കോട്ടയം: മധ്യകേരളത്തിലെ രാഷ്ട്രീയം ഇത്തവണ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. തദ്ദേശനിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏത് മുന്നണിയാണ് നേട്ടമുണ്ടാക്കുക എന്നാണ് അറിയേണ്ടത്. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലെത്തിയത് മുന്നണിക്ക് നേട്ടമാകുമോ. ജോസ് പക്ഷം പോയാലും തങ്ങള്‍ക്ക് കുഴപ്പമില്ലെന്ന യുഡിഎഫിന്റെ വാദം എത്രത്തോളം ശരിയാകും. ഇതെല്ലാം അറിയാന്‍ കൂടുതല്‍ കാലം ഇനി കാത്തിരിക്കേണ്ടതില്ല.

എന്നാല്‍ ഒരു കക്ഷി കൂടി എത്തിയതോടെ എല്‍ഡിഎഫില്‍ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു എന്നാണ് സൂചന. ചിലയിടങ്ങളില്‍ ആവശ്യപ്പെട്ട സീറ്റുകള്‍ കിട്ടാത്തത് ജോസ് പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോട്ടയത്തെ സീറ്റ് വിഭജന വിവരങ്ങള്‍ വന്‍ പൊട്ടിത്തെറിയിലേക്ക് പോവുകയാണെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലം പാലാ ആയിരിക്കും. മണ്ഡലം വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പനും പാലാ തിരിച്ചുകിട്ടണമെന്ന് ജോസ് കെ മാണിയും ആവശ്യപ്പെടുന്നു. ഇത് ഒരുപക്ഷേ എല്‍ഡിഎഫില്‍ വന്‍ പൊട്ടിത്തെറിയിലേക്ക് നയിക്കാനാണ് സാധ്യത. ഈ അവസരം നോക്കി നില്‍ക്കുകയാണ് യുഡിഎഫ്.

നിയമസഭാ സീറ്റിന്റെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാം. ആദ്യം തദ്ദേശ വാര്‍ഡ് വിഭജനം നടക്കട്ടെ എന്നാണ് സിപിഎം നിലപാട്. പാലാ ചര്‍ച്ച ചെയ്ത് മുന്നണിയിലെ ഐക്യം കളയേണ്ട എന്നും സിപിഎം കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എല്ലാ മുന്നണികളും സീറ്റ് ഉറപ്പിക്കാനുള്ള ഓട്ടം തുടങ്ങിയിട്ടുണ്ട്. സീറ്റ് ചര്‍ച്ചകളില്‍ കൂടുതല്‍ സമയം കളയാനില്ല. സീറ്റുകള്‍ ഉറപ്പിച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങേണ്ടതുണ്ട്. അടുത്ത മാസം ആദ്യ പകുതിയില്‍ വോട്ടെടുപ്പുകളെല്ലാം അവസാനിക്കും. ഈ വേളയിലാണ് ഇതുവരെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടാല്ലാത്ത അവസ്ഥ. ഒരാഴ്ചക്കുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന് എല്‍ഡിഎഫ് ചെയര്‍മാന്‍ സികെ ശശിധരന്‍ പറയുന്നു.
കോട്ടയത്തെ പല പഞ്ചായത്തുകളിലും സിപിഎംകേരള കോണ്‍ഗ്രസ് (എം) കക്ഷികള്‍ക്കിടയില്‍ സീറ്റ് വിഭജനം വലിയ പ്രശ്‌നമായിട്ടുണ്ട്. കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ കലഹം മൂര്‍ച്ചിച്ചു. ആവശ്യപ്പെട്ട സീറ്റുകള്‍ തന്നില്ലെങ്കില്‍ മല്‍സര രംഗത്ത് നിന്നു വിട്ടുനില്‍ക്കുമെന്ന് വരെ ജോസ് പക്ഷം ഭീഷണി മുഴക്കിയിരിക്കുകയാണ്. 2015ല്‍ മല്‍സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണയും വേണമെന്ന് സിപിഐ ആവശ്യപ്പെടുന്നു. അന്ന് 108 വാര്‍ഡുകളിലാണ് സിപിഐ മല്‍സരിച്ചിരുന്നത്. എന്നാല്‍ ജോസ് പക്ഷത്തിന്റെ വരവോടെ സീറ്റുകള്‍ പങ്കുവയ്ക്കുമ്പോള്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരാഴ്ച്ചക്കകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന് എല്‍ഡിഎഫ് പറയുന്നു.
കഷ്ടിച്ച് ഒരു മാസമാണ് എല്ലാ പാര്‍ട്ടികള്‍ക്കും മുന്നില്‍ ഇനിയുള്ളത്. വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ എല്ലാ പാര്‍ട്ടികളും വേഗത കൂട്ടിയിരിക്കുകയാണ്. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചുകഴിഞ്ഞവര്‍ പ്രചാരണം തുടങ്ങി കഴിഞ്ഞു. വാര്‍ഡുകളിലെ മുതിര്‍ന്ന വ്യക്തികളെയും പ്രധാന കുടുംബങ്ങളെയും കാണുന്നത് തുടരുകയാണ്. പ്രചാരണ ബോര്‍ഡുകള്‍ ചിലയിടത്ത് പൊങ്ങിയിട്ടുണ്ട്.
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ മല്‍സരിച്ച സീറ്റുകളെല്ലാം വേണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ ജോസ് പക്ഷം മുന്നണി മാറിയ സാഹചര്യത്തില്‍ അവര്‍ മല്‍സരിച്ചിരുന്ന വാര്‍ഡുകള്‍ എല്ലാം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യ്ക്തമാക്കി. മണ്ഡലംതല ചര്‍ച്ചകള്‍ യുഡിഎഫില്‍ പൂര്‍ത്തിയായി വരികയാണ്. സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളവരോട് പ്രചാരണം തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, പിജെ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം ചര്‍ച്ചകളില്‍ വേണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം.
16 പഞ്ചായത്തുകളില്‍ ഭരണം നേടുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ രംഗത്തിറങ്ങുന്നത്. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിക്കുക എന്ന് എന്‍ഡിഎ ചെയര്‍മാന്‍ നോബിള്‍ മാത്യു പറഞ്ഞു. അതേസമയം, മുന്നണിയിലുണ്ടായിരുന്ന പിസി തോമസ് യുഡിഎഫിലെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നു എന്ന സൂചനയും വന്നുകഴിഞ്ഞു. പിസി തോമസിന് എന്‍ഡിഎ ബന്ധം ഒഴിവാക്കണമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്. യുഡിഎഫില്‍ ചേരണമെന്നാണ് ആഗ്രഹം. എന്നാല്‍ പിജെ ജോസഫിന്റെ ഗ്രൂപ്പില്‍ ലയിച്ചാല്‍ മുന്നണിയിലെടുക്കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ച ഉപാധി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് പിസി തോമസ് പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാനാണ് പിജെ ജോസഫ് പക്ഷത്തിന്റെ ശ്രമം. അതുവഴി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്താമെന്ന് പാര്‍ട്ടി കണക്കു കൂട്ടുന്നു. അതേസമയം, ജോസ് പക്ഷം ഒഴിഞ്ഞുപോയ സാഹചര്യത്തില്‍ അധികം വന്ന സീറ്റുകള്‍ പങ്കുവയ്ക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ് ഐ, എ ഗ്രൂപ്പുകള്‍ക്കിടയിലും തര്‍ക്കമുണ്ട്.