ന്യൂഡല്‍ഹി: കൊവിഡിനെതിരെ രാജ്യം ഏറെ പ്രതീക്ഷയര്‍പ്പിച്ച വാക്‌സിനുകളില്‍ ഒന്നാണ് ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കൊവാക്‌സിന്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് വികസിപ്പിച്ച ഈ വാക്‌സിന്‍ ഇപ്പോള്‍ രാജ്യത്ത് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാല്‍ ഈ വാക്‌സിനുമായി ബന്ധപ്പെട്ട വിവാദ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാക്‌സിന്‍ കുത്തിവച്ച യുവാവിന് പ്രതികൂലമായി ബാധിക്കുകയും ഗുരുതര രോഗം കണ്ടെത്തുകയും ചെയ്തിട്ടും പരീക്ഷണം നിര്‍ത്തിവച്ചില്ലെന്നാതാണ് വിവാദം.

വാക്‌സിന്‍ വികസിപ്പിച്ചതിന് ശേഷം ആഗസ്റ്റ് മാസം നടത്തിയ പരീക്ഷണത്തിലാണ് കുത്തിവച്ച ആള്‍ക്ക് പ്രതികൂലമായി ബാധിച്ചത്. വാക്‌സിന്‍ സ്വീകരിച്ച 32കാരന് രണ്ട് ദിവസത്തിനുള്ളില്‍ ന്യൂമോണിയ ബാധിക്കുകയും ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാള്‍ ആശുപത്രിവിട്ടത്. എന്നാല്‍ ഇയാള്‍ക്ക് നേരത്തെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

പരീക്ഷണത്തിനിടെ പ്രതികൂലമായി എന്തെങ്കിലും സംഭവിച്ചാലോ പാര്‍ശ്വഫലം കണ്ടെത്തിയാലോ ട്രയല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പരിശോധനയില്‍ വാക്‌സിന് പ്രശ്‌നമില്ലെന്ന് കണ്ടെത്തിയാല്‍ തുടരുകയും ചെയ്യുന്നതാണ് നടപടി. മറ്റ് ചില വിദേശ കമ്പനികളുടെ വാക്‌സിന്‍ പരീക്ഷണത്തിനിടെ ഇങ്ങനെ സംഭവിച്ചപ്പോള്‍ പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ വാക്‌സിനുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു സംഭവം ആഗസ്റ്റില്‍ ഉണ്ടായിട്ട് ഇപ്പോള്‍ മാത്രമാണ് പുറത്തറിഞ്ഞത്. ഇന്ത്യയില്‍ നടത്തിയ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തില്‍ മികച്ച ഫലം നല്‍കിയെന്നതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു.
രാജ്യത്തുള്ള 22 ആശുപത്രികളില്‍ നിന്നായി 26,000 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് സംസ്ഥാനത്തെ ആദ്യ കുത്തിവയ്പ്പ് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതികൂലമായ ഒരു സംഭവം കൊവാക്‌സിന് സംഭവിച്ചെന്നത് ചെറിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം, പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതിന്റെ കാരണം വാക്‌സിന്റേതല്ലെന്ന് കണ്ടെത്തിയതായി ഭാരത് ബയോടെക് അറിയിച്ചു. പങ്കെടുത്തയാള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായത് സിഡിഎസ്സിഒയെ അറിയിച്ചിരുന്നു. എല്ലാ പരീക്ഷണങ്ങളിലും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും.