THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, December 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ജനകീയ അടിത്തറ ശക്തമാക്കാന്‍ യു.ഡി.എഫ് നീക്കങ്ങള്‍; ജോസിന് പകരം കൂടുതല്‍ പാര്‍ട്ടികള്‍ മുന്നണിയിലേയ്ക്ക്‌

ജനകീയ അടിത്തറ ശക്തമാക്കാന്‍ യു.ഡി.എഫ് നീക്കങ്ങള്‍; ജോസിന് പകരം കൂടുതല്‍ പാര്‍ട്ടികള്‍ മുന്നണിയിലേയ്ക്ക്‌

കോട്ടയം: തദ്ദേശനിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി യു.ഡി.എഫ് ശക്തമാക്കുകയാണ്. കൂടുതല്‍ പാര്‍ട്ടികള്‍ യു.ഡി.എഫില്‍ ചേരാന്‍ ആലോചന തുടങ്ങി. ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫിലെത്തിയതിന് പകരമായി ഈ കക്ഷികളുടെ വരവ് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. വെള്ളാഴ്ച യു.ഡി.എഫ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. കാര്യമായ എതിര്‍പ്പ് ഒരു നേതാക്കളും ഉന്നയിച്ചില്ല. കൂടുതല്‍ കക്ഷികള്‍ മുന്നണിയിലെത്തുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് യുഡിഎഫ് വിലയിരുത്തി. മൂന്ന് കക്ഷികളാണ് യു.ഡി.എഫിലെത്തുക എന്നാണ് വിവരം. കൂടാതെ ചില ധാരണകള്‍ക്കും ശ്രമം നടക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ വരും തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ നേട്ടമാകും.

adpost

കേരള കോണ്‍ഗ്രസ് എം യു.ഡി.എഫ് വിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം വേറിട്ട ചില നീക്കങ്ങള്‍ നടത്തുന്നത്. കൂടുതല്‍ ചെറുകക്ഷികളെ മുന്നണിയിലെത്തിക്കാനാണ് ആലോചന. ഈ കക്ഷികള്‍ യു.ഡി.എഫില്‍ അംഗമാകുന്നത് സംബന്ധിച്ച് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരുടെ വരവ് മധ്യകേരളത്തില്‍ മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗമാണ് യു.ഡി.എഫിലെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഒരു കക്ഷി. ഇവര്‍ നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണ്. എന്‍ഡിഎയില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് പി.സി തോമസിന്റെ നിലപാട്. തുടര്‍ന്നാണ് മുന്നണി മാറുന്ന കാര്യം ആലോചിക്കുന്നത്.

adpost

യു.ഡി.എഫില്‍ ചേരാനുള്ള താല്‍പ്പര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെ പിസി തോമസ് അറിയിച്ചു. വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. മുന്നണിയിലെടുക്കാമെന്നാണ് യോഗത്തിലെ പൊതുവികാരം. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്‍.ഡി.എയില്‍ നിന്ന് അവഗണന നേരിടുന്നു എന്ന് പി.സി തോമസ് പറയുന്നു. അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പിസി തോമസ് വിഭാഗത്തിന്റെ അഭിപ്രായം. പല ബോര്‍ഡ്, കോര്‍പറേഷന്‍ ഭാരവാഹിത്വം നല്‍കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. തുടര്‍ന്നാണ് ഇനിയും എന്‍.ഡി.എയില്‍ നില്‍ക്കേണ്ട എന്ന് തീരുമാനിച്ചത്.

അര്‍ഹമായ പരിഗണന വേണമെന്നാവശ്യപ്പെട്ട് പി.സി തോമസ് വിഭാഗം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സംസ്ഥാന നേതാക്കള്‍ക്ക് വലിയ റോളില്ല. പക്ഷേ പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ മുന്നണി വിടാം എന്നാണ് പി.സി തോമസ് വിഭാഗത്തിലെ ധാരണ. യു.ഡി.എഫിന്റെ ഭാഗമാകാന്‍ കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജും ശ്രമം തുടങ്ങി. നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ല പിസി ജോര്‍ജ്. തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫില്‍ ചേരാന്‍ പി.സി ജോര്‍ജ് ആഗ്രഹിക്കുന്നു. ഇക്കാര്യം യു.ഡി.എഫ് നേതാക്കളെ അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ചത്തെ യോഗം വിഷയം ചര്‍ച്ച ചെയ്തു.

യു.ഡി.എഫുമായി സഹകരിക്കാമെന്നാണ് ജനപക്ഷത്തിലെ മിക്ക പ്രവര്‍ത്തകരുടെയും അഭിപ്രായം. വിഷയത്തില്‍ പ്രവര്‍ത്തകരുടെ അഭിപ്രായം പി.സി ജോര്‍ജ് നേരത്തെ തേടിയിരുന്നു. എന്‍ഡിഎയില്‍ ചേരാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ പേര്‍ യുഡിഎഫിനൊപ്പം നില്‍ക്കാമെന്നാണ് പറഞ്ഞതത്രെ.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി യു.ഡി.എഫിലെ പ്രമുഖരായ നേതാക്കളെ പിസി ജോര്‍ജ് താല്‍പ്പര്യം അറിയിച്ചു. പല കക്ഷികളുമായും ബന്ധം സ്ഥാപിച്ച പി.സി ജോര്‍ജിനെ ഇനിയും മുന്നണിയിലേക്ക് കൊണ്ടുവന്നാല്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും യു.ഡി.എഫ് നേതാക്കള്‍ക്കുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കോട്ടയത്തും മറ്റു ജനപക്ഷം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, യു.ഡി.എഫുമായി ധാരണയുണ്ടാക്കിയാല്‍ ചില സ്ഥാനാര്‍ഥികളെ പിന്‍വലിക്കും. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നും പി.സി ജോര്‍ജ് പറയുന്നു.

അതേസമയം, പാലാ മണ്ഡലത്തിന്റെ കാര്യത്തില്‍ എല്‍.ഡി.എഫില്‍ ഉടക്കി നില്‍ക്കുകയാണ് മാണി സി കാപ്പന്‍. പാലാ മണ്ഡലം ജോസ് കെ മാണിക്ക് നല്‍കിയാല്‍ അദ്ദേഹം യു.ഡി.എഫ് വിടാന്‍ സാധ്യതയേറെയാണ്. മാണി സി കാപ്പനും യുഡിഎഫ് നേതാക്കളുമായി സംസാരിച്ചു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ എന്‍.സി.പിയിലെ ശശീന്ദ്രന്‍ വിഭാഗം എല്‍.ഡി.എഫ് വിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പി.സി ജോര്‍ജ്, പി.സി തോമസ്, മാണി സി കാപ്പന്‍ എന്നിവരെ കൂടെ നിര്‍ത്തിയാല്‍ മധ്യ കേരളത്തില്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ പൊതുവികാരം. അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കി മലബാറില്‍ ശക്തി വര്‍ധിപ്പിക്കാമെന്നും യുഡിഎഫ് കരുതുന്നു. ഇതോടെ വന്‍ ഒരുക്കമാണ് യു.ഡി.എഫ് തദ്ദേശനിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com