ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം എയര്‍ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ തുടരുമെന്നും ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.

യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ്,ജപ്പാന്‍, ബഹ്‌റൈന്‍, അഫ്ഗാനിസ്ഥാന്‍, ഒമാന്‍, ഖത്തര്‍, നൈജീരിയ, യുക്രെയിന്‍, ബംഗ്ലാദേശ്,മാലിദ്വീപ് എന്നിവയുള്‍പ്പെടെ 18 ഓളം രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറുകള്‍ രൂപീകരിച്ചിരിക്കുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം, പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ അവരുടെ പ്രദേശങ്ങള്‍ക്കിടയില്‍ അവരുടെ എയര്‍ലൈന്‍സിന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കും തിരിച്ചുമുള്ള അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് മാര്‍ച്ച് 23 മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജുലൈ മുതല്‍ വന്ദേ ഭാരത് മിഷന് കീഴിലും എയര്‍ ബബിള്‍ പദ്ധതിയിലും മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചും സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തിയ ആഭ്യന്തര സര്‍വ്വീസിന് മെയ് 25 മുതലാണ് അനുമതി നല്‍കിയത്.