മുംബൈ: ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന നെറ്റ്ഫ്ലിക്സ് ഷോയ്ക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ബി.ജെ.പി നേതാക്കളും രംഗത്ത്. എ സ്യൂട്ടബിള്‍ ബോയ് ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണമുന്നയിച്ച് സോഷ്യല്‍ മീഡിയയിലും ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞിട്ടുണ്ട്. ഷോ മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണം.
പ്രശസ്ത സംവിധായികയായ മീരാ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഷോയ്ക്കെതിരെയാണ് പ്രതിഷേധം കടുക്കുന്നത്. രാജ്യത്ത് ലൗ ജിഹാദ് സംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമാകുന്നതിനിടെയാണ് ലൗ ജിഹാദിന്റെ പേരില്‍ ഷോ വിമര്‍ശിക്കപ്പെടുന്നത്. ബിജെപി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോട്ടം മിശ്രയും ഒടിടി പ്ലാറ്റ്ഫോമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
റീവയില്‍ ഷോയ്ക്കെതിരെ പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണിത്. സംഭവത്തില്‍ നെറ്റ്ഫ്ലിക്സിനും ഷോയുടെ നിര്‍മാതാവിനും സംവിധായികയ്ക്കും എതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികൃതരോട് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുമത വിശ്വാസിയായ നായിക ക്ഷേത്ര പരിസരത്ത് വെച്ച് അന്യമതത്തില്‍പ്പെട്ട തന്റെ കാമുകനെ ചുംബിക്കുന്ന സീനാണ് വിവാദത്തിനാധാരം. ഇതോടെ വിവാദ രംഗത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സീനിനെതിരെ വിമര്‍ശനമുന്നയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഈ ചുംബന രംഗം മുസ്ലിം പള്ളിക്കുള്ളില്‍ വച്ചായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് വിമര്‍ശകരില്‍ നിന്ന് ഉയരുന്നത്.
ബി.ജെ.പി നേതാവായ ഗൗരവ് തിവാരിയാണ് ആദ്യം നെറ്റ്ഫ്ലിക്സ് ഷോയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതോടെയാണ് ഷോയ്ക്കെതിരായ പ്രതിഷേധവും ശക്തമാകുന്നത്. ക്ഷേത്രത്തിനുള്ളില്‍ വെച്ച് ഇത്തരത്തില്‍ ചുംബന രംഗം ചിത്രീകരിച്ച സംഭവത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച ബിജെപി നേതാവ് ഷോയുടെ അണിപ്രവര്ത്തകരെ കണക്കറ്റ് വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ഷോയ്ക്കെതിരെ മധ്യപ്രദേശ് പോലീസില്‍ തിവാരി പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരാതിയില്‍ പോലീസ് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Boycott Netflix എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണ ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട്. നെറ്റ് പ്രദര്‍ശിപ്പിക്കുന്നത് ഇന്ത്യന്‍ സംസ്കാരമല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. തനിഷ്ക് ജ്വല്ലറിയുടെ ഹിന്ദു മുസ്ലിം ഐക്യം കാണിക്കുന്ന പരസ്യവും നേരത്തെ വിവാദമായിരുന്നു. ഇതോടെ തനിഷ്ക് പ്രസ്തുത പരസ്യം പിന്‍വലിക്കുകയായിരുന്നു. ഷോ ലൌ ജിഹാദിനെ പിന്തുണയക്കുന്നതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മധ്യപ്രദേശില്‍ ലൌ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി മിശ്ര വ്യക്തമാക്കിയിരുന്നു.
നെറ്റ്ഫ്ലിക്സ് ഷോയിലെ ക്ഷേത്രത്തില്‍ വെച്ച് ചിത്രീകരിച്ച ഷോയുമായി ബന്ധപ്പെട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണെമന്നാവശ്യപ്പെട്ട് ബിജെപി വക്താവ് ഗൗരവ് ഗോയലും രംഗത്തെത്തിയിട്ടുണ്ട്. ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോം മനപ്പൂര്‍വ്വം ഹിന്ദു ദൈവങ്ങളെയോ ദേവിമാരെയോ അപമാനിച്ചാല്‍ ലോക്കല്‍ പോലീസിലോ ലോക്കല്‍ കോടതിയിലോ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം പരാതി നല്‍കാനും അദ്ദേഹം ആവശ്യപ്പട്ടിട്ടുണ്ട്. അത്തരം കുറ്റവാളികളെ നിയമം കൈകാര്യം ചെയ്യും. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ തന്നെ ബന്ധപ്പെടാനും അദ്ദേഹം ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.
വിക്രം സേത്തിന്റെ നോവലായ എ സ്യൂട്ടബിള്‍ ബോയിയുടെ ചലച്ചിത്രാവിഷ്കാരമാണ് മിരാ നായര്‍ സംവിധാനം നിര്‍വ്വഹിച്ച എ സ്യൂട്ടബിള്‍ ബോയ് എന്ന നെറ്റ്ഫ്ലിക്സ് ഷോ. ഒക്ടോബര്‍ 23നാണ് നെറ്റ്ഫ്ലിക്സില്‍ ഷോ പുറത്തിറങ്ങുന്നത്. ഇഷാന് ഖട്ടര്‍, തബു, ടാന്യ മണികട്ല, രസിക ദുഗല്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായെത്തുന്നത്. ആറ് എപ്പിസോഡുകളുള്ള സിരീസ് സ്വതന്ത്ര ഇന്ത്യയില്‍ രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് അനുയോജ്യനായ വരനെ തേടുന്നതും അത് സംബന്ധിച്ച സംഭവങ്ങളുമാണ് ഷോയിലുള്ളത്.