ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിന് നേര്‍ക്ക് ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തിയ വിമത നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് കൂടിക്കാഴ് നടത്തും. തിരഞ്ഞെടുപ്പ് തോല്‍വികള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഓഗസ്റ്റിലാണ് കോണ്‍ഗ്രസിലെ 23 പ്രമുഖ നേതാക്കള്‍ ചേര്‍ന്ന് നേതൃത്വത്തിന് കത്തയച്ചത്. പാര്‍ട്ടിയെ നവീകരിക്കണമെന്നും നേതൃത്വത്തില്‍ കാര്യമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും വ്യക്തമാക്കിയതാണ് കപില്‍ സിബല്‍ അടക്കമുളള നേതാക്കള്‍ ചേര്‍ന്ന് സോണിയാ ഗാന്ധിക്ക് കത്തയച്ചത്.

10 ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വീട്ടില്‍ വെച്ചാണ് നേതാക്കളുമായുളള കൂടിക്കാഴ്ച. യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാ നേതാക്കള്‍ക്കും കൊവിഡ് പരിശോധന നടത്തും. ഒരാഴ്ച മുന്‍പാണ് വിമത നേതാക്കളുമായി ചര്‍ച്ച നടത്താനുളള തീരുമാനം സോണിയാ ഗാന്ധി കൈക്കൊണ്ടത്. നേതാക്കളുടെ കത്തിന് പിറകെ പാര്‍ട്ടിയിലെ സോണിയ പക്ഷം കപില്‍ സിബലിനും കൂട്ടര്‍ക്കുമെതിരെ രംഗത്ത് വന്നിരുന്നു. വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കളെ നേതൃത്വം അവഗണിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അടുത്തിടെ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ബീഹാറിലും വന്‍ തോല്‍വി കോണ്‍ഗ്രസ് നേരിട്ടതോടെയാണ് വിമതരെ കേള്‍ക്കാന്‍ സോണിയാ ഗാന്ധി തയ്യാറായിരിക്കുന്നത്. 23 വിമത നേതാക്കളില്‍ ചിലര്‍ മാത്രമാണ് പ്രതിനിധികളായി സോണിയയെ കാണുക. രാജ്യസഭാ എംപിമാരായ ആനന്ദ് ശര്‍മ്മ, ലോക്‌സഭാ എംപിയായ ശശി തരൂര്‍, മനീഷ് തിവാരി, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ സംഘത്തിലുണ്ടായേക്കും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന കാര്യം ശശി തരൂര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കത്തെഴുതിയ നേതാക്കളില്‍ പ്രമുഖനായ കപില്‍ സിബല്‍ വിദേശ യാത്രയിലായിരിക്കും എന്നതിനാല്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കില്ല. സോണിയാ ഗാന്ധിയെ കൂടാതെ കമല്‍നാഥ്, പി ചിദംബരം എന്നിവരും യോഗത്തില്‍ പങ്കെടുക്കും. മന്‍മോഹന്‍ സിംഗ്, കെസി വേണുഗോപാല്‍, അശോക് ഗെഹ്ലോട്ട്, എകെ ആന്റണി, പ്രിയങ്ക ഗാന്ധി എന്നിവരും പങ്കെടുക്കും. അതേസമയം രാഹുല്‍ ഗാന്ധി യോഗത്തിനെത്തുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.