്നുമില്ല.
വി.എം സുധീരനെ എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യവും ചിലര്‍ ചോദിക്കുന്നുണ്ട്. കേരളത്തില്‍ ഏറ്റവും പ്രതിച്ഛായയുള്ള സുധീരനെ പോലെ ഒരാളെ മാറ്റി നിര്‍ത്തിയതിലും ജാതി സമവാക്യ പ്രശ്‌നങ്ങള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്തായാലും പോസ്റ്റില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും കെപിസിസി മറുപടി നല്‍കുമെന്ന പ്രതീക്ഷ കമന്റ് ചെയ്തവര്‍ക്കുമില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ നിന്ന് കര കയറാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇത്തവണ ഭരണം ലഭിച്ചില്ലെങ്കില്‍, കേരളത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ ഭീഷണിയിലാകുമെന്ന വിലയിരുത്തലും ഉണ്ട്. അതുകൊണ്ട് തന്നെ, കേന്ദ്ര നേതൃത്വം നേരിട്ടാണ് കേരളത്തിലെ നീക്കങ്ങള്‍ നിയന്ത്രിക്കുന്നത്.