തൃശൂര്‍: കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് ഗ്രൂപ്പിലെ പ്രമുഖരായ നേതാക്കള്‍ രാജിവച്ചു. ഇനിയും ജോസഫിനൊപ്പം നിന്നാല്‍ രക്ഷയില്ല എന്ന് കണ്ടാണ് രാജി. നിരവധി നേതാക്കള്‍ ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരാന്‍ തീരുമാനിച്ചു. തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് കൂട്ട രാജി. തൃശൂര്‍ ജില്ലയില്‍ ജോസഫ് പക്ഷത്ത് നിന്ന് രാജിവച്ച നിരവധി പേര്‍ ജോസ് പക്ഷത്തോടൊപ്പം ചേരും. ആലപ്പുഴയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചവരാണ് ജോസ് പക്ഷത്ത് ചേര്‍ന്നത്.

ജോസഫ് ഗ്രൂപ്പിലെ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം പി.കെ രവി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ജോസ് പക്ഷത്തേക്ക് കളം മാറിയത്. തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെജെ തോമസും ജോസ് പക്ഷത്തേക്ക് മാറി. നിയോജക മണ്ഡലം പ്രസിഡന്റുമാരും ഇവര്‍ക്കൊപ്പമുണ്ട്. മൊത്തം 250ഓളം പേരാണ് രാജിവച്ചിരിക്കുന്നത്. രാജിക്കാര്യം നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. ജോസ് കെ മാണിയില്‍ നിന്ന് പാര്‍ട്ടി മെംബര്‍ഷിപ്പ് സ്വീകരിക്കും.

തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തകരില്‍ പകുതി പേര്‍ ജോസ് പക്ഷത്തേക്ക് മാറി എന്നാണ് ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്നവര്‍ പറയുന്നത്. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ജോസ് പക്ഷമാണെന്നും ജോസ് പക്ഷത്തിനാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചതെന്നും രാജിവച്ചവര്‍ പറയുന്നു. നാളെ ഉച്ചയ്ക്ക് പാര്‍ട്ടി ഓഫീസിലും വൈകീട്ട് എസ്.എന്‍ പുരത്ത് നടക്കുന്ന യോഗത്തിലുമായി അംഗത്വം സ്വീകരിക്കും.
ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചവരാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരാന്‍ തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ജോസ് പക്ഷം കൂടുതല്‍ ശക്തരാകുന്നു എന്നാണ് വിവരം. നൂറനാട് പഞ്ചായത്തില്‍ 50ഓളം പേര്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറിയും കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന ബൈജു കലാശാല രാജിവച്ചതിന് പിന്നാലെയാണ് കൂടുതല്‍ രാജി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു ബൈജു കലാശാല. ഇദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെ അശോക് കുമാറും കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നൂറനാട് പഞ്ചായത്തില്‍ നേതാക്കളും പ്രവര്‍ത്തകരുമടക്കം 50ഓളം പേരാണ് കഴിഞ്ഞദിവസം രാജിവച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്.
താമരക്കുളം, വള്ളികുന്നം, ചുനക്കര, പാലമേല്‍ പഞ്ചായത്തുകളില്‍ നിന്ന് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവെക്കാന്‍ സാധ്യതയുണ്ട് എന്നാണ് പുതിയ വിവരം. ഈ മാസം 12ന് ചാരുംമൂടില്‍ പൊതുസമ്മേളനം സംഘടിപ്പിക്കും. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എത്തിയവര്‍ ഈ യോഗത്തില്‍ വച്ച് ജോസ് കെ മാണിയില്‍ നിന്ന് അംഗത്വം സ്വീകരിക്കും.
കോണ്‍ഗ്രസ് നൂറനാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ ബാബു കലഞ്ഞിവിള, സോമന്‍ മാധവന്‍, നൂറനാട് മണ്ഡലം മുന്‍ പ്രസിഡന്റ് പ്രദീപ് കിടങ്ങയം, സെക്രട്ടറി വേണു പാലമേല്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്. കോണ്‍ഗ്രസിന് മതേതര നിലപാട് ഇല്ലാതായിരിക്കുന്നു എന്നാണ് രാജിവച്ച ചിലര്‍ കുറ്റപ്പെടുത്തുന്നത്. നേതാക്കളുടെ തമ്മിലടിയും ഇവര്‍ക്ക് മടുപ്പുണ്ടാക്കി.