കോട്ടയം: എക്കാലത്തും യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ് മധ്യകേരളം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ വിജയം നേടിയപ്പോഴും മധ്യകേരളത്തിലെ യു.ഡി.എഫ് മുന്‍തൂക്കത്തില്‍ വലിയ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം തങ്ങളോടൊപ്പം ചേര്‍ന്നതോടെ മധ്യകേരളത്തിലെ യു.ഡി.എഫ് കോട്ടകളില്‍ കടന്നു കയറാന്‍ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ. എന്നാല്‍ കോട്ടയം ഉള്‍പ്പടേയുള്ള ജില്ലകളില്‍ ജോസിന്റെ അഭാവത്തിലും മികച്ച പ്രകടനം തുടരാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മെനയുന്നത്.

ആകെ 9 മണ്ഡലങ്ങളാണ് കോട്ടയം ജില്ലയില്‍ ഉള്ളത്. ഇതില്‍ വൈക്കവും പഴയ കോട്ടയം മണ്ഡലവും മാത്രമായിരുന്നു ഇടതു മുന്നണി സ്ഥിരമായി ജയിക്കാറുണ്ടായിരുന്നത്. പിസി ജോര്‍ജ് മുന്നണിയുടെ ഭാഗമായപ്പോള്‍ പൂഞ്ഞാറും ഇടതിനൊപ്പം നിന്നു. മണ്ഡ!ല പുനരേകീകരണത്തിലൂടെ പഴയ കോട്ടയത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയതോടെ തിരുവഞ്ചൂരിലെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു.

നഷ്ടപ്പെട്ട കോട്ടയത്തിന് പകരമായി കേരള കോണ്‍ഗ്രസില്‍ നിന്നും ഏറ്റുമാനൂര്‍ പിടിക്കാന്‍ കഴിഞ്ഞതാണ് ഇടതിന്റെ നേട്ടം. സുരേഷ് കുറുപ്പായിരുന്നു പോരാളി. വൈക്കം സീറ്റും സി.പി.ഐയും സംരക്ഷിച്ച് പോന്നു. ജോസ് മുന്നണി വിട്ടതോടെ കോട്ടയത്ത് അവര്‍ കാലങ്ങളായി മത്സരിച്ചു വന്നിരുന്നു അഞ്ചോളം സീറ്റുകളാണ് യു.ഡി.എഫില്‍ അധികമായി വരുന്നത്. പാലാ, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ സീറ്റുകളിലാണ് മാണി പക്ഷം കഴിഞ്ഞ വര്‍ഷം കോട്ടയത്ത് മത്സരിച്ചത്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിച്ചു. ജോസ് വിഭാഗത്തിന്റെ മുന്നണി വിടലിലൂടെ ഒഴിവരുന്ന മുഴുവന്‍ സീറ്റുകള്‍ക്കും പി.ജെ ജോസഫ് ഇപ്പോഴെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നോ രണ്ടോ സീറ്റില്‍ കൂടുതല്‍ നല്കാന് ഇടയില്ലെന്നാണ് സൂചന.
ഇടുക്കിയില്‍ ജോസഫിന് വഴങ്ങി കോട്ടയത് കൂടുതല്‍ സീറ്റ് കരസ്ഥമാക്കുകയെന്നതാണ് കോണ്‍ഗ്രസ് നീക്കം. ഇടുക്കി സീറ്റ് അവര്‍ പി.ജെ ജോസഫിന് നല്‍കിയേക്കും. ഇതോടെ കോട്ടയത്തെ സീറ്റുകളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കും യു.ഡി.എഫും തുടക്കം കുറിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമാവുന്നത് പാലാ സീറ്റിലെ ചര്‍ച്ചകളാണ്. ഇടതില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയാവും. ജോസിന് തന്നെയാണ് കൂടുതല്‍ മുന്‍ഗണ. മാണി സി കാപ്പന്റെ തീരുമാനത്തിനാണ് യു.ഡി.എഫ് കാത്തു നില്‍ക്കുന്നത്. രാജ്യസഭാ ഓഫര്‍ കാപ്പന് സ്വീകരിച്ചില്ലെങ്കില്‍ കാപ്പന്റെ നേതൃത്വത്തില്‍ എന്‍.സി.പിയിലെ ഒരുവിഭാഗം യുഡിഎഫിലേക്കും വന്നേക്കാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ കാപ്പന് തന്നെ സ്ഥാനാര്‍ത്ഥിയാവും. കാപ്പന് ഇല്ലെങ്കില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. ജോസ് സി വാഴക്കനാവും സ്ഥാനാര്‍ത്ഥി.
പൂഞ്ഞാറും ഇടത് മുന്നണിയില്‍ കേരള കോണ്‍ഗ്രസ് ജോസ് പക്ഷമാവും സ്ഥാനാര്‍ത്ഥി. പിസി ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനം സാധ്യമായാല്‍ അദ്ദേഹം തന്നെ പൂഞ്ഞാറില്‍ യു.ഡി.എഫിന് വേണ്ടി ജനവിധി തേടും. അതുണ്ടായില്ലെങ്കില്‍ ഈ സീറ്റും കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യത കൂടുതലാണ്. മുന്‍ ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയുടെ പേരിനാണ് യുഡിഎഫില്‍ സാധ്യത കൂടുതല്‍.
പൂഞ്ഞാര്‍ സീറ്റിന് വേണ്ടി പിജെ ജോസഫ് വിഭാഗവും ശക്തമായി വാദിക്കുന്നുണ്ട്. സജി മഞ്ഞക്കടമ്പന് വേണ്ടിയാണ് ജോസഫ് പക്ഷം സീറ്റ് ചോദിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന് തന്നെയാണ് മൂന്‍തൂക്കം കല്‍പ്പിക്കുന്നത്. സി.എഫിന്റെ മകള്‍ സിനി, വി.ജെ ലാലി, മുനിസിപ്പല്‍ ചെയര്‍മാനും സി.എഫിന്റെ സഹോദരനുമായ സാജന് ഫ്രാന്‍സിസ് എന്നീ പേരുകളാണ് പരിഗണനയില്‍.
സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ മുന്‍ മന്ത്രി കെസി ജോസഫിന് നറുക്ക് വീഴും. വര്‍ഷങ്ങലായി ഇരിക്കൂറില്‍ മത്സരിക്കുന്ന അദ്ദേഹത്തിന് അവിടെ നിന്ന് മാറി കോട്ടയത്തേക്ക് വരണമെന്നുണ്ട്. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റിയന് എന്നീ പേരുകളും പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ഏറ്റൂമാനൂരിനായി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സജീവമായി രംഗത്തുണ്ടും. ജോസഫ് വിഭാഗത്തില്‍ നിന്ന് യൂത്ത് ഫ്രണ്ട് മുന്‍ പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ്, ജോസ്മോന് മുണ്ടയ്ക്കല്‍ എന്നീ പേരുകള്‍ വരാനാണ് സാധ്യത. സീറ്റ് കോണ്‍ഗ്രസിനാണെങ്കില്‍ മഹിളാ നേതാവ് ലതിക സുഭാഷിനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
കടുത്തുരുത്തിയില്‍ മറ്റ് തര്‍ക്കങ്ങള്‍ ഒന്നും ഉണ്ടാവാന്‍ വഴിയില്ല. മോന്‍സ് ജോസഫ് തന്നെ വീണ്ടും യുഡിഎഫിനായി മത്സരിക്കും. എല്‍ഡിഎഫില്‍ കഴിഞ്ഞ തവണ മത്സരിച്ച സ്കറിയ തോമസ് വിഭാഗത്തിന് പകരം ജോസ് പക്ഷത്തിന് സീറ്റ് കിട്ടും. ജോസ് കെ മാണിയുടെ പേര് ഇവിടെക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം പാലായില്‍ തന്നെ മത്സരിക്കാനാണ് സാധ്യത. അങ്ങനെയങ്കില്‍ നറുക്ക് സ്റ്റീഫന്‍ ജോര്‍ജിന് വീഴും. നിലവില്‍ കോട്ടയം ജില്ലയില്‍ പുതുപ്പള്ളി, കോട്ടയം എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തന്നെ ഈ സീറ്റുകളില്‍ ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാവും. ശേഷിക്കുന്ന 7 സീറ്റുകളില്‍ 4 എണ്ണം കൂടി സ്വന്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. കാപ്പനില്ലെങ്കില്‍ പാലായും കോണ്‍ഗ്രസ് അക്കൗണ്ടിലാവും.