ബീജിങ്: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് ഷീ ജിന്‍ പിംഗിനെതിരെ വിമര്‍ശനം ഉന്നയിച്ച വ്യവസായിക്ക് 18 വര്‍ഷം തടവ് ശിക്ഷ. ചൈനയിലെ കോടീശ്വരനായ റെന്‍ ഷിന്‍ക്വിയാങിനെയാണ് നിരവധി അഴിമതി കുറ്റങ്ങള്‍ ചുമത്തി ചൈന ജയിലില്‍ അടച്ചത്.

ചൈനീസ് അധികൃതര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഷീ ജിന്‍ പിംഗിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച വ്യക്തിയായിരുന്നു റെന്‍. ഈ വര്‍ഷം മാര്‍ച്ചിലാണ് റെന്‍ ഷീ ജിന്‍ പിംഗിനെ വിമര്‍ശിച്ചു കൊണ്ട് ഒരു ലേഖനം എഴുതിയത്. ഈ ലേഖനത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തേക്കാള്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം തന്റെ ഈ ലേഖനത്തില്‍ വിമര്‍ശിച്ചത്. പിന്നാലെ തന്നെ റെനിന്റെ ലേഖനം വിവാദമാകുകയും ഇദ്ദേഹത്തെ കാണാതാവുകയുമുണ്ടായി.
അതിന് ശേഷമാണ് ഇദ്ദേഹത്തിനെതിരെ അഴിമതി കേസുകള്‍ ചുമത്തപ്പെടുന്നത്. ചൈനയുടെ പൊതുഫണ്ടില്‍ നിന്നും 16.3 മില്യണ്‍ ഡോളര്‍ അപഹരിച്ചു, കൈക്കൂലി സ്വീകരിച്ചു, അധികാര ദുര്‍വിനിയോഗം നടത്തി എന്നീ കുറ്റങ്ങളാണ് നിലവില്‍ റെനിനെതിരെ ചുമത്തിയിരിക്കുന്നത്. എന്തായാലും 18 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പുറമെ 6,20,000 ഡോളര്‍ പിഴയും കോടതി റെനിന് വിധിക്കുകയുണ്ടായി.