കോട്ടയം; കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശം മധ്യതിരുവിതാംകൂറിലുള്‍പ്പെടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തല്‍ യുഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെ ജോസിന്റെ അഭാവം സൃഷ്ടിച്ച ക്ഷീണം പരിഹരിക്കുകയാണ് യുഡിഎഫിനെ മുന്നിലെ പ്രധാന വെല്ലുവിളി. പരമാവധി കക്ഷികളെ യുഡിഎഫിലെത്തിച്ച് ഇടത് മുന്നേറ്റത്തിന് തടയിടാനാണ് യുഡിഎഫ് നേതൃത്വം ഒരുങ്ങുന്നത്. വരും ദിവസങ്ങളില്‍ പല രാഷ്ട്രീയ അട്ടിമറികളും ഉണ്ടാകുമെന്ന സൂചനയാണ് പറത്തുവരുന്നത്.

ജോസ് കെ മാണിയുടെ വരവോടെ മധ്യകേരളം ചുവക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.കോട്ടയം ജില്ലയില്‍ സമാഗ്രാധിപത്യം ഉറപ്പിക്കാനാകുമെന്ന് പാര്‍ട്ടി കണക്കാക്കുന്നുണ്ട്. ഒപ്പം പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകളും െ്രെകസ്തവ വോട്ടുകളും സിപിഎം ലക്ഷ്യം വെയ്ക്കുന്നുണ്ട്.

അതേസമയം സീറ്റ് ചര്‍ച്ചകളില്‍ അന്തിമ ധാരണ ആയിട്ടില്ല. ജോസ് വിഭാഗത്തെ പിണക്കാതെ പരമാവധി സീറ്റുകള്‍ തര്‍ക്കങ്ങളില്ലാതെ പങ്കുവെയ്ക്കുകയെന്ന തിരുമാനത്തിലാണ് സിപിഎം. അതേസമയം എന്‍സിപിയുടെ സീറ്റായ പാലായും സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയും എല്‍ഡിഎഫിന് തലവേദനയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഇരു സീറ്റുകളും ജോസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.പാലാ ഇല്ലാതെ ചര്‍ച്ച ഇല്ലെന്ന നിലപാടാണ് ജോസ് പക്ഷത്തിന്. അതേസമയം എന്‍സി നിലപാടാകട്ടെ പാലാ വിട്ട് കൊടുത്ത് ഒു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്നതാണ്. പാലാ എംഎല്‍എ മാണി സി കാപ്പന്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ്. ഇക്കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തിലും കാപ്പന്‍ ആശങ്ക പങ്കുവെച്ചിരുന്നു.
പാലാ സീറ്റ് സംബന്ധിച്ച് എന്തെങ്കിലും ധാരണകള്‍ ആയെങ്കില്‍ അറിയിക്കണമെന്നായിരുന്നു കാപ്പന്‍ പറഞ്ഞത്. എന്നാല്‍ സീറ്റ് ചര്‍ച്ചകള്‍ പിന്നീട് മതിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞത്. പാലാ വിട്ട് നല്‍കാന്‍ സിപിഎം ആവശ്യപ്പെടില്ലെന്ന് മാണി സി കാപ്പന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍ എന്ന് പകല്‍ പോലെവ്യക്തം.
കാപ്പന്‍ ഇടഞ്ഞാലും പാലാ സീറ്റ് വിട്ട് കൊടുക്കാന്‍ തന്നെയാണ് നിലവില്‍ സിപിഎം ആലോചന. സീറ്റിനെ ചൊല്ലി കാപ്പന്‍ മുന്നണി വിടുകയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാകില്ലെന്ന് സിപിഎം കരുതുന്നു.ഇതോടെ കാപ്പനേയും ഒരു വിഭാഗം എന്‍സിപി നേതാക്കളേയും മുന്നണിയിലെത്തിക്കാനാണ് യുഡിഎഫ് നീക്കം.
എല്‍ഡിഎഫ് വിട്ടാല്‍ എന്‍സിപിയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. എന്നാല്‍ ആദ്യം നിലപാടെടുക്കേണ്ടത് അവരാണെന്നും ഹസന്‍ വ്യക്തമാക്കി. ഇടതുമുന്നണി വിട്ടെത്തുന്ന എന്‍സിപിയെ ഘടകകക്ഷിയാക്കാനാണ് യുഡിഎഫ് ആലോചന. ഒപ്പം പാലാ സീറ്റില്‍ മാണി സി കാപ്പനെ തന്നെ മത്സരിപ്പിക്കാനും.
പാലാ ജോസിന് വിട്ട് നല്‍കിയാല്‍ ജോസ് തന്നെയാകും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി. നിലവിലെ സാഹചര്യത്തില്‍ ജോസിനെതിരെ മത്സരിപ്പിക്കാന്‍ പോന്നൊരു എതിരാളിയെ കണ്ടെത്തുകയ പിജെ ജോസഫിനും കോണ്‍ഗ്രസിനും എളുപ്പമല്ല. ഇതോടെയാണ് ആലോചനകള്‍ കാപ്പനില്‍ ചെന്ന് അവസാനിച്ചിരിക്കുന്നത്.
അതേസമയം കാപ്പന്‍ എല്‍ഡിഎഫുമായി ഇടഞ്ഞാലും മന്ത്രി എകെ.ശശീന്ദ്രന്റെ നിലപാട് നിര്‍ണായകമാണ്. മുന്നണി വിടാന്‍ ശശീന്ദ്രന് താത്പര്യമില്ല. അതിനിടെ പാലാ സംബന്ധിച്ച ചര്‍ച്ചയ്ക്ക് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനെയും കാപ്പനെയും മുംബൈയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. അതേസമയം കാപ്പന്‍ എത്തിയില്ലേങ്കില്‍ മറ്റൊരു സാധ്യത പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ആണ്. യുഡിഎഫില്‍ ചേരാനുളള താല്‍പര്യം പിസി ജോര്‍ജ്ജ് പല തവണ പരസ്യമാക്കിക്കഴിഞ്ഞു.അനൗദ്യോഗികമായി കോണ്‍ഗ്രസ് സംസ്ഥാന തല നേതാക്കളുമായും പ്രദേശിക നേതാക്കളുമായും പിസി ജോര്‍ജ്ജ് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും പിസി ജോര്‍ജ്ജ് വരുന്നതിനോട് യോജിപ്പാണുളളത്.എന്നാല്‍ എ വിഭാഗത്തിന് ജോര്‍ജ്ജിന്റെ വരവില്‍ താത്പര്യമില്ല.മാത്രമല്ല ജില്ലാ നേതൃത്വവും ശക്തമായ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ സീറ്റ് മുസ്ലീം ലീഗിന് നല്‍കിയേക്കും.
പൂഞ്ഞാര്‍ മുസ്ലീം ലീഗിന് നല്‍കിയേക്കും. മലബാറിന് പുറത്ത് സീറ്റുകള്‍ വേണമെന്ന ആവശ്യം ലീഗ് മുന്നോട്ട് വെച്ചിട്ടുണ്ട്. പൂഞ്ഞാറിനായി ലീഗ് അവകാശവാദം ഉന്നയിക്കുന്നുണ്ട്.ഈരാറ്റുപേട്ട മുസ്ലൂം ഭൂരിപക്ഷ മേഖലയാണെന്നതിനാലാണ് ഉത്. ലീഗിന്റെ ഈ ആവശ്യത്തോട് കോണ്‍ഗ്രസിനും അനുകൂല നിലപാടാണ്.