ഗ്ലോബല്‍ ഇന്ത്യന്‍ സ്‌പെഷല്‍

അപ്രതീക്ഷിത നീക്കത്തിലൂടെ ഉമ്മന്‍ ചാണ്ടിയെ കളത്തിലിറക്കിയതോടെ പിണറായി-ഉമ്മന്‍ചാണ്ടിയുമായി നേരിട്ടുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. മുന്‍ നിരയിലുണ്ടായിരുന്ന രമേശ് ചെന്നിത്തല ഇനി ഉമ്മന്‍ ചാണ്ടിക്ക് പിന്നില്‍ നില്‍ക്കും. യു.ഡി.എഫിലെ ഏറ്റവും ജനകീയനായ നേതാവും ഇടതുപക്ഷത്തിന്റെ കരുത്തും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കാകും എന്നത് സസ്‌പെന്‍സ്. പിണറായിയും ഉമ്മന്‍ ചാണ്ടിയും ഏത് രാഷ്ട്രീയ സാഹചര്യത്തിലും നിയമസഭയിലെത്തും. എന്നാല്‍ രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും സ്ഥിതി വ്യത്യസ്തമാണ് എന്നാണ് നിരീക്ഷണം.

പി.കെ കുഞ്ഞാലിക്കുട്ടിക്ക് ജയം ഉറപ്പാണെന്ന് പറയാം. പക്ഷേ എം.പി സ്ഥാനം രാജിവച്ച് ജനവിധി തേടുന്നതിനെതിരായ പ്രതിഷേധത്തിന്റെ വ്യാപ്തിയായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ വിധിയും നിര്‍ണ്ണയിക്കുക. യു.ഡി.എഫ് നേതാക്കളായ പി.ജെ ജോസഫും ഷിബു ബേബി ജോണുമെല്ലാം മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കടുത്ത മത്സരമാണ് നേരിടേണ്ടി വരിക. ഏത് വെല്ലുവിളിയിലും ജയിക്കാന്‍ സാധ്യതയുള്ള ഉറച്ച നിരവധി സീറ്റുകള്‍ സി.പി.എമ്മിന്റെ കൈവശമുണ്ട്. ഇതില്‍ കൂടുതലും കണ്ണൂര്‍ ജില്ലയിലാണ്. മുസ്ലീം ലീഗിന് മലപ്പുറത്തും ഇതുപോലെ ചില മണ്ഡലങ്ങളുണ്ട്.
എന്നാല്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ലീഗ് കോട്ടകളില്‍ വിള്ളലുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. എറണാകുളം ജില്ലയില്‍ ട്വന്റി ട്വന്റി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ യു.ഡി.എഫാണ് വലിയ ഭീഷണി നേരിടുക. പത്തോളം മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ നീക്കം. ഇതാകട്ടെ ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ നേട്ടമാണുണ്ടാക്കുക. കോണ്‍ഗ്രസ്സ് വോട്ട് ബാങ്കില്‍ ട്വന്റി ട്വന്റി വിള്ളലുണ്ടാക്കുമെന്നതിനാല്‍ അവരുമായി അനുനയ ചര്‍ച്ചയും അണിയറയില്‍ തുടങ്ങിയിട്ടുണ്ട്.
ജോസ് കെ മാണി വിഭാഗത്തിന്റെ കടന്നു വരവോടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് മധ്യ തിരുവതാംകൂറില്‍ ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ, എറണാകുളം ജില്ലകളിലെ ചില മണ്ഡലങ്ങളിലും ജോസ് വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് പ്രകടവുമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത് തന്നെ മധ്യ കേരളത്തിലെ പ്രതാപം തിരിച്ചു പിടിക്കുന്നതിനാണ്. നീരസമുള്ള ചില ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പുറമെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തെയും ഒപ്പം നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് നീക്കം തുടങ്ങിയിട്ടുണ്ട്.
അതേസമയം എന്‍.എസ്.എസിനെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പിയും ഇപ്പോള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ് ഇതിനായി ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. വെള്ളാപ്പള്ളി നടശനുമായും ബി.ജെ.പി ദേശീയ നേതൃത്വം ചര്‍ച്ച നടത്തും. ബി.ഡി.ജെ.എസ് മുന്നണിയിലുണ്ടെങ്കിലും അത് മാത്രം പോരന്നതാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിലപാട്. എസ്.എന്‍.ഡി.പി യോഗം നേരിട്ട് പിന്തുണയ്ക്കണമെന്നതാണ് അവരുടെ ആവശ്യം. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം സംഘടനകളെ ഒപ്പം നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്. സമസ്തയെയും കാന്തപുരം വിഭാഗത്തെയും ഒപ്പം നിര്‍ത്താനാണ് ശ്രമം.
മുഖ്യമന്ത്രിയില്‍ മുസ്ലീം സംഘടനകള്‍ക്ക് ആഭിമുഖ്യം വര്‍ദ്ധിച്ചതോടെയാണ് യു.ഡി.എഫ് നേതാക്കള്‍ അനുനയ ശ്രമവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പിണറായി വിജയന്റെ കേരളയാത്രയില്‍ മുസ്ലീം നേതാക്കള്‍ വ്യാപകമായാണ് പങ്കെടുത്തിരുന്നത്. ഒടുവില്‍ മലപ്പുറത്തെ കൂടിക്കാഴ്ചയില്‍ നിന്നും സമസ്ത നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് തന്നെ നേരിട്ട് ഇടപെടേണ്ടിയും വന്നിരുന്നു.
എന്നിട്ടും സമസ്ത യോഗത്തിലേക്ക് പ്രതിനിധിയെ പറഞ്ഞയക്കുകയുണ്ടായി. ലീഗിന്റെ പരമ്പരാഗത വോട്ട് ബാങ്കായ സമസ്തക്ക് ഇടതുപക്ഷത്തോട് ആഭിമുഖ്യം വര്‍ദ്ധിച്ചത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തോടെയാണ്. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി നേതൃത്വങ്ങള്‍ക്ക് യു.ഡി.എഫ് ആഭിമുഖ്യമാണ് കൂടുതലെങ്കിലും അണികളില്‍ നല്ലൊരു വിഭാഗവും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്.