കൊച്ചി: കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വെച്ച് അപമാനിക്കപ്പെട്ടതായി വെളിപ്പെടുത്തി മലയാളത്തിലെ പ്രമുഖ യുവനടി. രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചതായാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. കുടുംബത്തോടൊപ്പമായിരുന്നു നടി. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനില്ലെന്നാണ് നടിയുടെ കുടുംബം വ്യക്തമാക്കിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ

വ്യാഴാഴ്ച രാത്രിയാണ് യുവനടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലെ സ്റ്റാറ്റസില്‍ കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ചെറുപ്പക്കാര്‍ കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വെച്ച് തന്നെ പിന്തുടര്‍ന്നുവെന്നും ശരീരത്തിന്റെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചുവെന്നും നടി വെളിപ്പെടുത്തി. നടിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് വായിക്കാം:

”ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുളള ഒരാളല്ല. എന്നാല്‍ ഇന്ന് സംഭവിച്ച കാര്യം പറയാതെ പോകാവുന്നതാണെന്ന് കരുതുന്നില്ല. കൊച്ചിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ വിശാലമായ ഇടനാഴിയിലൂടെ പോകവേ തന്നെ കടന്ന് രണ്ട് ചെറുപ്പക്കാര്‍ പോയി. അവരില്‍ ഒരാള്‍ തന്നെ കടന്ന് പോകവേ തന്റെ ശരീരത്തിന്റെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചു. അത് യാദൃശ്ചികമായി സംഭവിച്ചതായിരുന്നില്ല…”
അത് തന്നെ ഞെട്ടിച്ചത് കൊണ്ട് തനിക്ക് അപ്പോള്‍ തന്നെ പ്രതികരിക്കാന്‍ സാധിച്ചില്ല. സംശയത്തിന്റെ ആനുകൂല്യം അയാള്‍ നല്‍കണോ എന്ന് തനിക്ക് തോന്നിയിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ശരിയല്ലാത്തതാണ് എങ്കില്‍ അത് നമ്മള്‍ക്ക് സ്വയമേ തന്നെ മനസ്സിലാകും. തന്റെ സമീപത്ത് നിന്നും അധികം ദൂരെ അല്ലാതെ നില്‍ക്കുകയായിരുന്ന സഹോദരി ഈ സംഭവം വ്യക്തമായി കണ്ടിട്ടുമുണ്ട്.
അവള്‍ തന്റെ സമീപത്തേക്ക് വരികയും കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് ചോദിക്കുകയും ചെയ്തു. താന്‍ ഉറപ്പായും ഓകെ ആയിരുന്നില്ല. അത് മനപ്പൂര്‍വ്വം ചെയ്തത് തന്നെ ആണ് എന്ന് തന്റെ സഹോദരിക്ക് പോലും തോന്നിയെങ്കില്‍ അതിനര്‍ത്ഥം തനിക്ക് വെറുതേ തോന്നിയതല്ല എന്ന് തന്നെ ആയിരുന്നു. സംഭവിച്ചത് എന്തെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കവേ തനിക്ക് ആകെ ശൂന്യതയാണ് അനുഭവപ്പെട്ടത്.
താന്‍ ആ ചെറുപ്പക്കാര്‍ക്ക് സമീപത്തേക്ക് നടന്ന് ചെന്നുവെങ്കിലും അവര്‍ തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. തനിക്ക് മനസ്സിലായിട്ടുണ്ട് എന്ന് അവനെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു താന്‍ ഉദ്ദേശിച്ചത്. ആ രണ്ട് പേരും പെട്ടെന്ന് തന്നെ അവിടെ നിന്ന് മാറിപ്പോയി. ഒന്നും പറയാന്‍ സാധിച്ചില്ലെന്ന അരിശത്തിലായിരുന്നു താന്‍. അവരോട് പറയാനുളള വ്യക്തമായ ഒരു വാചകം തനിക്കപ്പോള്‍ കിട്ടിയിരുന്നില്ല. താനും സഹോദരിയും അവിടെ നിന്ന് അമ്മയും സഹോദരനുമുണ്ടായിരുന്ന പച്ചക്കറികള്‍ വാങ്ങുന്ന സെക്ഷനിലേക്ക് ചെന്നു. ആ സമയം ഈ രണ്ട് ചെറുപ്പക്കാരും തങ്ങളെ പിന്തുടര്‍ന്നു. അമ്മയും സഹോദരനും സാധനങ്ങള്‍ വാങ്ങുന്നതിനിടെ താനും സഹോദരിയും ബില്ലിംഗ് സെക്ഷനിലേക്ക് പോകുകയായിരുന്നു.
ആ സമയത്ത് ഈ രണ്ട് ചെറുപ്പക്കാരും തങ്ങളുടെ അടുത്തേക്ക് വരികയും സംസാരിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. സംസാരിക്കാന്‍ ശ്രമിച്ച് കൊണ്ട് അയാള്‍ അടുത്തേക്ക് വരാന്‍ നോക്കുകയുമായിരുന്നു. താന്‍ ചെയ്യുന്ന സിനിമകളെ കുറിച്ചായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. തങ്ങള്‍ അയാള്‍ക്ക് മറുപടി കൊടുത്തില്ല. സ്വന്തം കാര്യം നോക്കാന്‍ പറഞ്ഞ് അവിടെ നിന്നും പോകാന്‍ ആവശ്യപ്പെട്ടു. അമ്മ തങ്ങള്‍ക്ക് അരികിലേക്ക് വരുന്നത് കണ്ടതോടെ അവര്‍ അവിടെ നിന്നും പോയി. ഇതെഴുതുന്ന സമയത്ത് അവരോട് ആ സമയത്ത് പറയാമായിരുന്ന ആയിരം കാര്യങ്ങളെ കുറിച്ചും തനിക്ക് ചെയ്യാമായിരുന്ന നൂറ് കാര്യങ്ങളെ കുറിച്ചുമാണ് താന്‍ ആലോചിക്കുന്നത്. എന്നാല്‍ അതൊന്നും ചെയ്തില്ല. ഒന്നും ചെയ്യാനായില്ല. ഇതിവിടെ പറയുന്നത് തനിക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നതിന് വേണ്ടിയാണ്.
ഇതിവിടെ പറയുന്നത്് എന്തെങ്കിലുമൊന്ന് ചെയ്തു എന്നുളള ആശ്വാസത്തിന് വേണ്ടിയാണ്, കാരണം അവര്‍ ഒരു കുറ്റബോധവും പ്രശ്‌നവും ഇല്ലാതെയാണ് പോയത്. അവര്‍ ഇത് വീണ്ടും ആവര്‍ത്തിക്കാം. അത് തന്നെ രോഷം കൊളളിക്കുന്നു. ഇതാദ്യമായല്ല ഇത്തരത്തിലുളള അനുഭവം തനിക്കുണ്ടാവുന്നത്. ഓരോ തവണയും അത് വ്യത്യസ്തവും ബുദ്ധിമുട്ടേറിയതുമായിരുന്നു.
വീടിന് പുറത്തിറങ്ങുന്ന ഓരോ നിമിഷവും സുരക്ഷിതത്ത്വം ഉറപ്പ് വരുത്തണം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് തളര്‍ത്തുന്നതാണ്. കുനിയുമ്പോഴും തിരിയുമ്പോഴും വസ്ത്രം സൂക്ഷിക്കണം. ജനത്തിരക്കില്‍ കൈകള്‍ കൊണ്ട് മാറിടം സംരക്ഷിക്കണം. ആ ലിസ്റ്റ് അങ്ങനെ നീണ്ട് പോകുന്നു. താന്‍ വീട്ടിലിരിക്കുമ്പോള്‍ ഇതൊക്കെ ചെയ്യേണ്ടി വരുന്ന തന്റെ അമ്മയേയും സഹോദരിയേയും സുഹൃത്തുക്കളേയും കുറിച്ച് ആശങ്കപ്പെടുന്നു.
ഇതെല്ലാം ഇത്തരക്കാരായ പുരുന്മാരാലാണ്. നിങ്ങള്‍ ഞങ്ങളുടെ സുരക്ഷിതത്വത്തെ ഇല്ലാതാക്കുന്നു. ഞങ്ങളുടെ സ്ത്രീത്വത്തിന്റെ സന്തോഷങ്ങളെ ഇല്ലാതാക്കുന്നു. നിങ്ങളോട് എനിക്ക് പുച്ഛം മാത്രമാണ് ഉളളത്. ഇത് വായിക്കുന്ന പുരുഷന്മാരില്‍ ആരെങ്കിലും ഏതെങ്കിലും തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍, നിങ്ങളാണ് ഏറ്റവും തരംതാണവരെന്നും നിങ്ങള്‍ നരകമല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ലെന്നും അറിയുക. ആ രണ്ട് പേരെ പോലെ ഇത്തരം തെറ്റുകള്‍ ചെയ്ത് രക്ഷപ്പെട്ട് പോകാന്‍ നിങ്ങള്‍ക്ക് കഴിയാതിരിക്കട്ടെ എന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നു. ഇത് വായിക്കുന്ന സ്ത്രീകളോട് പറയാനുളളത്, ആ പുരുഷന്മാരുടെ മുഖത്തടിക്കാന്‍ തനിക്ക് ഇല്ലാതെ പോയ ധൈര്യം നിങ്ങള്‍ക്കുണ്ടാവട്ടെ എന്നാണ്” എന്നാണ് നടിയുടെ കുറിപ്പ്. സംഭവത്തില്‍ പോലീസില്‍ പരാതിപ്പെടാനില്ലെന്നാണ് നടിയുടെ കുടുംബം വ്യക്തമാക്കിയിരിക്കുന്നത്.